ഐ.പി.എല്ലിൽ ആർക്കും വേണ്ട; കീവീസ് താരം 51 പന്തിൽ അടിച്ചുകൂട്ടിയത് 151 റൺസ്, അതും 19 സിക്സുകൾ! റെക്കോഡ്
text_fieldsന്യൂയോർക്ക്: ഐ.പി.എല്ലിൽ ആർക്കും വേണ്ടാത്ത യുവതാരം യു.എസിലെ മേജർ ലീഗ് ക്രിക്കറ്റ് (എം.എൽ.സി) ട്വന്‍റി20യിൽ കത്തിക്കയറിയപ്പോൾ പിറന്നത് ഒരുപിടി റെക്കോഡുകൾ!
ന്യൂസിലൻഡിന്‍റെ ഫിൻ അലനാണ് റെക്കോഡ് ബാറ്റിങ്ങുമായി ക്രിക്കറ്റ് ലോകത്തെ അത്ഭുദപ്പെടുത്തിയത്. എം.എൽ.സി 2025 സീസൺ ഉദ്ഘാടന മത്സരത്തിലാണ് സാൻഫ്രാൻസിസ്കോ യൂനികോൺസ് താരമായ അലൻ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്തത്. ഓപ്പണറായി ഇറങ്ങിയ താരം വാഷിങ്ടൺ ഫ്രീഡത്തിനെതിരെ 51 പന്തിൽ 151 റൺസാണ് അടിച്ചുകൂട്ടിയത്. 19 സിക്സുകൾ ഉൾപ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ട്വന്‍റി20യിൽ ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന താരമെന്ന റെക്കോഡിലേക്കാണ് താരം ബാറ്റു വീശിയത്. 34 പന്തിലാണ് താരം സെഞ്ച്വറിയിലെത്തിയത്. എം.എൽ.സിയുടെ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണിത്. അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിലെ അതിവേഗ സെഞ്ച്വറികളിലൊന്നും.
സിക്സുകളുടെ റെക്കോഡിൽ വിൻഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ൽ, സഹിൽ ചൗഹാൻ എന്നിവരെയാണ് താരം മറികടന്നത്. ഇരുവരും മുമ്പ് 18 സിക്സുകൾ വീതം നേടിയിരുന്നു. മത്സരത്തിൽ സാൻഫ്രാൻസിസ്കോ യുണികോൺസ് 123 റൺസിന്‍റെ കൂറ്റൻ വിജയവും സ്വന്തമാക്കി. മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത സാൻഫ്രാൻസിസ്കോ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ വാഷിങ്ടൻ 13.1 ഓവറിൽ 146 റൺസിന് ഓൾ ഔട്ടായി.
ഐ.പി.എല്ലിൽ കഴിഞ്ഞ മൂന്നു സീസണുകളിലും താരത്തെ ആരും വാങ്ങിയിരുന്നില്ല. നേരത്തെ, റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു ടീമിലുണ്ടായിരുന്നെങ്കിലും ഒരു മത്സരത്തിൽ പോലും താരത്തിന് കളിക്കാൻ അവസരം ലഭിച്ചില്ല. അലൻ ഈ ഫോം തുടർന്നാൽ ട്വന്‍റി20 ക്രിക്കറ്റിൽ വരുംദിവസങ്ങളിൽ താരത്തിന്‍റെ മൂല്യം കുത്തനെ ഉയരും. ട്വന്റി20യിലെ അതിവേഗ 150 റൺസ് എന്ന റെക്കോർഡും ഫിൻ മത്സരത്തിൽ സ്വന്തം പേരിലാക്കി. 49 പന്തിലാണ് താരം 150 പിന്നിട്ടത്. 52 പന്തിൽ 150 കടന്ന ദക്ഷിണാഫ്രിക്കൻ താരം ഡിവാൾഡ് ബ്രെവിസിന്റെ റെക്കോർഡാണ് മറികടന്നത്.
മത്സരത്തിലാകെ 28 സിക്സറുകളാണ് സാൻ ഫ്രാൻസിസ്കോ നേടിയത്. ട്വന്‍റി20 ക്രിക്കറ്റിൽ രണ്ടാമത്തെ റെക്കോഡാണിത്. കഴിഞ്ഞ വർഷം സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സിക്കിമിനെതിരെ 37 സിക്സടിച്ച ബറോഡയാണ് ഒന്നാമത്. മറുപടി ബാറ്റിങ്ങിൽ രചിൻ രവീന്ദ്ര (17 പന്തിൽ 42), മിച്ചൽ ഓവൻ (20 പന്തിൽ 39), ജാക്ക് എഡ്വാഡ്സ് (ഏഴു പന്തിൽ 21) എന്നിവർ വാഷിങ്ടണിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെങ്കിലും ടീം 146 റൺസിന് പുറത്തായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

