ആദ്യം മുഴങ്ങി 'വന്ദേമാതരം' പിന്നാലെ ദേശീയഗാനം; ഇന്ത്യ-അഫ്ഗാൻ മത്സരത്തിന് വേറിട്ട തുടക്കം
text_fieldsന്യൂഡൽഹി: അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ദേശീയഗാനത്തിന് മുൻപായി ഇന്ത്യയുടെ ദേശീയ ഗീതമായ 'വന്ദേമാതരം' മുഴങ്ങി. ഡൽഹി അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-അഫ്ഗാനിസ്താൻ ഒന്നാം ട്വന്റി-20 മത്സരത്തിന് മുന്നോടിയായാണ് കായികലോകം ഈ അപൂർവ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്. വന്ദേമാതരം പൂർത്തിയായ ശേഷമാണ് ഇരു ടീമുകളുടെയും ദേശീയഗാനങ്ങൾ സ്റ്റേഡിയത്തിൽ പ്ലേ ചെയ്തത്.
ദേശീയഗാനമായ 'ജനഗണമന'യും ദേശീയ ഗീതമായ 'വന്ദേമാതര'വും ഒരുമിച്ച് ആലപിക്കുന്ന വേദികളിൽ ആദ്യം വന്ദേമാതരം കേൾപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടുത്തിടെ മാർഗനിർദേശം പുറത്തിറക്കിയിരുന്നു. ഔദ്യോഗിക പരിപാടികളിൽ ഗാനത്തിന്റെ ആദ്യ ആറ് വരികൾ (190 സെക്കൻഡ്) പ്ലേ ചെയ്യണമെന്നാണ് നിർദേശം. കായിക വേദികളെ ഈ പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും, കേന്ദ്രസർക്കാർ നിർദേശം ഉൾക്കൊണ്ട് ബി.സി.സി.ഐ ഇത് നടപ്പിലാക്കുകയായിരുന്നു. കഴിഞ്ഞ സ്വാതന്ത്ര്യദിനാഘോഷ വേളയിലാണ് ഈ പുതിയ രീതി ആദ്യമായി പരീക്ഷിച്ചത്.
ബങ്കിം ചന്ദ്ര ചാറ്റർജി 1870-കളിൽ ബംഗാളി ഭാഷയിൽ രചിച്ചതാണ് വന്ദേമാതരം. 1882-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ 'ആനന്ദമഠം' എന്ന നോവലിലൂടെയാണ് ഈ ഗാനം പുറത്തുവരുന്നത്. തുടർന്ന് 1950-ൽ ഇതിലെ ആദ്യ രണ്ട് ശ്ലോകങ്ങൾ ഇന്ത്യയുടെ ഔദ്യോഗിക ദേശീയ ഗീതമായി അംഗീകരിക്കുകയായിരുന്നു.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശ്രേയസ് അയ്യർ ബോളിങ് തിരഞ്ഞെടുത്തു. കഴിഞ്ഞ പരമ്പരകളിൽ മികച്ച പ്രകടനം നടത്തിയ യുവതാരം വൈഭവ് സൂര്യവംശിക്ക് പകരം മലയാളി താരം സഞ്ജു സാംസൺ പ്ലേയിങ് ഇലവനിൽ ഓപ്പണറായി തിരിച്ചെത്തി എന്നതാണ് ടീമിലെ പ്രധാന മാറ്റം. അയർലൻഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരകൾ കൈവിട്ടെങ്കിലും, അവസാനമായി നടന്ന സിംബാബ്‌വെ പര്യടനത്തിൽ 3-0ത്തിന് വമ്പൻ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

