റാഞ്ചിയിൽ ക്രിസ്‍മസ് റൺപൂരം; 50 ഓവറിൽ 574 റൺസ്; ലോകറെക്കോഡുമായി ബിഹാർ
text_fieldsവിജയ് ഹസാരെ ട്രോഫി മത്സരത്തിനിടെ ബിഹാറിന്റെ വൈഭ് സൂര്യവംശി
റാഞ്ചി: 14കാരൻ വൈഭവ് സൂര്യവംശിയിൽ തുടങ്ങിയ ക്രിസ്മസ് ആഘോഷം, മൂന്ന് സെഞ്ച്വറിയുമായി തുടർന്ന് ബിഹാറിന്റെ വെടിക്കെട്ട് പ്രകടനം. വിജയ് ഹസാരെ ട്രോഫിയുടെ ആദ്യ ദിനത്തിൽ വിരാട് കോഹ്‍ലിയും രോഹിത് ശർമയും ഉൾപ്പെടെ താരങ്ങൾ വിവിധ നഗരങ്ങളിൽ കളത്തിലിറങ്ങിയെങ്കിലും ഈ ദിനം ബിഹാറിന്റേതായി മാറി.
അരുണാചൽ പ്രദേശിനെതിരെ റാഞ്ചിയിൽ നടന്ന മത്സരത്തിൽ വൈഭവ് സൂര്യവംശിയുടെ അതിവേഗ സെഞ്ച്വറിയോടെ (84 പന്തിൽ 190 റൺസ്)യായിരുന്നു ബിഹാറിന്റെ തുടക്കം. പിന്നാലെ ക്യാപ്റ്റൻ സാകിബുൽ ഗനി (40 പന്തിൽ 128), വിക്കറ്റ് കീപ്പർ ബാറ്റർ ആയുഷ് ലോഹരുക (56 പന്തിൽ 116) എന്നിവരും തകർത്താടിയതോടെ പിറന്നത് ലിസ്റ്റ് ‘എ’ ക്രിക്കറ്റിലെ അപൂർവ റെക്കോഡ്. 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 574 റൺസുമായാണ് ബിഹാർ ആഭ്യന്തര ക്രിക്കറ്റിൽ ലോകറെക്കോഡ് കുറിച്ചത്. ഒരു ലിസ്റ്റ് ‘എ’ മാച്ചിൽ ടീമിന്റെ ഏറ്റവും ഉയർന്ന സ്കോർ ഇതോടെ ബിഹാർ സ്വന്തം പേരിൽ കുറിച്ചു.
2022ൽ തമിഴ്നാട് അരുണാചലിനെതിരെ തന്നെ നേടിയ 506 റൺസ് എന്ന റെക്കോഡാണ് ബിഹാർ തിരുത്തിയത്. രണ്ടു വിക്കറ്റ് നഷ്ടത്തിലായിരുന്നു തമിഴ്നാടിന്റെ നേട്ടം.
പവർേപ്ലയിൽ വൈഭ് സൂര്യവംശി നൽകിയ തുടക്കം പിന്നാലെ ക്രീസിലെത്തിയവരും ഏറ്റെടുത്തു. വെറും 36 പന്തിൽ സെഞ്ച്വറി തികച്ച 14കാരൻ ഒരുപിടി റെക്കോഡുകളും ഒപ്പം നേടി.
പത്ത് ബൗണ്ടറിയും എട്ട് സിക്സറുമായി 36 പന്തിൽ സെഞ്ച്വറി തികച്ച താരം ലിസ്റ്റ് ‘എ’ ക്രിക്കറ്റിൽ ഒരു ഇന്ത്യക്കാരന്റെ രണ്ടാമത്തെ അതിവേഗ ശതകമാണ് നേടിയത്. 14 വയസ്സും 272 ദിവസവും പ്രായമുള്ള വൈഭവ് ലിസ്റ്റ് ‘എ’യിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവുമായി.
ലിസ്റ്റ് ‘എ’യിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന ലോകറെക്കോഡ് സൗത് ആസ്ട്രേലിയയുടെ ജെയ്ക് ഫ്രേസറിന്റെ (29 പന്തിൽ 100) പേരിലാണ്. ഏറ്റവും വേഗതയേറിയ ഇന്ത്യക്കാരന്റെ സെഞ്ച്വറിയെന്ന റെക്കോഡ് പഞ്ചാബ് ബാറ്റർ അമോൽപ്രീത് സിങ് (35 പന്തിൽ) കഴിഞ്ഞ വർഷം കുറിച്ചിരുന്നു. ഒരു പന്ത് വ്യത്യാസത്തിലാണ് വൈഭവിന് ഈ റെക്കോഡ് നഷ്ടമായത്.
മത്സരത്തിൽ 190 റൺസ് എടുത്താണ് വൈഭവ് പുറത്തായത്. 84 പന്തിൽ 16 ബൗണ്ടറിയും 15 സിക്സറും കുഞ്ഞു താരത്തിന്റെ ബാറ്റിൽ നിന്നും പറന്നു. 54 പന്തിലായിരുന്നു വൈഭവ് 150 റൺസിലെത്തിയതും ഒരു റെക്കോഡായി. എബി ഡിവില്ലിയേഴ്സിന്റെ റെക്കോഡാണ് (64 പന്ത്) മറികടന്നത്.
മത്സരത്തിൽ വൈഭവ് 15ഉം, സാകിബുൽ ഗനി 12ഉം, ആയുഷ് എട്ടും സിക്സുകൾ നേടി. 77റൺസെടുത്ത പിയുഷ് സിങ് രണ്ട് സിക്സറും പറത്തി. മത്സരത്തിൽ ആകെ പിറന്നത് 38 സിക്സറുകൾ. 49 ബൗണ്ടറികും പിറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

