കോഹ്ലിയുടെയും രോഹിത്തിന്റെയും ഒഴിവ് നികത്തുക ബുദ്ധിമുട്ട് -ഗിൽ
text_fieldsമുംബൈ: വിരാട് കോഹ്ലിയും രോഹിത് ശർമയും വിരമിച്ച ഒഴിവ് നികത്തുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ നായകൻ ശുഭ്മൻ ഗിൽ. 'വിരാട് കോഹ്ലിയും രോഹിത് ശർമയും പരിചയസമ്പന്നരായ കളിക്കാരാണ്. അവർ ഞങ്ങളെ നിരവധി മത്സരങ്ങളിൽ വിജയിപ്പിച്ചിട്ടുണ്ട്. ഇരുവരുടെയും ഒഴിവ് നികത്തുക എക്കാലവും ബുദ്ധിമുട്ടാണ്.
ടീമിന്റെ കോമ്പിനേഷനിൽ കഴിവുകളുടെയും അനുഭവത്തിന്റെയും മികച്ച മിശ്രിതമുണ്ടെന്നതിനാൽ അധിക സമ്മർദ്ദം ആവശ്യമില്ല. ടീം എന്ന നിലയിൽ ഞങ്ങൾ എപ്പോഴും സമ്മർദ്ദം കൈകാര്യം ചെയ്യാൻ തയ്യാറാണ്. അത്തരം സാഹചര്യങ്ങളിൽനിന്ന് എങ്ങനെ വിജയിക്കണമെന്ന് ഞങ്ങൾക്കറിയാം -ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി പരിശീലകൻ ഗൗതം ഗംഭീറിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കവെ ഗിൽ പറഞ്ഞു.
ബംഗളൂരു ദുരന്തം: വിമർശനവുമായി കപിലും ഗംഭീറും
ബംഗളൂരു/മുംബൈ: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കിരീടം നേടിയതിന്റെ ആഘോഷത്തിനിടെയുണ്ടായ തിക്കിലുംതിരക്കിലുംപെട്ട് 11 പേർ മരിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ വിമർശനവുമായി ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ കപിൽ ദേവും പരിശീലകൻ ഗൗതം ഗംഭീറും.
"എനിക്ക് വളരെ വിഷമം തോന്നുന്നു. നമ്മൾ പരസ്പരം പഠിക്കണമെന്ന് ഞാൻ കരുതുന്നു. അടുത്ത തവണ ഇതുപോലൊന്ന് (വിക്ടറി പരേഡ്) നടക്കുമ്പോൾ, ആളുകൾ കൂടുതൽ ബോധവാന്മാരായിരിക്കണം. തെറ്റാണിത്. ആഘോഷങ്ങൾക്കിടെ ജീവൻ നഷ്ടപ്പെടുന്ന തരത്തിൽ തെറ്റുകൾ ഉണ്ടാകരുത്. ഭാവിയിൽ ഏതെങ്കിലും ടീം വിജയിച്ചാൽ ആഘോഷം ശാന്തമാക്കുക. ആഘോഷത്തേക്കാൾ പ്രധാനമാണ് ജീവിതങ്ങൾ. നമുക്ക് അത് അങ്ങനെ തന്നെ പറയാം"-കപിൽ വ്യക്തമാക്കി.
റോഡ് ഷോകളിൽ പണ്ടേ വിശ്വാസമില്ലെന്ന് ഗംഭീർ വ്യക്തമാക്കി. 2007ൽ ഇന്ത്യ ട്വന്റി20 ലോകകിരീടം നേടിയപ്പോഴും റോഡ് ഷോയെ താൻ അനുകൂലിച്ചില്ല. അടച്ചിട്ട സ്ഥലങ്ങളിലോ സ്റ്റേഡിയങ്ങളിലോ ആഘോഷങ്ങൾ നടത്തുന്നതാണ് നല്ലതെന്ന് പരിശീലകൻ കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.