വൈഭവാട്ടം! സിക്സറടിച്ച് പതിനാലാം വയസ്സിൽ ലോക റെക്കോഡ്; രണ്ടാം ഏകദിനത്തിലും ഓസീസിനെ തകർത്ത് ഇന്ത്യൻ യുവനിര
text_fieldsബ്രിസ്ബെയ്ൻ: യൂത്ത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന ലോക റെക്കോഡ് ഇനി ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് സ്വന്തം. ആസ്ട്രേലിയക്കെതിരായ യൂത്ത് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് താരം നേട്ടം കൈവരിച്ചത്. 10 ഇന്നിങ്സുകളിൽനിന്ന് 41 സിക്സുകളാണ് പതിനാലുകാരൻ ഇതുവരെ അടിച്ചുകൂട്ടിയത്.
21 ഇന്നിങ്സുകളിൽനിന്ന് 38 സിക്സുകളടിച്ച ഉൻമുക്ത് ചന്ദിന്‍റെ റെക്കോഡാണ് താരം മറികടന്നത്. ഓസീസിനെതിരെ 68 പന്തിൽ ആറു സിക്സും അഞ്ചു ഫോറുമടക്കം 70 റൺസെടുത്താണ് വൈഭവ് പുറത്തായത്. യൂത്ത് ഏകദിനങ്ങളിൽ ഇതുവരെ 540 റൺസാണ് വൈഭവ് നേടിയത്. ഇതിൽ 26 ശതമാനവും ബൗണ്ടറിയിൽനിന്നാണ്. ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്സ്വാൾ 2018 -2020 കാലയളവിൽ 27 യൂത്ത് ഏകദിനങ്ങളിൽനിന്നായി 30 സിക്സുകൾ നേടിയിരുന്നു.
ഓസീസിനെതിരായ മത്സരത്തിൽ 51 റൺസിന്‍റെ ജയമാണ് ഇന്ത്യ നേടിയത്. ഒന്നാം ഏകദിനത്തിലും ഇന്ത്യ ജയിച്ചിരുന്നു. വൈഭവിനു പുറമെ, വിഹാൻ മൽഹോത്ര, അഭിഗ്യാൻ കുണ്ടു എന്നിവരും ഇന്ത്യക്കായി അർധ സെഞ്ച്വറി നേടി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ യുവനിര 49.4 ഓവറിൽ 300 റൺസിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ ആതിഥേയരെ 47.2 ഓവറിൽ 249 റൺസിന് ഇന്ത്യ എറിഞ്ഞിട്ടു. ആയുഷ് മാത്രയുടെ മൂന്നു വിക്കറ്റ് പ്രകടനമാണ് ഓസീസിനെ തകർത്തത്. നാലു ഓവറിൽ 27 റൺസ് വഴങ്ങിയാണ് താരത്തിന്‍റെ മൂന്നു വിക്കറ്റ് നേട്ടം. കനിഷ്ക് ചൗഹാൻ രണ്ടു വിക്കറ്റ് നേടി.
ഇന്ത്യൻ ഇന്നിങ്സിന്‍റെ രണ്ടാം പന്തിൽ തന്നെ സ്കോർ ബോർഡ് തുറക്കുംമുമ്പ് നായകൻ ആയുഷ് മാത്രയെ ഇന്ത്യക്ക് നഷ്ടമായി. രണ്ടാം വിക്കറ്റിൽ വൈഭവും വിഹാനും സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് ഇന്ത്യയെ കരകയറ്റിയത്. വൈഭവിനെ യാഷ് ദേശ്മുക് പുറത്താക്കി. പിന്നാലെ എത്തിയ വേദാന്ത് ത്രിവേദി 33 പന്തിൽ 26 റൺസെടുത്ത് മടങ്ങി. 74 പന്തിൽ ഒരു സിക്സും ഏഴു ഫോറുമടക്കം 70 റൺസെടുത്താണ് വിഹാൻ പുറത്തായത്. 64 പന്തിൽ രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 71 റൺസെടുത്ത അഭിഗ്യാൻ റണ്ണൗട്ടായി. മറ്റുള്ളവർക്കൊന്നും തിളങ്ങാനായില്ല. ഓസീസിനായി വിൽ ബൈറോം മൂന്നും യാഷ് ദേശ്മുഖ് രണ്ടും വിക്കറ്റുകൾ നേടി.
മറുപടി ബാറ്റിങ്ങിൽ ജയ്ഡൻ ഡ്രാപ്പറിന്‍റെ സെഞ്ച്വറിയാണ് ഓസീസിന്‍റെ തോൽവി ഭാരം കുറച്ചത്. ആര്യൻ ശർമ 44 പന്തിൽ 38 റൺസെടുത്തു. ഒന്നാം ഏകദിനത്തിൽ ഏഴു വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

