അണ്ടർ 15 ഏകദിന ടൂർണമെന്റ്: മുംബൈയെ തകർത്ത് കേരള പെൺകുട്ടികൾ
text_fieldsഅണ്ടർ 15 കേരള ക്രിക്കറ്റ് ടീം
ഇന്ദോർ: പെൺകുട്ടികളുടെ അണ്ടർ 15 ഏകദിന ടൂർണമെന്റിൽ കേരളത്തിന് വിജയത്തുടക്കം. കരുത്തരായ മുംബൈയെ എട്ട് വിക്കറ്റിനാണ് കേരളം തോൽപിച്ചത്. 35 ഓവർ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുംബൈ 119 റൺസിന് ഓൾ ഔട്ടായി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം 27.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈക്ക് രണ്ടാം ഓവറിൽതന്നെ ആദ്യ വിക്കറ്റ് നഷ്ടമായി. അഞ്ച് റൺസെടുത്ത വേദിക നികാമിനെ ജൊഹീന ജിക്കുപാൽ റണ്ണൗട്ടാക്കുകയായിരുന്നു. തുടർന്ന് ക്യാപ്റ്റൻ റിയ ഥാക്കൂറും സൊനാക്ഷി സോളങ്കിയും ചേർന്ന് 37 റൺസ് കൂട്ടിച്ചേർത്തു. സൊനാക്ഷി 25ഉം റിയ 18ഉം റൺസെടുത്തു.
എന്നാൽ ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായതോടെ മുംബൈയുടെ ബാറ്റിങ് തകർച്ചക്ക് തുടക്കമായി. തുടർന്നെത്തിയവരിൽ 26 റൺസെടുത്ത മുദ്ര മാത്രമാണ് പിടിച്ചുനിന്നത്. കേരളത്തിന് വേണ്ടി വൈഗ അഖിലേഷും ആര്യനന്ദയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
കേരളത്തിന് വൈഗ അഖിലേഷും ഇവാന ഷാനിയും ചേർന്ന് മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് 55 റൺസ് കൂട്ടിച്ചേർത്തു. ഇവാന 33 റൺസെടുത്ത് പുറത്തായി. തുടർന്നെത്തിയ ആര്യനന്ദയും വൈഗയും ചേർന്ന് കേരളത്തിന് അനായാസ വിജയം ഉറപ്പാക്കി. വിജയത്തിന് പത്ത് റൺസകലെ 49 റൺസെടുത്ത വൈഗ പുറത്തായി. ആര്യനന്ദ 34 റൺസുമായി പുറത്താകാതെ നിന്നു. കേരളം 28ാം ഓവറിൽ ലക്ഷ്യത്തിലെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

