Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചരിത്രം കുറിച്ച് വൈഭവ്, പതിനഞ്ചാം വയസിൽ അരങ്ങേറ്റം, ഇന്ത്യക്കായി കളിക്കുന്ന പ്രായം കുറഞ്ഞ താരം; സഞ്ജുവിനെ ഒഴിവാക്കി

text_fields
bookmark_border
ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തു
ചരിത്രം കുറിച്ച് വൈഭവ്, പതിനഞ്ചാം വയസിൽ  അരങ്ങേറ്റം, ഇന്ത്യക്കായി കളിക്കുന്ന പ്രായം കുറഞ്ഞ താരം; സഞ്ജുവിനെ ഒഴിവാക്കി
cancel

മാഞ്ചസ്റ്റർ: കൗമാര വിസ്മയം വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ സീനിയർ ടീമിൽ അരങ്ങേറ്റം. ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്‍റി20യിലാണ് പതിനഞ്ചുകാരൻ ഇന്ത്യയുടെ ആദ്യ ഇലവനിൽ ഇടംപിടിച്ചത്.

അന്താരാഷ്ട്ര മത്സരം കളിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ഇന്ത്യൻ താരമെന്ന റെക്കോഡ് ഇതോടെ വൈഭവിന്‍റെ പേരിലായി. ഇതിഹാസം സചിൻ തെണ്ടുൽക്കറിനെയാണ് മറികടന്നത്. വൈസ് ക്യാപ്റ്റൻ തിലക് വർമ വൈഭവിന് അരങ്ങേറ്റ ക്യാപ് കൈമാറി. 15 വയസു മൂന്നു മാസവും ഏഴു ദിവസവും മാത്രമാണ് വൈഭവിന്‍റെ പ്രായം. സചിന്‍റെ പേരിലുള്ള ദീർഘകാല റെക്കോഡാണ് ഇതോടെ പഴങ്കഥയായത് -16 വയസും 205 ദിവസവും.

2026 ഐ.പി.എല്ലിലെ മികച്ച പ്രകടനമാണ് താരത്തിന് ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. സീസണിൽ 776 റൺസ് നേടി ടോപ്പ് സ്കോററായി. ഇന്ത്യ എ ടീമിന് വേണ്ടിയും താരം കളിച്ചിട്ടുണ്ട്. അയർലൻഡിനെതിരായ ട്വന്‍റി20 പരമ്പരയിലും സ്കാഡിൽ ഉണ്ടായിരുന്നെങ്കിലും അവസരം ലഭിച്ചില്ല. ഇന്ത്യൻ ക്രിക്കറ്റിലെ 'വണ്ടർ ബോയ്' എന്നാണ് വൈഭവിനെ ക്രിക്കറ്റ് ലോകം വിശേഷിപ്പിക്കുന്നത്.

ഇന്ത്യ-ഇംഗ്ലണ്ട് ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരമാണ് ഓൾഡ് ട്രാഫോർഡിൽ നടക്കുന്നത്. വൈഭവിന് അവസരം നൽകണമെന്ന് മുൻ താരങ്ങൾ ഉൾപ്പെടെ ആവശ്യപ്പെട്ടിരുന്നു. മലയാളി താരം സഞ്ജു സാംസണ് പകരമാണ് വൈഭവ് ടീമിലെത്തിയത്. അയർലൻഡിനെതിരായ രണ്ടുകളികളിലും ഇംഗ്ലണ്ടിനെതിരെ ഉപക്ഷേിച്ച ആദ്യ മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. അതേസമയം, ടോസ് നേടിയ ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ ബാറ്റിങ് തെരഞ്ഞെടുത്തു.

വൈഭവ്, അഭിഷേക് എന്നിവർക്കൊപ്പം, തിലക് വർമയും ശ്രേയസ് അയ്യരും ഇഷാൻ കിഷനും ശിവം ദുബെയും കൂടെ ചേരുന്നതാണ് ഇന്ത്യയുടെ ബാറ്റിങ് നിര. പേസർമാരായി അർഷദീപ് സിങ്, ഹർഷിത് റാണ എന്നിവരും സ്പിൻവിഭാഗത്തിൽ അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, രവി ബിഷ്‍ണോയി എന്നിവരുമുണ്ടാവും. ഹാരി ബ്രൂക്കിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ടീമിൽ പേസർ ജോഫ്ര ആർച്ചർ തിരിച്ചെത്തി. പേസർ ജോഷ് ടോങ് അരങ്ങേറ്റം കുറിക്കും. പരമ്പരയിലെ ആദ്യ മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു.

ഇന്ത്യൻ ടീം: ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി, അഭിഷേക് ശർമ, ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ, അക്സർ പട്ടേൽ, ഹർഷിത് റാണ, അർഷദീപ് സിങ്, രവി ബിഷ്‍ണോയി, വരുൺ ചക്രവർത്തി.

ഇംഗ്ലണ്ട് ടീം: ഫിൽ സാൾട്ട്, ജോസ് ബട്‍ലർ, ഹാരി ബ്രൂക്, ജേക്കബ് ബെതൽ, ടോം ബാന്റൺ, സാമ കറൻ, വിൽ ജാക്സ്, ലിയാം ഡോസൺ, ആദിൽ റഷീദ്, ജോഫ്ര ആർച്ചർ, ജോഷ് ടോങ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vaibhav Sooryavanshi Gets India Debut Cap
Next Story