വരുൺ ചക്രവർത്തി ലോക ഒന്നാം നമ്പർ ട്വന്‍റി20 ബൗളർ, കരിയറിൽ ആദ്യം; നേട്ടം കൈവരിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരം
text_fieldsദുബൈ: ട്വന്‍റി20 ക്രിക്കറ്റിൽ ലോക ഒന്നാം നമ്പർ ബൗളറായി ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി. ഐ.സി.സിയുടെ പുതിയ റാങ്കിങ്ങിലാണ് താരം ട്വന്‍റി20 ബൗളർമാരിൽ ഒന്നാമതെത്തിയത്. കരിയറിൽ ആദ്യമായാണ് വരുൺ ഈ നേട്ടം കൈവരിക്കുന്നത്. മൂന്നാമത്തെ ഇന്ത്യൻ താരവും.
ഏഷ്യ കപ്പിലെ തകർപ്പൻ പ്രകടനത്തിനു പിന്നാലെയാണ് മൂന്നു സ്ഥാനങ്ങൾ കയറി താരം ഒന്നാമതെത്തിയത്. വരുണിനെ കൂടാതെ രവി ബിഷ്ണോയി മാത്രമാണ് ആദ്യ പത്തിലുള്ള ഒരു ഇന്ത്യൻ ബൗളർ. 2025 ഫെബ്രുവരിയിൽ രണ്ടാം സ്ഥാനത്തെത്തിയതാണ് വരുണിന്‍റെ മുമ്പത്തെ മികച്ച നേട്ടം. ഇന്ത്യയുടെ ഇടങ്കൈയൻ സ്പിന്നർ കുൽദീപ് യാദവാണ് റാങ്കിങ്ങിൽ വലിയ നേട്ടമുണ്ടാക്കിയത്. 16 സ്ഥാനങ്ങൾ ഉയർന്ന് 23ാം സ്ഥാനത്തെത്തി. ഓൾ റൗണ്ടർ അക്സർ പട്ടേൽ 12ാം സ്ഥാനത്തെത്തി. ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറ നാലു സ്ഥാനങ്ങൾ ഉയർന്ന് 40ലെത്തി.
ഓൾ റൗണ്ടർമാരിൽ ഇന്ത്യയുടെ ഹാർദിക് പാണ്ഡ്യ ഒന്നാം സ്ഥാനം നിലനിർത്തി. നാലു സ്ഥാനങ്ങൾ ഉയർന്ന് അഭിഷേക് ശർമ 14ലെത്തി. ട്വന്‍റി20 ബാറ്റർമാരിൽ അഭിഷേക് ശർമ തന്നെയാണ് ഒന്നാമത്. ശുഭ്മൻ ഗിൽ നാലു സ്ഥാനങ്ങൾ ഉയർന്ന് 39ലെത്തി. തിലക് വർമയും ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവും റാങ്കിങ്ങിൽ പിന്നോട്ടുപോയി. അതേസമയം, ഏഷ്യ കപ്പിൽ ഇതിനകം സൂപ്പർ ഫോർ ഉറപ്പിച്ച ഇന്ത്യ, വെള്ളിയാഴ്ച ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഒമാനെ നേരിടും.
ടൂർണമെന്‍റിൽ മികച്ച ഫോമിൽ കളിക്കുന്ന സൂര്യകുമാറും സംഘവും യു.എ.ഇ, പാകിസ്താൻ ടീമുകളെ തോൽപിച്ചാണ് ഗ്രൂപ്പ് എയിൽനിന്ന് സൂപ്പർ ഫോറിലേക്ക് യോഗ്യത നേടിയത്. രാത്രി നടക്കുന്ന പാകിസ്താൻ-യു.എ.ഇ മത്സരത്തിലെ വിജയികൾ രണ്ടാം സ്ഥാനക്കാരായി സൂപ്പർ ഫോറിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

