കോഹ്ലിക്ക് 29 പന്തിൽ അർധ സെഞ്ച്വറി, രോഹിത് ഗോൾഡൻ ഡക്ക്; കേരള നിരയിൽ ഇന്നും സഞ്ജുവില്ല, മൂന്നു വിക്കറ്റ് നഷ്ടം
text_fieldsബംഗളൂരു: ഇടവേളക്കുശേഷം ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്‍റായ വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ച്വറിയുമായി മടങ്ങിയെത്തിയ ഇന്ത്യൻ മുൻ നായകൻ രോഹിത് ശർമക്ക് രണ്ടാം മത്സരത്തിൽ അടിതെറ്റി! ഉത്തരാഖണ്ഡിനെതിരായ മത്സരത്തിൽ താരം നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി.
സൂപ്പർ താരം വിരാട് കോഹ്ലി തകർപ്പൻ അർധ സെഞ്ച്വറി നേടിയാണ് പുറത്തായത്. ഗുജറാത്തിനെതിരെ കോഹ്ലി 61 പന്തിൽ ഒരു സിക്സും 13 ഫോറുമടക്കം 77 റൺസെടുത്തു. വിശാൽ ജയ്സ്വാളിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ഉർവിൽ പട്ടേൽ സ്റ്റമ്പ് ചെയ്താണ് താരത്തെ പുറത്താക്കിയത്. ഏകദിന ഫോർമാറ്റിൽ തുടർച്ചയായി ആറാം തവണയാണ് താരം 50 പ്ലസ് സ്കോർ നേടുന്നത്. ആന്ധ്രപ്രദേശിനെതിരായ ആദ്യ മത്സരത്തിൽ 101 പന്തുകൾ നേരിട്ട കോഹ്‌ലി 14 ഫോറും മൂന്നു സിക്സും ഉൾപ്പടെ 131 റൺസെടുത്തിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിലവിൽ 25 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 113 റൺസെടുത്തിട്ടുണ്ട്. പ്രിയാൻഷ് ആര്യ (ഏഴു പന്തിൽ ഒന്ന്), അർപിത് റാണ (31 പന്തിൽ 10), നിതീഷ് റാണ (22 പന്തിൽ 12) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ഋഷഭ് പന്ത് (19 പന്തിൽ ഏഴ്), ആയുഷ് ബദോനി (10 പന്തിൽ മൂന്ന്) എന്നിവരാണ് ക്രീസിലുള്ളത്.
മുംബൈക്കെതിരെ ടോസ് നേടിയ ഉത്തരാഖണ്ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ജയ്പൂരിലെ സവായ് മാൻ സിങ് സ്റ്റേഡിയത്തിൽ ആദ്യ പന്തിൽ തന്നെ സിക്സിനു ശ്രമിക്കുന്നതിനിടെയാണ് രോഹിത് പുറത്തായത്. പേസർ ദേവേന്ദ്ര സിങ് ബോറയാണ് പന്തെറിഞ്ഞത്. നാഗർകോട്ടിയുടെ കൈയിൽനിന്ന് തെന്നിപോയെങ്കിലും ഉത്തരാഖണ്ഡ് താരം പിടിച്ചെടുത്തു. കടുത്ത തണുപ്പിനെ അവഗണിച്ചും നൂറുകണക്കിന് ആരാധകരാണ്രോഹിതിന്റെ ബാറ്റിങ് കാണാൻ സ്റ്റേഡിയത്തിലെത്തിയത്. മുംബൈക്ക് വേണ്ടി 12 വർഷത്തിനുശേഷം വിജയ് ഹസാരെ ട്രോഫി കളിക്കാനിറങ്ങിയ രോഹിത്, സിക്കിമിനെതിരായ ആദ്യ മത്സരത്തിൽ 94 പന്തിൽ ഒമ്പത് സിക്സും 18 ഫോറും ഉൾപ്പെടെ 155 റൺസെടുത്താണ് പുറത്തായത്.
62 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ലിസ്റ്റ് എ ക്രിക്കറ്റിൽ താരത്തിന്‍റെ വേഗമേറിയ സെഞ്ച്വറിയാണിത്. നിലവിൽ 26 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 152 റൺസെന്ന നിലയിലാണ് മുംബൈ. സഹോദരങ്ങളായ മുഷീർ ഖാനും (56 പന്തിൽ 55) സർഫറാസ് ഖാനും (49 പന്തിൽ 55) അർധ സെഞ്ച്വറി നേടി പുറത്തായി. 13 റൺസുമായി സിദ്ദേഷ് ലാഡും ഏഴു റൺസുമായി ഹാർദിക് തമോറുമാണ് ക്രീസിൽ.
കർണാടകക്കെതിരെ കേരളം 23 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 117 റൺസെന്ന നിലയിലാണ്. രോഹൻ കുന്നുമ്മൽ (21 പന്തിൽ 12), അഭിഷേക് ജെ. നായർ (എട്ടു പന്തിൽ ഏഴ്), അഹമദ് ഇംറാൻ (പൂജ്യം) എന്നിവരാണ് പുറത്തായ താരങ്ങൾ. രണ്ടാം മത്സരത്തിലും കേരളത്തിനായി സഞ്ജു സാംസൺ കളിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

