സെഞ്ച്വറിക്ക് പിന്നാലെ വിക്കറ്റും പിഴുത് വൈഭവ്; 233 റൺസിന്‍റെ വമ്പൻ ജയം, പ്രോട്ടീസിനെതിരെ പരമ്പര തൂത്തുവാരി ഇന്ത്യ
text_fieldsവിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ഇന്ത്യൻ താരങ്ങൾ
ബനോനി: ദക്ഷിണാഫ്രിക്കക്കെതിരായ യൂത്ത് ഏകദിന പരമ്പര ഇന്ത്യ അണ്ടർ 19 ടീം തൂത്തുവാരി. മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിൽ പ്രോട്ടീസിനെ 233 റൺസിനു തോൽപ്പിച്ചാണ് ഇന്ത്യൻ യുവനിര സമ്പൂർണ ജയം സ്വന്തമാക്കിയത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ, നേരത്തെ തന്നെ പരമ്പര നേടിയിരുന്നു. അവസാന മത്സരത്തിൽ 394 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക, 35 ഓവറിൽ 160 റൺസിന് ഓൾഔട്ടായി.
മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ ഇന്ത്യൻ ബോളർമാർക്ക് മുന്നിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് നിര തകർന്നടിയുകയായിരുന്നു. മൂന്നാം ഓവറിൽ തന്നെ ഇരട്ടപ്രഹരമേൽപ്പിച്ച് കിഷൻ കുമാർ സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി. ആദ്യ അഞ്ച് ഓവറുകൾക്കുള്ളിൽ തന്നെ ദക്ഷിണാഫ്രിക്കയുടെ നാല് മുൻനിര വിക്കറ്റുകൾ വീണു. പവർപ്ലേയ്ക്ക് തൊട്ടുപിന്നാലെ അഞ്ചാം വിക്കറ്റും വീണതോടെ അഞ്ചിന് 50 എന്ന നിലയിലേക്ക് പ്രോട്ടീസ് കൂപ്പുകുത്തി.
ആറാം വിക്കറ്റിലെയും ഏഴാം വിക്കറ്റിലെയും കൂട്ടുകെട്ടുകളാണ് ആതിഥേയരുടെ സ്കോർ 100 കടത്തിയത്. പോൾ ജെയിംസ് (41), ഡാനിയർ ബോസ്മാൻ (40), കോർൺ ബോത്ത (36), ജെയ്സൻ റൗൾസ് (19) എന്നിവർക്കൊഴികെ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഇന്ത്യയ്ക്കായി ക്യാപ്റ്റൻ വൈഭവ് സൂര്യവംശി ഉൾപ്പെടെ പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തി. കിഷൻ കുമാർ സിങ് മൂന്നു വിക്കറ്റെടുത്തപ്പോൾ മലയാളിയായ മുഹമ്മദ് ഇനാൻ രണ്ടു വിക്കറ്റ് വീഴ്ത്തി. വൈഭവ് ഉൾപ്പെടെ അഞ്ചുപേർ ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കി.
വൈഭവിനും ആരോണിനും സെഞ്ച്വറി
നേരത്തെ, ക്യാപ്റ്റൻ വൈഭവ് സൂര്യവംശിയുടെയും (74 പന്തിൽ 127) മലയാളി താരം ആരോൺ ജോർജിന്റെയും (106 പന്തിൽ 118) സെഞ്ചറിക്കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ ഉയർത്തിയത്. ആരോൺ ഏകദിന ശൈലിയിൽ ബാറ്റ് വീശിയപ്പോൾ, വൈഭവ് പതിവുപോലെ വമ്പൻ ഷോട്ടുകളുമായി കളംനിറഞ്ഞു. ഓപണിങ് വിക്കറ്റിൽ ഇരുവരും ചേർന്ന് 25.4 ഓവറിൽ 227 റൺസ് കൂട്ടിച്ചേർത്തു. വൈഭവിനെ പുറത്താക്കി നതാൻഡോ സോനിയാണ് ഈ കൂട്ടുകെട്ട് തകർത്തത്. 74 പന്തിൽ ഒമ്പത് ഫോറും പത്ത് സിക്സും സഹിതം 127 റൺസാണ് വൈഭവ് അടിച്ചെടുത്തത്. അണ്ടർ-19 ക്രിക്കറ്റിൽ സെഞ്ച്വറി നടുന്ന പ്രായംകുറഞ്ഞ ക്യാപ്റ്റനെന്ന റെക്കോഡ് (14 വർഷം ഒമ്പത് മാസം) വൈഭവിന്‍റെ പേരിലായി.
സ്കോർ 279ൽ നിൽക്കേ ആരോണും വീണതോടെ റൺനിരക്ക് താഴ്ന്നു. 106 പന്തിൽ 16 ഫോറുൾപ്പെടെ 118 റൺസ് നേടിയാണ് മലയാളി താരം മൈതാനം വിട്ടത്. ഒരുഘട്ടത്തിൽ 400 കടക്കുമെന്ന് തോന്നിച്ചെങ്കിലും, ഓപണർമാർ പോയതിനു പിന്നാലെയുണ്ടായ തകർച്ചയിൽ പ്രതീക്ഷിച്ച റൺനിരക്ക് കണ്ടെത്താനാകാതെ ബാറ്റർമാർ ഉഴറി. വേദാന്ത് ത്രിവേദിയും (34) അഭിജ്ഞാൻ കുണ്ടുവും (21) പ്രതീക്ഷിച്ച പ്രകടനം പുറത്തെടുത്തില്ല. ഹർവാൻഷ് പംഗാലിയ (2) റണ്ണൗട്ടായി. ആർ.എസ്. അംബ്രിഷ് ഒമ്പതും കനിഷ്ക് ചൗഹാൻ പത്തും റൺസ് നേടി പുറത്തായി. മുഹമ്മദ് ഇനാൻ (28*), ഹെനിൽ പട്ടേൽ (19*) എന്നിവർ പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്കു വേണ്ടി സോനി മൂന്ന് വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

