വെറ്ററൻ ഗ്യാപ്; രോഹിതും കോഹ്ലിയും പടിയിറങ്ങുമ്പോൾ
text_fieldsന്യൂഡൽഹി: അഞ്ച് ദിവസത്തിനിടെ ക്രിക്കറ്റിന്റെ പരമ്പരാഗത ഫോർമാറ്റിൽനിന്ന് പടിയിറങ്ങിയത് രണ്ട് അതികായരാണ്. ലോകത്തെ എക്കാലത്തെയും മികച്ച ബാറ്റർമാരിൽപ്പെടുന്ന വിരാട് കോഹ്ലിയും മുൻനിരയിലെ നെടുംതൂണുകളിലൊരാളായ ക്യാപ്റ്റൻ രോഹിത് ശർമയും ടെസ്റ്റ് ക്രിക്കറ്റനോട് വിടപറഞ്ഞതോടെ ഇന്ത്യൻ ക്രിക്കറ്റിൽ വലിയൊരു വിടവ് ബാക്കിയാവുന്നു. സ്വന്തം മണ്ണിൽ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ഏറ്റുവാങ്ങി ആസ്ട്രേലിയയിലേക്ക് പറന്ന് അവിടെ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയും അടിയറവ് വെച്ച് പോന്ന ടീമിന് സൂപ്പർ വെറ്ററന്മാരില്ലാതെ അതിജീവിക്കാൻ അൽപം പ്രയാസപ്പെടേണ്ടിവരും. ജൂണിൽ ആരംഭിക്കുന്ന ഇംഗ്ലണ്ട് പര്യടനമാണ് ആദ്യ വെല്ലുവിളി.
ഓപണിങ്ങിൽ
2013ൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു രോഹിത്തിന്റെ അരങ്ങേറ്റം. ഒന്നാം ഇന്നിങ്സിൽ ആറാമനായി ഇറങ്ങിയ രോഹിത് അടിച്ചുകൂട്ടിയത് 177 റൺസ്. ആദ്യ ടെസ്റ്റിൽത്തന്നെ പ്ലെയർ ഓഫ് ദ മാച്ചായും ചരിത്രംകുറിച്ച താരം തൊട്ടടുത്ത ടെസ്റ്റിലും സെഞ്ച്വറി പ്രകടനം ആവർത്തിച്ചതോടെ പതിയെ ബാറ്റിങ് ഓർഡറിലും സ്ഥാനക്കയറ്റം. പങ്കാളികൾ മാറിയെങ്കിലും സ്ഥിരം ഓപണറായി രോഹിത് തുടർന്നു. ഏറ്റവുമൊടുവിൽ ആസ്ട്രേലിയൻ പര്യടനത്തിലെ ആദ്യ രണ്ട് ടെസ്റ്റുകൾ കളിക്കാൻ രോഹിത്തിന് കഴിയാതിരുന്നപ്പോൾ യശസ്വി ജയ്സ്വാളിനൊപ്പം കെ.എൽ. രാഹുലാണ് ഇന്നിങ്സ് തുറന്നത്.
മൂന്നാം ടെസ്റ്റിൽ തിരിച്ചെത്തിയ രോഹിത് മധ്യനിരയിലേക്ക് മാറിയെങ്കിലും തിളങ്ങാനായില്ല. നാലും അഞ്ചും ടെസ്റ്റുകളിൽ നായകനായിരുന്നു ഓപണർ. രോഹിത് കളംവിട്ടതോടെ ജയ്സ്വാളിന് കൂട്ടാളിയായി പരിചയസമ്പന്നനായ രാഹുൽ എത്താൻതന്നെയാണ് സാധ്യത. യുവതാരം അഭിമന്യു ഈശ്വരൻ ബാക്ക് അപ് ഓപണറായുണ്ടാവും. ഏകദിനത്തിൽ രോഹിത്തിന്റെ സഹ ഓപണറായ ശുഭ്മൻ ഗില്ലാണ് മൂന്നാമത്തെ ഓപ്ഷൻ.
കോഹ്ലിക്ക് പകരമാവാൻ
ഏകദിനത്തിൽ മൂന്നാമനും ടെസ്റ്റിൽ നാലാമനുമായാണ് കോഹ്ലി ഇറങ്ങാറ്. ടെസ്റ്റിൽ സചിൻ ടെണ്ടുൽകറുടെ പൊസിഷനാണ് നമ്പർ ഫോർ. സചിൻ കളമൊഴിഞ്ഞതോടെ ഈ സ്ഥാനത്ത് വിശ്വസ്തനായിരുന്നു റൺ മെഷീൻ കോഹ്ലി. ഏറെ നിർണായകമായ നാലാം നമ്പറിൽ ഗില്ലിനെ പരീക്ഷിച്ചാൽ അത്ഭുതപ്പെടാനില്ല.
അങ്ങനെയെങ്കിൽ വൺ ഡൗണായി സായി സുദർശൻ എത്തിയേക്കും. ശ്രേയസ് അയ്യർ, സർഫറാസ് ഖാൻ, രജത് പാട്ടിദാർ, ദേവ്ദത്ത് പടിക്കൽ തുടങ്ങിയവരൊക്കെ മധ്യനിരയിലേക്ക് പരിഗണിക്കപ്പെടുന്നുണ്ട്. ലോ ഓർഡറിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത്, ഓൾ റൗണ്ടർമാരായ നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജദേജ തുടങ്ങിയവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

