തലക്കുനേരെ രോഹിത്തിന്‍റെ ഇടിവെട്ട് ഷോട്ട്; ചാടിയൊഴിഞ്ഞ് അമ്പയർ -വിഡിയോ
text_fieldsദുബൈ: ചാമ്പ്യൻസ് ട്രോഫിയിൽ ആസ്ട്രേലിയക്കെതിരായ സെമി ഫൈനൽ മത്സരത്തിനിടെ രോഹിത്തിന്‍റെ തകർപ്പൻ ഷോട്ടിൽനിന്ന് തലവെട്ടിച്ച് ചാടിയൊഴിഞ്ഞ അംപയറിന്‍റെ വിഡിയോ വൈറലാകുന്നു. ഇന്ത്യയുടെ ഇന്നിങ്സിൽ ആറാം ഓവറിന്‍റെ അവസാന പന്തിലായിരുന്നു രസകരമായ സംഭവം. ക്രീസിൽനിന്ന് ഇറങ്ങിവന്ന രോഹിത് സ്ട്രെയിറ്റിലേക്ക് പന്ത് അടിച്ചകറ്റുകയായിരുന്നു. പവർ ഷോട്ടിൽ ഫീൽഡ് അമ്പയർ ക്രിസ് ഗഫാനിയുടെ തലക്കു നേരെയാണ് പന്ത് പറന്നത്. ചാടിയൊഴിഞ്ഞ അമ്പയറുടെയും പിന്നാലെയുള്ള രോഹിത്തിന്‍റെ റിയാക്ഷനും വൈറലായിട്ടുണ്ട്. രോഹിത്തിന്‍റെ ഭാര്യ ഋതിക സജ്ദേയുടെ ഭാവമാറ്റവും ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ട്.
അതേസമയം മത്സരത്തിൽ രണ്ട് ക്യാച്ചുകൾ ഡ്രോപ്പായിട്ടും വലിയ സ്കോർ കണ്ടെത്തുന്നതിൽ രോഹിത് പരാജയപ്പെട്ടു. രണ്ടാം ഓവറിൽ കൂപ്പർ കൊണോലിയും തൊട്ടടുത്ത ഓവറിൽ മാർനസ് ലബൂഷെയ്നുമാണ് ഇന്ത്യൻ നായകനെ കൈവിട്ടത്. ഒടുവിൽ എട്ടാം ഓവറിൽ കൊണോലി തന്നെ രോഹിത്തിനെ വിക്കറ്റിനു മുന്നിൽ കുരുക്കി. ഇന്ത്യ റിവ്യൂ എടുത്തെങ്കിലും തേഡ് അമ്പയറും ഔട്ട് വിധിക്കുകയായിരുന്നു. 29 പന്തിൽ മൂന്ന് ഫോറും ഒരു സിക്സും സഹിതം 28 റൺസാണ് നായകന്‍റെ സമ്പാദ്യം.
അതേസമയം ആസ്ട്രേലിയ ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 38 ഓവർ പിന്നിടുമ്പോൾ നാലിന് 192 എന്ന നിലയിലാണ്. രോഹിത്തിനു പുറമെ ശുഭ്മൻ ഗിൽ (എട്ട്), ശ്രേയസ് അയ്യർ (45), അക്സർ പട്ടേൽ (27) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. അർധ സെഞ്ച്വറി പിന്നിട്ട വിരാട് കോഹ്ലിയും കെ.എൽ. രാഹുലുമാണ് ക്രീസിൽ. ജയിച്ചാൽ ആസ്ട്രേലിയക്കെതിരെ നോക്ക്ഔട്ടിൽ ഏറ്റവും വലിയ റൺചേസ് എന്ന റെക്കോഡും ഇന്ത്യക്ക് സ്വന്തമാക്കാം. ഏകദിന ലോകകപ്പ് ഫൈനലിനു ശേഷം ആദ്യ ഇന്ത്യ -ആസ്ട്രേലിയ ഏകദിനമെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

