Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ അണ്ടർ 19...

ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ; ആരോൺ ജോർജിന് സെഞ്ച്വറി, അഫ്ഗാനെതിരെ റെക്കോഡ് ജയം

text_fields
bookmark_border
ഇന്ത്യ അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ; ആരോൺ ജോർജിന് സെഞ്ച്വറി, അഫ്ഗാനെതിരെ റെക്കോഡ് ജയം
cancel

ഹരാരെ (സിംബാബ്‌വെ): അഫ്ഗാനിസ്ഥാന്‍റെ റൺമല അനായാസം മറികടന്ന ഇന്ത്യ ഐ.സി.സി അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ. മലയാളി താരം ആരോൺ ജോർജിന്‍റെ സെഞ്ച്വറിയുടെ ബലത്തിലാണ് സെമിയിൽ അയൽക്കാരുടെ വെല്ലുവിളി മറികടന്ന് ഇന്ത്യൻ കൗമാരപ്പട ആറാം കിരീടത്തിനരികിലെത്തിയത്.

ഏഴു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. വെള്ളിയാഴ്ച നടക്കുന്ന കലാശപ്പോരിൽ ഇംഗ്ലണ്ടാണ് എതിരാളികൾ. ടോസ് നേടി ബാറ്റിങ്ങിനിറങ്ങി അഫ്ഗാൻ കുറിച്ച 310 റൺസ് വിജയലക്ഷ്യം 53 പന്തുകൾ ബാക്കി നിൽക്കെയാണ് ഇന്ത്യ മറികടന്നത്. സ്കോർ - അഫ്ഗാനിസ്ഥാൻ 50 ഓവറിൽ നാലു വിക്കറ്റിന് 310. ഇന്ത്യ 41.1 ഓവറിൽ മൂന്ന് വിക്കറ്റിന് 311. അണ്ടർ 19 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ റൺ ചേസാണ് ഇന്ത്യയുടേത്. അണ്ടർ 19 ലോകകപ്പിൽ ആദ്യമായാണ് ഒരു ടീം ഇന്ത്യക്കെതിരെ മുന്നൂറിനു മുകളിൽ സ്കോർ നേടുന്നത്. 2014 ലോകകപ്പിൽ വെസ്റ്റിൻഡീസ് നേടിയ 294 റൺസായിരുന്നു ഇതുവരെയുള്ള ഉയർന്ന ടോട്ടൽ.

104 പന്തിൽ രണ്ടു സിക്സും 15 ഫോറുമടക്കം 115 റൺസെടുത്താണ് ആരോൺ പുറത്തായത്. 95 പന്തിലാണ് താരം മൂന്നക്കത്തിലെത്തിയത്. വൈഭവ് സൂര്യവംശിയും നായകൻ ആയുഷ് മാത്രെയും അർധ സെഞ്ച്വറി നേടി തിളങ്ങി. 33 പന്തിൽ 68 റൺസെടുത്താണ് വൈഭവ് പുറത്തായത്. നാലു സിക്സും ഒമ്പത് ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. 24 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. മാത്രെ 59 പന്തിൽ നാലു സിക്സും അഞ്ചു ഫോറുമടക്കം 62 റൺസെടുത്തു. ഓപ്പണിങ് വിക്കറ്റിൽ വൈഭവും ആരോണും ഇന്ത്യക്ക് മികച്ച തുടക്കമാണ് നൽകിയത്. 9.3 ഓവറിൽ 90 റൺസാണ് ഇരുവരും അടിച്ചുകൂട്ടിയത്. 47 പന്തിൽ 38 റൺസുമായി വിഹാൻ മൽഹോത്രയും ആറു പന്തിൽ അഞ്ചു റൺസുമായി വേദാന്ത് ത്രിവേദിയും പുറത്താകാതെ നിന്നു.

അഫ്ഗാനുവേണ്ടി നൂറിസ്താനി ഉമർസായി രണ്ടു വിക്കറ്റ് നേടി. നേരത്തെ, ഫൈസൽ ഷിനോസാദയുടെയും ഉസൈറുല്ല നിയാസായിയുടെയും സെഞ്ച്വറികളാണ് അഫ്ഗാൻ സ്കോർ 300 കടത്തിയത്.

ഷിനോസാദ 93 പന്തിൽ 15 ഫോറടക്കം 110 റൺസെടുത്തു. നിയാസായി 86 പന്തിൽ രണ്ടു സിക്സും 12 ഫോറുമടക്കം 101 റൺസെടുത്ത് പുറത്താകാതെ നിന്നു. മൂന്നാം വിക്കറ്റിൽ ഇരുവരും 148 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. ഓപ്പണർമാരായ ഉസ്മാൻ സാദത്ത് 70 പന്തിൽ 39 റൺസെടുത്തും ഖാലിദ് അഹ്മദ്സായി 39 പന്തിൽ 31 റൺസെടുത്തും പുറത്തായി. ഒമ്പത് പന്തിൽ 12 റൺസെടുത്ത അസീസുല്ല മിയാഖിലാണ് പുറത്തായ മറ്റൊരു താരം. അബ്ദുൽ അസീസ് മൂന്നു പന്തിൽ ഏഴു റൺസുമായി പുറത്താകാതെ നിന്നു. യൂത്ത് ഏകദിനത്തിൽ ഷിനോസാദയുടെ ആറാം സെഞ്ച്വറിയാണിത്.

ഇന്ത്യക്കായി ദീപേഷ് ദേവേന്ദ്രനും കനിഷ്ക് ചൗഹാനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അഞ്ചിൽ അഞ്ച് മത്സരങ്ങളും ജയിച്ചാണ് ഇന്ത്യ സെമിയിലെത്തിയത്. ഒന്നാം സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ആസ്ട്രേലിയയെ 27 റൺസിന് തോൽപിച്ചാണ് ഇംഗ്ലീഷുകാർ ഫൈനലിലെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:u19 world cupVaibhav SuryavanshiAaron George
News Summary - U19 World Cup: Aaron George, Vaibhav Suryavanshi Power India To Final With Record Chase
Next Story