തീക്കാറ്റായി വിഷ്ണു, 84 പന്തിൽ 162 റൺസ്, 14 സിക്സുകൾ; പുതുച്ചേരിക്കെതിരെ കേരളത്തിന് വമ്പൻ ജയം
text_fieldsഅഹ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വമ്പൻ ജയം. വിഷ്ണു വിനോദിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയുടെ കരുത്തിൽ പുതുച്ചേരിയെ എട്ടു വിക്കറ്റിനാണ് കേരളം തകർത്തത്. അഹ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത പുതുച്ചേരി 47.4 ഓവറിൽ 247 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിൽ കേരളം 29 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
84 പന്തുകളിൽനിന്ന് 162 റൺസെടുത്ത് വിഷ്ണു വിനോദ് പുറത്താകാതെ നിന്നു. 14 സിക്സുകളും 13 ഫോറുകളുമാണ് താരം അടിച്ചുകൂട്ടിയത്. ബാബ അപരാജിത് 69 പന്തിൽ 63 റൺസുമായി പുറത്താകാതെ മികച്ച പിന്തുണ നൽകി. ഓപ്പണർമാരായ സഞ്ജു സാംസണും (14 പന്തിൽ 11) രോഹൻ കുന്നുമ്മലും (എട്ടു പന്തിൽ എട്ട്) അതിവേഗം പുറത്തായെങ്കിലും മൂന്നാം വിക്കറ്റിൽ ബാബ അപരാജിതും വിഷ്ണു വിനോദും ക്രീസിൽ നിലയുറപ്പിച്ചതോടെ കേരളം അനായാസ ജയം നേടി. ഇരുവരും ചേർന്ന് 222 റൺസിന്റെ കൂട്ടുകെട്ടാണു പടുത്തുയർത്തിയത്.
രണ്ടു സിക്സും നാലു ഫോറുമടങ്ങുന്നതാണ് അപരാജിതിന്‍റെ ഇന്നിങ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പുതുച്ചേരിക്കായി അജയ് രൊഹേര (58 പന്തിൽ 53), ജശ്വന്ത് ശ്രീറാം (54 പന്തിൽ 57) എന്നിവർ അർധ സെഞ്ച്വറി നേടി. മറ്റു ബാറ്റർമാർക്കൊന്നും തിളങ്ങാനായില്ല. എം.ഡി. നിധീഷിന്‍റെ ബൗളിങ്ങാണ് പുതുച്ചേരിയെ പിടിച്ചുകെട്ടിയത്. എട്ടു ഓവറിൽ 41 റൺസ് വഴങ്ങി നാലു വിക്കറ്റാണ് താരം വീഴ്ത്തിയത്. ഏദന്‍ ആപ്പിൾ ടോം, അങ്കിത് ശർമ എന്നിവർ രണ്ടു വിക്കറ്റുകൾ വീതവും
ബിജു നാരായണനും ബാബ അപരാജിതും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
സിക്സർ റെക്കോഡ്
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനുവേണ്ടി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ താരമെന്ന റെക്കോഡ് വിഷ്ണു വിനോദ് വീണ്ടും തന്റെ പേരിലാക്കി. 2019ൽ ഛത്തിസ്ഗഢിനെതിരെ വിഷ്ണു സ്ഥാപിച്ച 11 സിക്‌സിന്റെ റെക്കോർഡിനൊപ്പം കഴിഞ്ഞ മത്സരത്തിൽ രോഹൻ കുന്നുമ്മൽ എത്തിയിരുന്നു. ഇതാണ് 14 സിക്സറടിച്ച് വീണ്ടും തിരുത്തിയത്.
കർണാടക, യു.പി, പഞ്ചാബ്, മുംബൈ ക്വാർട്ടറിൽ
അഹ്മദാബാദ്: വിവിധ ഗ്രൂപ്പുകളിൽനിന്നായി കർണാടക, ഉത്തർപ്രദേശ്, പഞ്ചാബ്, മുംബൈ ടീമുകൾ വിജയ് ഹസാരെ ട്രോഫി ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. എലൈറ്റ് ഗ്രൂപ്പ്-എയിൽ ആറും ജയിച്ച് 24 പോയന്റുമായാണ് കർണാടക കടന്നത്. ബി-യിൽ യു.പിക്കും 24 പോയന്റുണ്ട്. സി-യിൽ 20 പോയന്റ് വീതം നേടി പഞ്ചാബും മുംബൈയും അവസാന എട്ടിലെത്തി. എല്ലാ ടീമുകൾക്കും ഓരോ കളി ബാക്കിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

