സയ്ദ് മുഷ്താഖ് ടീമിൽ ഇടം ലഭിച്ചില്ല; കോച്ചിനെ ക്രിക്കറ്റ് ബാറ്റുകൊണ്ട് തല്ലിച്ചതച്ച് താരങ്ങൾ; കളിക്കാർക്കെതിരെ വധശ്രമത്തിന് കേസ്
text_fieldsപരിക്കേറ്റ കോച്ച് എസ്. വെങ്കിടരാമൻ
ഹൈദരാബാദ്: സയ്ദ് മുഷ്താഖ് അലി ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള ടീമിൽ ഇടം ലഭിക്കാത്തതിന് കോച്ചിനെ തല്ലിച്ചതച്ച് ക്രിക്കറ്റ് താരങ്ങൾ. ഹൈദരാബാദിൽ നടക്കുന്ന ട്വന്റി20 ചാമ്പ്യൻഷിപ്പിനിടെയാണ് പുതുച്ചേരി ക്രിക്കറ്റ് അസോസിയേഷൻ അണ്ടർ 19 പരിശീലകനായ എസ്. വെങ്കിടരാമനെ മൂന്ന് താരങ്ങൾ ചേർന്ന് ക്രൂരമായി മർദിച്ചത്.
ടീമിൽ ഇടം ലഭിക്കാതിരിക്കാൻ കാരണം യൂത്ത് ടീം പരിശീലകനായ വെങ്കിടരാമന്റെ ഇടപെടലാണെന്ന് ആരോപിച്ചായിരുന്നു പുതുച്ചേരിയുടെ മൂന്ന് പ്രാദേശിക താരങ്ങൾ കോച്ചിനെ പരിശീലനത്തിനിടെ മർദിച്ചത്. ഹൈദരാബാദിൽ അണ്ടർ 19 ടീമിന്റെ നെറ്റ്സ് പ്രാക്ടീസ് സെഷനിടെയായിരുന്നു കളിക്കാർ ക്രിക്കറ്റ് ബാറ്റ് ഉപയോഗിച്ച് കോച്ചിനെ മർദിച്ചവശനാക്കിയത്. തോളിനും അരക്കെട്ടിനും പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20ൽ ഏറെ തുന്നലുകളുണ്ട്.
സംഭവത്തിനു പിന്നാലെ പൊലീസ് കേസെടുത്തു. പ്രതികളെന്ന് സംശയിക്കുന്ന പ്രാദേശിക ക്രിക്കറ്റ് താരങ്ങളെ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു. ആക്രമണത്തിനു ശേഷം മുങ്ങിയ ഇവർക്കായി തിരച്ചിൽ ആരംഭിച്ചു. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് പുതുച്ചേരി ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കി.
ടീം സെലക്ഷന്റെ പേരിൽ കോച്ചിന് നേരെയും ആക്രമണമുണ്ടായത് ക്രിക്കറ്റ് കേന്ദ്രങ്ങളിൽ ഞെട്ടലായി മാറി. പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ മികച്ചവരെ മാത്രം ഉൾപ്പെടുത്തി ടീം തയ്യാറാക്കുമ്പോൾ, പുറത്താകുന്നവർ ക്രിമിനലുകളെപോലെ പ്രതികരിക്കുന്നത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് ക്രിക്കറ്റ് ഒഫീഷ്യലുകൾ പ്രതികരിച്ചു. ആക്രമണത്തെ അപലപിക്കുന്നതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. സംസ്ഥാന ടീം സെലക്ഷൻ കമ്മിറ്റികളെ കൂടുതൽ സമ്മദർത്തിലാക്കുന്നതാണ് സംഭവങ്ങൾ.
സംസ്ഥാന താരങ്ങളായ കാർത്തികേയൻ, അരവിന്ദ്‍രാജ്, സന്തോഷ് കുമാരൻ എന്നിവർക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ടീമിൽ നിന്നും ഒഴിവാക്കുന്നതിൽ അണ്ടർ 19 കോച്ചിന്റെയും ഇടപെടലുണ്ടായെന്നാരോപിച്ചാണ് കളിക്കാർ ആക്രമണം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

