കോഹ്ലിയോ രോഹിത്തോ അല്ല! വൈഭവ് സൂര്യവംശിയുടെ റോൾ മോഡൽ ഈ 25കാരൻ...
text_fieldsലണ്ടന്‍: ഇന്ത്യൻ ക്രിക്കറ്റിലെ അത്ഭുതബാലനാണ് വൈഭവ് സൂര്യവംശി. ഐ.പി.എല്ലിൽ ഈ 14കാരനെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതിനു പിന്നാലെയാണ് ക്രിക്കറ്റ് ലോകത്തിന്‍റെ ശ്രദ്ധാകേന്ദ്രമാകുന്നത്. അതേ ഐ.പി.എൽ സീസണിൽ അതിവേഗ സെഞ്ച്വറി നേടി വൈഭവ് ഏവരെയും ഞെട്ടിക്കുകയും ചെയ്തു.
ട്വന്‍റി20 ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അതിവേഗ സെഞ്ച്വറിക്കാരനാണ് ഈ ബിഹാറുകാരൻ. നിലവിൽ ഇന്ത്യ അണ്ടർ 19 ടീമിനൊപ്പം ഇംഗ്ലണ്ടിലുള്ള വൈഭവ് തകർപ്പൻ പ്രകടനമാണ് നടത്തുന്നത്. ഇംഗ്ലണ്ടിനെതിരെ നാലാം ഏകദിനത്തിൽ അതിവേഗ സെഞ്ച്വറിയുമായി യുവതാരം റെക്കോഡിട്ടു. 52 പന്തില്‍നിന്നാണ് താരം സെഞ്ച്വറി നേടിയത്. അണ്ടര്‍ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. 53 പന്തിൽ സെഞ്ച്വറി നേടിയ പാകിസ്താന്‍റെ കംറാം ഘുലാമിന്‍റെ റെക്കോഡാണ് താരം മറികടന്നത്. 53 പന്തിലാണ് ഘുലാം സെഞ്ച്വറി നേടിയത്.
പതിയെ തുടങ്ങി പിന്നാലെ ഇംഗ്ലീഷ് ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ച താരം 24 പന്തിലാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. 78 പന്തിൽ 10 സിക്സും 13 ഫോറുമടക്കം 143 റൺസെടുത്താണ് താരം പുറത്തായത്. ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ ഒന്നാമനാണ് വൈഭവ്. നാലു മത്സരങ്ങളിൽനിന്നായി 306 റൺസാണ് താരം ഇതുവരെ നേടിയത്. എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ സീനിയർ ടീമിന്‍റെ രണ്ടാം ടെസ്റ്റ് കാണാനും വൈഭവ് എത്തിയിരുന്നു. അതേസമയം, ഇന്ത്യൻ ക്രിക്കറ്റിലെ സൂപ്പർതാരങ്ങളായ രോഹിത് ശർമയോ, വിരാട് കോഹ്ലിയോ അല്ല വൈഭവിന്‍റെ റോൾ മോഡൽ. ഇന്ത്യൻ ടെസ്റ്റ് നായകൻ ശുഭ്മൻ ഗില്ലാണ് തന്‍റെ റോൾ മോഡലെന്ന് സൂര്യവംശി വെളിപ്പെടുത്തി.
‘വലിയ സന്തോഷം തോന്നുന്നു. ഇംഗ്ലണ്ടിൽ ആദ്യമായാണ് ടെസ്റ്റ് മത്സരം കാണുന്നത്. മത്സരം നേരിട്ടു കാണാനാണ് ഞങ്ങളെല്ലാവരും വന്നത്. വലിയ പ്രചോദനമാണിത്. ശുഭ്മൻ ഗില്ലാണ് ഞങ്ങളുടെ റോൾ മോഡൽ. രാജ്യത്തിനുവേണ്ടി റെഡ് ബാൾ ക്രിക്കറ്റ് കളിക്കുക എന്നതാണ് സ്വപ്നം’ -വൈഭവ് പറഞ്ഞു.
രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ 269 റൺസും രണ്ടാം ഇന്നിങ്സിൽ 161 റൺസുമാണ് ഗിൽ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിന്‍റെ ഇതുവരെയുള്ള ചരിത്രത്തിൽ ഒരു താരം ഒരു ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടു ഇന്നിങ്സുകളിലുമായി ഇരട്ട സെഞ്ച്വറിയും 150 റൺസും നേടുന്നത് ആദ്യമാണ്. 148 വർഷത്തിനിടെ ഈ നേട്ടം മറ്റാർക്കും കൈവരിക്കാനായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

