Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വൈഭവ് 26 പന്തിൽ 78, ജുറേൽ 43 പന്തിൽ 81*; റോയൽ പോരിൽ രാജസ്ഥാന് ആറു വിക്കറ്റ് ജയം

text_fields
bookmark_border
തുടർച്ചയായ നാലാം ജയം
IPL 2026
cancel

ഗുവാഹതി: ഇന്ത്യൻ പ്രീമിയർ ലീഗിലെ റോയൽ പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് ജയം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ ആറു വിക്കറ്റിനാണ് രാജസ്ഥാൻ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 201 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ രാജസ്ഥാൻ ലക്ഷ്യത്തിലെത്തി.

സീസണിൽ രാജസ്ഥാന്‍റെ തുടർച്ചയായ നാലാം ജയമാണിത്. കൗമാര താരം വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറേലിന്‍റെയും അർധ സെഞ്ച്വറികളാണ് രാജസ്ഥാന് വിജയം സമ്മാനിച്ചത്. 26 പന്തിൽ 78 റൺസെടുത്താണ് വൈഭവ് പുറത്തായത്. ഏഴു സിക്സും എട്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. ക്രുണാൽ പാണ്ഡ്യ എറിഞ്ഞ ഒമ്പതാമത്തെ ഓവറിലെ ആദ്യ പന്തിൽ വിരാട് കോഹ്ലിക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. രണ്ടാം വിക്കറ്റിൽ വൈഭവും ധ്രുവ് ജുറേലും ചേർന്ന് നേടിയ 108 റൺസ് കൂട്ടുകെട്ടാണ് രാജസ്ഥാന്‍റെ വിജയത്തിൽ നിർണായകമായത്.

സൂര്യവംശി 15 പന്തിലാണ് അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലും താരം 15 പന്തിൽ അർധ സെഞ്ച്വറി കുറിച്ചിരുന്നു. 3.5 ഓവറിൽ ടീം സ്കോർ 50ൽ എത്തിയ രാജസ്ഥാൻ, അടുത്ത 15 പന്തിലാണ് നൂറിലെത്തിയത്. ജുറേൽ 43 പന്തിൽ 81 റൺസുമായും രവീന്ദ്ര ജദേജ 25 പന്തിൽ 24 റൺസുമായും പുറത്താകാതെ നിന്നു. ഓപ്പണർ യശസ്വി ജയ്സ്വാൾ (എട്ടു പന്തിൽ 13), ഷിംറോൺ ഹെറ്റ്മെയർ (പൂജ്യം), നായകൻ റയാൻ പരാഗ് (അഞ്ചു പന്തിൽ മൂന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

മഴ കാരണം വൈകിത്തുടങ്ങിയ കളിയിൽ തുടക്കത്തിലെ തകർച്ചക്ക് ശേഷം നായകൻ രജത് പാട്ടിദാർ (40 പന്തിൽ 63) അർധ ശതകവുമായി ടീമിനെ കരകയറ്റുകയായിരുന്നു. ഓപണർ വിരാട് കോഹ്‌ലിയുടെതും (16 പന്തിൽ 32) ഇംപാക്റ്റ് പ്ലെയർ വെങ്കടേശ് അയ്യരുടെതുമാണ് (15 പന്തിൽ 29 നോട്ടൗട്ട്) മറ്റു ശ്രദ്ധേയ സംഭാവനകൾ.

ടോസ് നേടിയ രാജസ്ഥാൻ ഫീൽഡിങ് തെരഞ്ഞെടുത്തു. ഒന്നാം ഓവറിലെ ആദ്യ പന്തിൽത്തന്നെ ആർ.സി.ബി ഓപണർ ഫിൽ സാൾട്ടിനെ ഗോൾഡൻ ഡക്കാക്കി ജോഫ്ര ആർച്ചർ. വിക്കറ്റിന് പിന്നിൽ ധ്രുവ് ജുറെലിന് ക്യാച്ച്. കോഹ്‌ലിയും ദേവ്ദത്ത് പടിക്കലും ചേർന്ന് രക്ഷാപ്രവർത്തനം തുടങ്ങി. പക്ഷേ, ആർച്ചർ വെറുതെയിരുന്നില്ല. ഏഴ് പന്തിൽ 14 റൺസെടുത്ത ദേവ്ദത്തിനെ തന്റെ അടുത്ത ഓവറിൽ പറഞ്ഞുവിട്ടു ഇംഗ്ലീഷ് പേസർ. ഷിമ്രോൺ ഹെറ്റ്മെയറിന്റെ കൈകളിൽ അവസാനിച്ചു ദേവ്ദത്തിന്റെ ഇന്നിങ്സ്. മൂന്ന് ഓവർ പൂർത്തിയാവുമ്പോൾ സ്കോർ രണ്ടിന് 45. ഏഴ് ബൗണ്ടറികളടങ്ങിയ കോഹ്‌ലിയുടെ പോരാട്ടത്തിന് അഞ്ചാം ഓവറിൽ അന്ത്യമായി. സ്പിന്നർ രവി ബിഷ്ണോയിയുടെ പന്തിൽ ബൗൾഡ്.

തന്റെ അടുത്ത ഓവറിൽ ക്രുനാൽ പാണ്ഡ്യയെയും (1) മടക്കി ബിഷ്ണോയി. സ്കോർ നാലിന് 62. അഞ്ച് റൺസെടുത്ത ജിതേഷ് ശർമയെ ബ്രിജേഷ് ശർമ വിക്കറ്റിനു മുന്നിൽ കുടുക്കി. ഒമ്പത് പന്തിൽ 13 റൺസെടുത്ത ടിം ഡേവിഡ് ബ്രിജേഷിന് തന്നെ വിക്കറ്റ് സമ്മാനിച്ചതോടെ 11 ഓവറിൽ ആറിന് 94.

രജതിനെ കൂട്ടിന് നിർത്തി റൊമാരി‍യോ ഷെപ്പേർഡും കത്തിക്കയറിയപ്പോൾ സ്കോർ ഉയർന്നുതുടങ്ങി. എന്നാൽ, 11 പന്തിൽ 22 റൺസടിച്ച ഷെപ്പേർഡിനെ 14ാം ഓവറിൽ ബ്രിജേഷിനെ ഏൽപിച്ചു സ്പിന്നർ രവീന്ദ്ര ജദേജ. മറുതലക്കൽ രജത് പോരാട്ടം തുടർന്നു. നാലുവീതം ഫോറും സിക്സുമടങ്ങിയ നായകന്റെ ഇന്നിങ്സിന് 18ാം ഓവറിൽ വിരാമമായി. ഡൊനോവൻ ഫെരേരക്ക് ക്യാച്ചും സന്ദീപ് ശർമക്ക് വിക്കറ്റും. 166ലാണ് എട്ടാം വിക്കറ്റ് വീണത്. ഡെത്ത് ഓവറുകളിൽ വെങ്കടേശ് ആഞ്ഞടിച്ച് സ്കോർ 200 കടത്തി. ഒമ്പത് റൺസുമായി ഭുവനേശ്വർ കുമാറും ക്രീസിലുണ്ടായിരുന്നു. രാജസ്ഥാൻ ബൗളർമാരിൽ ആർച്ചറും ബിഷ്ണോയിയും ബ്രിജേഷും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vaibhav Sooryavanshi, Dhruv Jurel's Fiery Knocks Hand Unbeaten RR Win Over RCB
Next Story