Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightസച്ചിന്റെ റെക്കോർഡ്...

സച്ചിന്റെ റെക്കോർഡ് പഴങ്കഥയാകും; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ വൈഭവ് സൂര്യവൻഷി

text_fields
bookmark_border
സച്ചിന്റെ റെക്കോർഡ് പഴങ്കഥയാകും; ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ താരമാകാൻ വൈഭവ് സൂര്യവൻഷി
cancel

ബെൽഫാസ്റ്റ്: ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരനായി മാറാനൊരുങ്ങുന്ന പതിനഞ്ചുകാരൻ വൈഭവ് സൂര്യവൻഷിയെ കാത്തിരിക്കുന്നത് കടുത്ത വെല്ലുവിളി. വെള്ളിയാഴ്ച അയർലൻഡിനെതിരായ ആദ്യ ടി20യിൽ സൂര്യവൻഷി അരങ്ങേറ്റം കുറിച്ചാൽ അതൊരു സ്വപ്നതുല്യമായ തുടക്കമാകാൻ അനുവദിക്കില്ലെന്ന് അയർലൻഡിന്റെ പുതിയ ക്യാപ്റ്റൻ ലോർകാൻ ടക്കർ വ്യക്തമാക്കി.

ബെൽഫാസ്റ്റിൽ ആദ്യ ഇലവനിൽ ഇടംനേടിയാൽ, ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാകും വൈഭവ് തിരുത്തിയെഴുതുക. 1989-ൽ പാകിസ്താനെതിരെ 16-ാം വയസ്സിലായിരുന്നു സച്ചിന്റെ അരങ്ങേറ്റം. ഈ ചരിത്രനിമിഷത്തിനായാണ് ആരാധകർ കാത്തിരിക്കുന്നതെങ്കിലും, അയർലൻഡ് ടീമിന് മറ്റ് ചില പദ്ധതികളാണുള്ളത്.

ആധുനിക ക്രിക്കറ്റിൽ ഒരു 15-കാരൻ അന്താരാഷ്ട്ര തലത്തിൽ കളിക്കുന്നത് അവിശ്വസനീയമാണെന്ന് കഴിഞ്ഞയാഴ്ച മുഴുവൻ സമയ ക്യാപ്റ്റനായി നിയമിതനായ ടക്കർ പറഞ്ഞു. "അവരുടെ ടീമിൽ ഒരു പതിനഞ്ചുകാരൻ ഉണ്ടെന്നത് വളരെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഈ പ്രൊഫഷണൽ കാലഘട്ടത്തിൽ അതിന് സാധിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല," പരമ്പരയ്ക്ക് മുന്നോടിയായി ടക്കർ പ്രതികരിച്ചു.

സൂര്യവൻഷിയുടെ അസാമാന്യ പ്രതിഭയെ പുകഴ്ത്തിയ ടക്കർ, പക്ഷേ ആ അരങ്ങേറ്റം ആഘോഷമാക്കാൻ വിട്ടുകൊടുക്കില്ലെന്നും കൂട്ടിച്ചേർത്തു. "തീർച്ചയായും അവനൊരു പ്രത്യേകതയുള്ള കളിക്കാരനാണ്. ഈ ആഴ്ച അവനെ നേരിടാനാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതവന് വലിയൊരു നിമിഷമായിരിക്കും, എന്നാൽ ആ ആഘോഷം ഇല്ലാതാക്കാൻ കഴിഞ്ഞാൽ അത് ഗംഭീരമായിരിക്കും. പരമ്പരയിലെ അവന്റെ അരങ്ങേറ്റത്തെക്കുറിച്ചാണ് ഇവിടെ മുഴുവൻ സംസാരവും. അവൻ അവിശ്വസനീയമായ പ്രതിഭ തന്നെയാണ്. ഐപിഎല്ലിൽ അവൻ തകർത്തുകളിച്ചു. അവനെക്കുറിച്ച് പരമാവധി പഠിക്കാൻ ഞങ്ങൾ ശ്രമിച്ചിട്ടുണ്ട്."

ഐ.പി.എൽ 2026 സീസണിലെ ഗംഭീര പ്രകടനമാണ് സൂര്യവൻഷിയെ ഇന്ത്യൻ ടി20 ടീമിലെത്തിച്ചത്. ടൂർണമെന്റിൽ 776 റൺസടിച്ച താരം മോസ്റ്റ് വാല്യൂയബിൾ പ്ലെയർ പുരസ്കാരവും സ്വന്തമാക്കിയിരുന്നു. കഴിഞ്ഞയാഴ്ച ദാംബുള്ളയിൽ നടന്ന ത്രിരാഷ്ട്ര പരമ്പര ഫൈനലിൽ ശ്രീലങ്ക എ-യ്ക്കെതിരെ ഇന്ത്യ എ-യ്ക്കായി വെറും 29 പന്തിൽ 94 റൺസടിച്ച മികച്ച ഫോമിലാണ് താരം അയർലൻഡിലെത്തിയിരിക്കുന്നത്.

ജോഷ് ലിറ്റിൽ, മാർക്ക് അഡയർ, ബാരി മക്കാർത്തി, കർട്ടിസ് കാംഫർ, പോൾ സ്റ്റിർലിങ്, ജോർദാൻ നീൽ തുടങ്ങി നിരവധി പ്രമുഖ താരങ്ങളില്ലാതെയാണ് അയർലൻഡ് ഇന്ത്യയെ നേരിടാനിറങ്ങുന്നത്. എങ്കിലും നിലവിലെ ടി20 ലോക ചാമ്പ്യന്മാരായ ഇന്ത്യയെ സ്വന്തം നാട്ടിലെ സാഹചര്യങ്ങൾ മുതലെടുത്ത് അട്ടിമറിക്കാമെന്ന പ്രതീക്ഷയിലാണ് ടക്കറും സംഘവും.

"എക്കാലത്തെയും മികച്ച ടി20 ടീമുകളിലൊന്നാണ് അവർ. ഇക്കൊല്ലത്തെ ലോകകപ്പിലെ അവരുടെ പ്രകടനം അത് തെളിയിക്കുന്നു. അതിനാൽ സമ്മർദ്ദം മുഴുവൻ അവരുടെ മേലാണ്. അവർക്ക് പരിചിതമായതിനേക്കാൾ വേഗം കുറഞ്ഞ പിച്ചുകളായിരിക്കും ഇവിടെ. അത് ഞങ്ങൾക്ക് ഗുണം ചെയ്യുമെന്നും മികച്ച പ്രകടനത്തിലൂടെ ചിലരെയെങ്കിലും ഞെട്ടിക്കാൻ കഴിയുമെന്നും പ്രതീക്ഷിക്കുന്നു," ടക്കർ വ്യക്തമാക്കി. വെള്ളിയാഴ്ചത്തെ മത്സരത്തിന് ശേഷം വാർത്തകളിൽ നിറയേണ്ടത് ഇന്ത്യയുടെ കൗമാരതാരമല്ല, മറിച്ച് തങ്ങളുടെ പ്രകടനമായിരിക്കണമെന്ന ഉറച്ച തീരുമാനത്തിലാണ് അയർലൻഡ് ടീം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIirelandteam indiaT20 seriesVaibhav Sooryavanshi
News Summary - Vaibhav Sooryavanshi, Ireland vs India, Cricket Debut, T20 Series
Next Story