സെലക്ടർമാർ കണ്ടോളൂ... ഓപണറായി സഞ്ജുവിന് വീണ്ടും സെഞ്ച്വറി; വെടിക്കെട്ടുമായി രോഹൻ കുന്നുമ്മൽ
text_fieldsസഞ്ജു സാംസൺ
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിനായി സീസണിലെ ആദ്യമത്സരത്തിനിറങ്ങിയ ഇന്ത്യൻ താരം സഞ്ജു സാംസണിന് സെഞ്ച്വറി. ജാർഖണ്ഡിനെതിരായ മത്സരത്തിൽ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന കേരളത്തിനായി ഓപണറും ക്യാപ്റ്റനുമായ രോഹൻ എസ് കുന്നുമ്മലിനെ (124) കൂട്ടുപിടിച്ചാണ് സഞ്ജു സാംസൺ ഓപണിങ് കുപ്പായത്തിൽ വീണ്ടുമൊരു സെഞ്ച്വറി കുറിച്ചത്. മത്സത്തിൽ കേരളം എട്ടുവിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി.
ആദ്യം ബാറ്റു ചെയ്ത ജാർഖണ്ഡ് ഏഴു വിക്കറ്റ് നഷ്ടത്തിൽ 311 റൺസെടുത്തിരുന്നു. കുമാർ കുശാഗ്രയുടെ സെഞ്ച്വറി മികവിൽ (143 നോട്ടൗട്ട്) മികവിലാണ് ജാർഖണ്ഡ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. മറുപടി ബാറ്റിങ്ങിൽ കേരളം 42.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയം കണ്ടു.
സഞ്ജു സാംസണിന്റെ വരവ് ആഘോഷമാക്കികൊണ്ടായിരുന്നു കേരളം ഇന്നിങ്സ് തുടങ്ങിയത്. ഓപണിങ് വിക്കറ്റിൽ സഞ്ജുവും രോഹനും ചേർന്ന് റൺ വേട്ട തുടങ്ങി. ഒന്നാം വിക്കറ്റിൽ 212 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തിയാണ് ഇരുവരും വഴിപിരിഞ്ഞത്. 25 ഓവറിൽ സ്കോർ 200 കടത്തിയ ശേഷമാണ് രോഹൻ (124 റൺസ്) പുറത്തായത്. 78 പന്തിൽ 11 സിക്സുമായാണ് രോഹൻ കുന്നുമ്മൽ 124 റൺസടിച്ചെടുത്തത്. പിന്നാലെ, സഞ്ജു സാംസണും സെഞ്ച്വറി തികച്ചു. 95പന്തിൽ മൂന്ന് സിക്സും ഒമ്പത് ബൗണ്ടറിയുമായി സഞ്ജു 101റൺസെടുത്ത് പുറത്തായി. പിന്നാലെ,ക്രീസിലെത്തിയ ബാബ അപരാജിതും (41), വിഷ്ണു വിനോദും (40)ചേർന്ന് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചു.
ട്വന്റി20 ക്രിക്കറ്റിൽ ഓപണിങ് വേഷത്തിൽ ഇന്ത്യക്കായി കളിച്ച് സെഞ്ച്വറി നേടുന്നത് പതിവാക്കിയ സഞ്ജു സാംസൺ കേരളത്തിനായി ഏകദിനത്തിലും ഓപണിങ്ങ് റോൾ ഗംഭീരമാക്കുന്നതാണ് ശനിയാഴ്ച അഹമ്മദബാദിൽ കണ്ടത്.
ഗ്രൂപ്പ് ‘എ’യിൽ കേരളത്തിന്റെ മൂന്നാം ജയമാണിത്. അഞ്ചു മത്സരങ്ങളിൽ രണ്ട് കളിയിൽ കേരളം തോറ്റിരുന്നു. ത്രിപുര, രാജസ്ഥാൻ ടീമുകൾക്കെതിരായിരുന്നു വിജയം. മധ്യപ്രദേശിനോടും, കർണാടകയോടും തോറ്റു. മൂന്നാം ജയവുമായി പോയന്റ് പട്ടികയിലും മൂന്നാം സ്ഥാനത്തേക്ക് കയറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

