വിജയ് ഹസാരെ ട്രോഫി: കേരളത്തിന് വിജയത്തുടക്കം
text_fieldsരാജ്കോട്ട്: ദേശീയ ഏകദിന ക്രിക്കറ്റ് ടൂർണമെൻറായ വിജയ് ഹസാരെ ട്രോഫി ടൂർണമെൻറിൽ കേരളത്തിന് വിജയത്തുടക്കം. എലീറ്റ് ഡി ഗ്രൂപ്പിൽ ചണ്ഡിഗഢിനെ ആറു വിക്കറ്റിനാണ് കേരളം തകർത്തത്. സ്കോർ: ചണ്ഡിഗഢ്: 184/8 (50), കേരളം 185/4 (34).
മൂന്നു വിക്കറ്റ് വീഴ്ത്തിയ സിജോമോൻ ജോസഫിെൻറ നേതൃത്വത്തിലുള്ള ബൗളർമാരുടെ കരുത്തിൽ ചണ്ഡിഗഢിനെ ചെറിയ സ്കോറിൽ ഒതുക്കിയ കേരളം അനായാസം ലക്ഷ്യം കാണുകയായിരുന്നു. സചിൻ ബേബി (59*) രോഹൻ കുന്നുമ്മൽ (46), വിഷ്ണു വിനോദ് (32), ക്യാപ്റ്റൻ സഞ്ജു സാംസൺ (24) എന്നിവർ തിളങ്ങി. കേരളം വ്യാഴാഴ്ച മധ്യപ്രദേശിനെ നേരിടും.
തിരുവനന്തപുരത്ത് എലീറ്റ് ബി ഗ്രൂപ്പിൽ തമിഴ്നാട്, കർണാടക, ബംഗാൾ ടീമുകൾ ജയം നേടി. കെ.സി.എ ഗ്രൗണ്ടിൽ കർണാടക 236 റൺസിന് പുതുച്ചേരിയെയും തുമ്പ സെൻറ് സേവ്യേഴ്സ് ഗ്രൗണ്ടിൽ തമിഴ്നാട് 54 റൺസിന് മുംബൈയെയും ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ബംഗാൾ 27 റൺസിന് ബറോഡയെയുമാണ് തോൽപിച്ചത്. കർണാടക 50 ഓവറിൽ ആറ് വിക്കറ്റിന് 286 റൺസ് നേടിയപ്പോൾ പുതുച്ചേരി വെറും 53 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

