ന്യൂഡൽഹി: സിഡ്നിയിൽ ആസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ പിന്മാറാൻ അംപയർമാർ അനുമതി നൽകിയെന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ്. മത്സരത്തിനിടെ വംശയീയാതിക്രമം നടന്നതിനിടെ തുടർന്നായിരുന്നു അംപയർമാരുടെ അനുവാദം. എന്നാൽ, ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാന ഇത് നിരസിച്ചുവെന്നും സിറാജ് പറഞ്ഞു.
സിറാജിനും ജസ്പ്രീത് ബുംറക്കുമാണ് ആസ്ട്രേലിയയിൽ വംശീയാതിക്രമം നേരിടേണ്ടി വന്നത്.സിറാജിനെ കുരങ്ങനെന്ന് ആസ്ട്രേലിയൻ കാണികൾ വിളിച്ചു. തുടർന്ന് സംഭവം അംപയർമാരായ പോൾ റെഫിലിേന്റയും പോൾ വിൽസേന്റയും ശ്രദ്ധയിപ്പെടുത്തി. ഇരുവരും മത്സരത്തിൽ നിന്ന് പിന്മാറാൻ അനുമതി നൽകി. എന്നാൽ, രഹാന അംപയർമാരുടെ അനുമതി നിരസിക്കുകയായിരുന്നുവെന്ന് സിറാജ് പറഞ്ഞു.
ഞങ്ങൾ തെറ്റ് ചെയ്തിട്ടില്ല അതുകൊണ്ട് തുടർന്നും കളിക്കാൻ തീരുമാനിക്കുകയായിരുന്നു. എനിക്ക് നീതി ലഭിച്ചാലും ഇല്ലെങ്കിലും സംഭവം അംപയർമാരുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് കടമയായിരുന്നു. അത് ചെയ്തുവെന്നും ആസ്ട്രേലിയൻ പരമ്പരക്ക് ശേഷം ഇന്ത്യയിൽ തിരിച്ചെത്തിയ സിറാജ് പറഞ്ഞു. ആസ്ട്രേലിയയിൽ നടന്ന സംഭവം മാനസികമായി തന്നെ കരുത്തനാക്കിയെന്നും സിറാജ് കൂട്ടിച്ചേർത്തു.
സിറാജിനെതിരെ വംശീയാതിക്രമം ഉണ്ടായതിനെ തുടർന്ന് ആറ് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയിരുന്നു. സംഭവത്തിൽ ക്രിക്കറ്റ് ആസ്ട്രേലിയ നിരുപാധികം മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.