വൈഭവ് സൂര്യവംശിക്ക് നേരെ ലൈംഗികചുവയുള്ള കമന്‍റുകൾ; സ്ത്രീകൾക്കെതിരെ പോക്സോ കേസെടുക്കാത്തത് എന്തുകൊണ്ടെന്ന് സമൂഹമാധ്യമങ്ങൾ
text_fieldsഐ.പി.എല്ലിലെ പുത്തൻ താരോദയമാണ് രാജസ്ഥാൻ റോയൽസിലെ 14കാരനായ വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ സെഞ്ച്വറി നേടി റെക്കോഡിട്ട വൈഭവ്, ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവിവാഗ്ദാനമാണെന്ന വിശേഷണം വരെ നേടിക്കഴിഞ്ഞു. ലോക ക്രിക്കറ്റിലെ പല പ്രമുഖരും കൗമാരതാരത്തെ അഭിനന്ദിച്ചിരിക്കുകയാണ്.
അതേസമയം, സമൂഹമാധ്യമങ്ങളിൽ മറ്റൊരു ചർച്ചയും സജീവമായിരിക്കുകയാണ്. വൈഭവ് സൂര്യവംശിക്കെതിരെ ലൈംഗികചുവയുള്ള കമന്‍റുകൾ പോസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ. ഏതാനും വനിത ഇൻഫ്ലുവൻസർമാരാണ് വൈഭവിനെതിരെ ലൈംഗികത നിറഞ്ഞ കമന്‍റുകൾ പോസ്റ്റ് ചെയ്തത്. ഇതോടെ, ഇവർക്കെതിരെ നടപടി വേണമെന്ന ആവശ്യമുയരുകയാണ്.
കണ്ടന്‍റ് ക്രിയേറ്ററും ഇൻഫ്ലുവൻസറുമായ നികിത എന്ന പ്രൊഫൈലിൽ നിന്ന് വന്ന ഒരു കമന്‍റ് പോക്സോ കേസ് വിളിച്ചുവരുത്തുന്നതാണെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. ഇവരുടെ കമന്‍റിന് മറുപടിയായി മറ്റ് ചില സ്ത്രീകളും വൈഭവിനെതിരെ ലൈംഗികചുവയുള്ള കമന്‍റിട്ടിട്ടുണ്ട്.
'പുരുഷന്മാർക്കെതിരെയുള്ള ലൈംഗികാതിക്രമം കണ്ണടച്ച് അനുവദിച്ചുകൊടുക്കാവുന്നതാണോ'യെന്നാണ് പലരും ചോദിക്കുന്നത്. വൈഭവ് സൂര്യവംശിക്ക് 14 വയസ് മാത്രമാണുള്ളത്. പ്രായപൂർത്തിയാകാത്ത കുട്ടിയാണ്. ഒരു കുട്ടിക്കെതിരെയാണ് ഇത്തരത്തിൽ ലൈംഗികചുവയുള്ള കമന്‍റുകൾ വരുന്നത്. മറിച്ച്, വൈഭവിന് പകരം ഒരു പെൺകുട്ടിയെ കുറിച്ച് ഒരു പുരുഷനാണ് ഇത്തരത്തിൽ കമന്‍റിടുന്നതെങ്കിൽ അപ്പോൾ തന്നെ പോക്സോ കേസ് എടുക്കില്ലേയെന്ന് പലരും ചോദിക്കുന്നു.
പൊലീസിനെ ടാഗ് ചെയ്തുകൊണ്ട് കമന്‍റുകളുടെ സ്ക്രീൻ ഷോട്ടുകൾ നിരവധി പേർ പങ്കുവെക്കുന്നുണ്ട്. കുട്ടികളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന ആക്ടിവിസ്റ്റുകളും ഇത്തരം കമന്‍റുകളിൽ നടപടി ആവശ്യപ്പെട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

