
'അമ്പയർക്ക് സാമാന്യബുദ്ധി വേണമായിരുന്നു'; കോഹ്ലിയുടെ ഔട്ടിൽ വിവാദം തീരുന്നില്ല -വിഡിയോ
text_fieldsന്യൂസിലാൻഡിനെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ വിവാദ വിക്കറ്റാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ച. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിലാണ് സംഭവം.
30ാം ഓവറിൽ അജാസ് പേട്ടലിന്റെ പന്തിൽ കോഹ്ലി എൽ.ബി.ഡബ്ല്യു ആയതോടെയാണ് സംഭവങ്ങളുടെ തുടക്കം. പന്ത് കാലിൽ തട്ടിയതോടെ ന്യൂസിലാൻഡ് താരങ്ങൾ ഉച്ചത്തിൽ അപ്പീൽ ചെയ്തു. ഉടൻ തന്നെ ഓൺഫീൽഡ് അമ്പയർ അനിൽ ചൗധരി കൈവിരൽ ഉയർത്തി.
എന്നാൽ, കാലിൽ തട്ടുന്നതിന മുമ്പ് ബാറ്റിൽ പന്ത് ഉരസിയെന്ന് ഉറപ്പുള്ള കോഹ്ലി റിവ്യൂ നൽകി. ഏറെ സമയമെടുത്ത ശേഷം, പന്ത് ആദ്യം ബാറ്റിൽ തട്ടിയെന്നതിന് വ്യക്തമായ തെളിവുകളില്ലെന്ന് കാണിച്ച് മൂന്നാം അമ്പയർ വീരേന്ദർ ശർമ വിക്കറ്റാണെന്ന് ഉറപ്പിച്ചു. ഇതോടെ സംപൂജ്യനായി കോഹ്ലി മടങ്ങി. ഫീൽഡ് അമ്പയറോട് ഒരക്ഷരം മിണ്ടാതെ മടങ്ങിയ താരം, തന്‍റെ ദേഷ്യം ബൗണ്ടറി ലൈനിലടിച്ച് തീർത്തു.
നിരവധി റീപ്ലേകൾക്ക് ശേഷം, ഓൺ-ഫീൽഡ് അമ്പയറുടെ തീരുമാനത്തെ മറികടക്കാൻ മതിയായ തെളിവുകൾ തന്‍റെ പക്കൽ ഇല്ലെന്ന നിഗമനത്തിലെത്തുകയായിരുന്നു തേർഡ് അമ്പയർ. പന്ത് ബാറ്റിലും പാഡിലും ഒരുമിച്ചാണ് തട്ടിയതെന്ന നിഗമനത്തിൽ എത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ഔട്ട് വിളിച്ചത്. തീരുമാനം കോഹ്‌ലിയെയും ഇന്ത്യൻ ആരാധകരെയും ഒരുപോലെ നിരാശരാക്കി.
തേർഡ് അമ്പയർക്കെതിരെ മുൻ ഇന്ത്യൻ താരങ്ങളടക്കം രംഗത്തെത്തി. 'നോട്ട്ഔട്ട് എന്ന തീരുമാനമാണ് വരേണ്ടിയിരുന്നത്. ന്യൂസിലാൻഡ് സെഷനിൽ ഗംഭീര തിരിച്ചുവരവ് നടത്തി. വിരാടിന്‍റെ വിക്കറ്റ് അവർക്ക് ഏറെ പ്രയോജനപ്പെട്ടു' -മുൻ ഇന്ത്യൻ താരം പാർത്ഥീവ് പട്ടേൽ ട്വീറ്റ് ചെയ്തു.
'അവ്യക്തമായ തെളിവുകൾ തീരുമാനത്തിന്‍റെ ഗുണനിലവാരത്തെ മറയ്ക്കരുത്. ഇവിടെ ഒരു ബാറ്റ്സ്മാനെയും റിവ്യൂവുമാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. ഇരട്ട പ്രഹരമാണിത്' -മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര പറഞ്ഞു.
'എന്‍റെ അഭിപ്രായത്തിൽ ആദ്യം ബാറ്റിലാണ് പന്ത് തട്ടിയത്. അമ്പയറുടെ 'നിർണ്ണായക തെളിവ്' എന്ന തീരുമാനം ഞാൻ മനസ്സിലാക്കുന്നു. പക്ഷേ, സാമാന്യബുദ്ധി ജയിക്കേണ്ട ഒരു സന്ദർഭമാണിത്. എന്നാൽ, സാമാന്യബുദ്ധി അത്ര സാധാരണമല്ല' -മുൻ ഓപ്പണർ വസീം ജാഫർ ട്വീറ്റ് ചെയ്തു.
'അതെ, മോശം തീരുമാനം കളിയുടെ ഭാഗമാണ്. എന്നാൽ, കോഹ്‌ലിക്കെതിരായ തീരുമാനം വലിയ പ്രഹരമാണ്' -മുൻ പേസർ ആർ.പി സിങ് കുറിച്ചു.
ആദ്യദിനം സ്റ്റംപെടുക്കുമ്പോൾ ഇന്ത്യ നാലു വിക്കറ്റിന് 221 എന്ന നിലയിലാണ്. മികച്ച തുടക്കത്തിനുശേഷം പൊടുന്നനെ തുടരെ വിക്കറ്റുകൾ നഷ്ടമായി സമ്മർദത്തിലായ ഇന്ത്യയെ കരകയറ്റിയത് മായങ്ക് അഗർവാളാണ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ തീരുമാനം ശരിവെക്കുന്ന കളിയാണ് മായങ്കും (പുറത്താകാതെ 120) ശുഭ്മാൻ ഗില്ലും (44) കാഴ്ചവെച്ചത്. ആദ്യ വിക്കറ്റിൽ ഇരുവരും 80 റൺസ് ചേർത്തപ്പോൾ ഇന്ത്യയുടെ അടിത്തറ മികച്ചതായി. എന്നാൽ, അപകടം വരാനിരിക്കുന്നതേയുണ്ടായിരുന്നുള്ളൂ.
ഇടംകൈയൻ സ്പിന്നർ അജാസ് പട്ടേൽ രണ്ട് ഓവറിനിടെ മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ ഇന്ത്യ മൂന്നിന് 80 എന്ന നിലയിലായി. ഗില്ലിനെ സ്ലിപ്പിൽ റോസ് ടെയ്ലറുടെ കൈയിലെത്തിച്ച പട്ടേൽ ചേതേശ്വർ പുജാരയെയും കോഹ്‌ലിയെയും പൂജ്യരാക്കി മടക്കി. പുജാര ക്ലീൻബൗൾഡായപ്പോൾ കോഹ്ലി വിക്കറ്റിനു മുന്നിൽ കുടുങ്ങി.
ഇതോടെ പകച്ചുപോയ ഇന്ത്യയെ പക്ഷേ മായങ്ക് ഒറ്റക്ക് ചുമലിലേറ്റി. ആദ്യ ടെസ്റ്റിലെ ഹീറോ അയ്യരെയും (18) സാഹയെയും കൂട്ടുപിടിച്ചായിരുന്നു മായങ്കിെൻറ രക്ഷാപ്രവർത്തനം. ഇടക്ക് അയ്യരെയും പട്ടേൽ പുറത്താക്കിയെങ്കിലും അഭേദ്യമായ അഞ്ചാം വിക്കറ്റിൽ 61 റൺസ് കൂട്ടുകെട്ടുയർത്തി മായങ്കും സാഹയും ടീമിനെ കാത്തു.
Clearly see there was deviation. Ball hit bat first. Virat Kohli immediately take review. Third umpire doing such mistake. Nothing is going good for Virat Kohli. #IndvsNZtest #ViratKohli #indvsnz #Trending pic.twitter.com/tYzmJV3Rkt
— Cric Dzire (@CricDzire) December 3, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
