കോഹ്ലിയാണ് നായകനെങ്കിൽ ടീം തോൽക്കില്ലായിരുന്നു; രോഹിത് ശരാശരിയെന്നും മുൻ ഇംഗ്ലണ്ട് നായകൻ
text_fieldsഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ 190 റൺസിന്‍റെ ലീഡ് നേടിയശേഷമാണ് ഇന്ത്യ മത്സരം കൈവിട്ടത്. നാട്ടിൽ ഒരു ടെസ്റ്റിൽ ലീഡ് നേടിയ ശേഷം തോൽവി വഴങ്ങുന്നത് ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ അപൂർവമാണ്. അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിന്‍റെ വിജയത്തിന് തിളക്കമേറെയാണ്.
രോഹിത് ശർമക്കു പകരം സൂപ്പർ ബാറ്റർ വിരാട് കോഹ്ലിയാണ് ഇന്ത്യയെ നയിച്ചിരുന്നതെങ്കിൽ ടെസ്റ്റിൽ ഇന്ത്യ പരാജയപ്പെടുമായിരുന്നില്ലെന്ന് മുൻ ഇംഗ്ലണ്ട് നായകൻ മൈക്കൽ വോൺ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാൽ ആദ്യ രണ്ടു ടെസ്റ്റുകളിൽനിന്ന് കോഹ്ലി വിട്ടുനിൽക്കുകയാണ്. 28 റൺസിനാണ് ഇന്ത്യ ഒന്നാം ടെസ്റ്റിൽ പരാജയപ്പെട്ടത്. ഇംഗ്ലണ്ടിനായി സ്പിൻ കെണിയൊരുക്കി കാത്തിരുന്ന ഇന്ത്യയെ, അരങ്ങേറ്റക്കാരൻ ടോം ഹോർട്ടിലി കറക്കിവീഴ്ത്തുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. രണ്ടാം ഇന്നിങ്സിൽ ഒലീ പോപ്സിന്‍റെ 196 റൺസ് പ്രകടനവും ഇംഗ്ലീഷ് വിജയത്തിൽ നിർണായകമായി. ജയത്തോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് മുന്നിലെത്തി.
നായകനെന്ന നിലയിൽ രോഹിത്തിന്‍റെ കാലം കഴിഞ്ഞെന്നും ഈ സാഹചര്യങ്ങളിൽ ഇന്ത്യയെ നയിച്ചത് കോഹ്ലിയായിരുന്നെങ്കിൽ ടീം പരാജയപ്പെടില്ലായിരുന്നെന്നും മൈക്കൽ വോൺ ഒരു യൂട്യൂബ് ചാനലിനോട് പറഞ്ഞു. ‘ടെസ്റ്റ് ക്രിക്കറ്റിൽ ടീമിനെ നയിക്കാനുള്ള വിരാട് കോഹ്ലിയുടെ അവസരം നഷ്ടപ്പെടുത്തി. കോഹ്ലിയുടെ നേതൃത്വത്തിലായിരുന്നെങ്കിൽ ഇന്ത്യ ആ മത്സരത്തിൽ തോൽക്കില്ലായിരുന്നു. രോഹിത് ഒരു ഇതിഹാസവും മികച്ച താരവുമാണ്. പക്ഷേ അദ്ദേഹത്തിന്‍റെ കാലം കഴിഞ്ഞു’ -വോൺ പറഞ്ഞു.
രോഹിത്തിന്‍റെ ക്യാപ്റ്റൻസി ശരാശരിയാണ്, പോപ് ക്രീസിൽ നിലയുറപ്പിച്ചപ്പോൾ ഇന്ത്യൻ ബൗളർമാർക്ക് എങ്ങനെ പന്തെറിയണം എന്നുപോലും ധാരണയില്ലായിരുന്നെന്നും വോൺ കൂട്ടിച്ചേർത്തു. ഫെബ്രുവരി രണ്ടിന് വിശാഖപട്ടണത്താണ് രണ്ടാം ടെസ്റ്റ്. കോഹ്ലിക്കു പുറമെ, പരിക്കിനെ തുടർന്ന് സൂപ്പർതാരങ്ങളായ കെ.എൽ. രാഹുൽ, ഓൾ റൗണ്ടർ രവീന്ദ്ര ജദേജ എന്നിവരും രണ്ടാം ടെസ്റ്റിൽ കളിക്കാത്തത് ടീമിന് തിരിച്ചടിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

