കപ്പില്ലെങ്കിലെന്താ, വരുണിന് ആഘോഷിക്കാൻ ചായകോപ്പ മതി; ഇമോജി കപ്പുമായി സൂര്യ കുമാർ; ട്രോഫി നൽകാത്ത ഏഷ്യാകപ്പിനെ ട്രോളി താരങ്ങൾ
text_fieldsവരുൺ ചക്രവർത്തി ചാകോപ്പയും ചേർത്ത് പിടിച്ച്
ദുബൈ: 2022 ലോകകപ്പ് ഫുട്ബാൾ കിരീടമണിഞ്ഞ രാത്രിയിൽ ലയണൽ മെസ്സി കപ്പും ചേർത്തുപിടിച്ച് കിടക്കുന്ന പോലെ ഏഷ്യാകപ്പ് വിജയവും ആഘോഷിക്കണമെന്നായിരുന്നു ഇന്ത്യൻ സ്പിൻ ബൗളർ വരുൺ ചക്രവർത്തിയുടെയും ആഗ്രഹം. സ്വപ്നം പോലെ വൻകരയുടെ ക്രിക്കറ്റ് പോരിൽ കിരീടം ചൂടി. എന്നാൽ, ആ രാത്രിയിൽ ആഘോഷിക്കാൻ കപ്പില്ലെങ്കിൽ എന്തു ചെയ്യും. എന്നാൽ, പിന്നെ ചായക്കോപ്പയെ കപ്പായി മനസ്സിൽ കരുതി ഫോട്ടോക്ക് പോസ് ചെയ്യുക തന്നെ. ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച് തന്റെ സ്വപ്നം പൂർത്തിയാക്കിയ നിമിഷം ലോകത്തോടും വിളിച്ചു പറഞ്ഞു വരുൺ ചക്രവർത്തി.
ഞായറാഴ്ച രാത്രിയിൽ ഏഷ്യാകപ്പ് ക്രിക്കറ്റ് ഫൈനലിൽ പാകിസ്താനെതിരായ വിജയത്തിനു പിന്നാലെ ട്രോഫിയുമായി ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനും പാകിസ്താൻ ആഭ്യന്തര മന്ത്രിയുമായ മുഹ്സിൻ നഖ്‍വി ഹോട്ടൽ മുറിയിലേക്ക് പോയതിനെയായിരുന്നു ഏറെ രസകരമായി തന്നെ വരുൺ ചക്രവർത്തി ട്രോൾ ചെയ്തത്.
:ഒരു വശത്ത് ലോകം മുഴുവൻ, മറുവശത്ത് എന്റെ ഇന്ത്യ. ജയ് ഹിന്ദ്..’ എന്ന കുറിപ്പുമായാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.
ഏഷ്യാ കപ്പിന് പകരം, ട്രോഫിയുടെ ഇമോജി ചേർത്തുവെച്ചുള്ള ചിത്രം പങ്കുവെച്ചായിരുന്നു സൂര്യകുമാർ യാദവ് സാമൂഹിക മാധ്യമങ്ങളിലൂടെ സന്തോഷം പങ്കുവെച്ചത്.
ഇന്ത്യയും പാകിസ്താനും തമ്മിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്താൻ ആഭ്യന്തര മന്ത്രിയായ എ.സി.സി പ്രസിഡന്റ് മുഹ്സിൻ നഖ്‍വിയിൽ നിന്നും ട്രോഫി സ്വീകരിക്കില്ലെന്ന് ഇന്ത്യൻ ടീം നേരത്തെ അറിയിച്ചിരുന്നു. പകരം, എമിറേറ്റ്സ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂനിയിൽ നിന്ന് ട്രോഫി സ്വീകരിക്കാമെന്ന് ബി.സി.സി.ഐ ആവശ്യപ്പെട്ടുവെങ്കിലും ഇത് അംഗീകരിക്കപ്പെട്ടില്ല. നഖ്‍വി തന്നെ ട്രോഫി സമ്മാനിക്കുമെന്ന പിടിവാശിയിലായി എ.സി.സി.
സംഘർഷത്തിലുള്ള ഒരു രാജ്യത്തിന്റെ പ്രതിനിധിയിൽ നിന്നും ട്രോഫി സ്വീകരിക്കില്ലെന്നായിരുന്നു ഇന്ത്യൻ നിലപാടാണ്. നഖ്‍വിയിൽ നിന്നും മെഡലോ ട്രോഫിയോ സ്വീകരിക്കാൻ വിസമ്മതിച്ചതോടെ ടീമിന് സമ്മാനം നിഷേധിക്കുന്ന സാഹചര്യമായി. തുടർന്നാണ് നഖ്‍വിക്കൊപ്പം ട്രോഫിയും സ്റ്റേഡിയത്തിൽ നിന്നും കൊണ്ടുപോയത്. ഇതോടെ മെഡലും കപ്പുമില്ലാതെയായി ഇന്ത്യയുടെ കിരീട വിജയ ആഘോഷം.
ട്രോഫിയും മെഡലും മുഹ്സിൻ നഖ്‍വി ഹോട്ടൽ മുറിയിലേക്ക് കൊണ്ടുപോയതിനെതിരെ പ്രതിഷേധവുമായി ബി.സി.സി.ഐ രംഗത്തെതി. നടപടി ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും, ഐ.സി.സി യോഗത്തിൽ ഇക്കാര്യം ഉന്നയിക്കുമെന്നും ബി.സി.സി.ഐ സെക്രട്ടറി ദേവദ്ജിത് സൈകിയ അറിയിച്ചു.
ലയണൽ മെസ്സിയുടെ വിജയാഘോഷത്തെ പിന്തുടർന്ന് പ്രധാന കായിക പോരാട്ടങ്ങളിലെല്ലാം ജേതാക്കൾ സമാമായ ആഘോഷം അനുകരിക്കുന്നത് പതിവാണ്.
ചാമ്പ്യൻസ് ലീഗ് കിരീടവുമായി റോബർട് ലെവൻഡോവ്സ്കി, ലിവർപൂളിന്റെ വിജയം ആഘോഷിക്കുന്ന മുഹമ്മദ് സലാഹ്, ഐ.പി.എൽ ട്രോഫിയുമായി ഡേവിഡ് വാർണർ, ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയുമായി ശുഭ്മാൻ ഗിൽ, സാദിയോ മാനെ എന്നിവരുടെ ആഘോഷങ്ങൾ ഇതിനകം കായിക ലോകത്ത് ശ്രദ്ധേയ മായി മാറിയതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

