തകർത്തടിച്ച് സമീർ മിൻഹാസ് (113 പന്തിൽ 172); ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കൂറ്റൻ സ്കോറിലേക്ക്
text_fieldsദുബൈ: അണ്ടർ 19 ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യക്കെതിരെ പാകിസ്താൻ കൂറ്റൻ സ്കോറിലേക്ക് കുതിക്കുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താൻ നിലിൽ 43 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 307 റൺസെടുത്തിട്ടുണ്ട്.
ഓപ്പണർ സമീൻ മിൻഹാസിന്‍റെ വെടിക്കെട്ട് സെഞ്ച്വറിയാണ് പാകിസ്താനെ മൂന്നുറ് കടത്തിയത്. 113 പന്തിൽ 172 റൺസെടുത്താണ് താരം പുറത്തായത്. ഒമ്പത് സിക്സും 17 ഫോറുമാണ് താരം അടിച്ചുകൂട്ടിയത്. 71 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. അണ്ടർ 19 ഏഷ്യ കപ്പ് ഫൈനൽ ചരിത്രത്തിൽ ഒരു താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോർ സ്വന്തമാക്കിയാണ് താരം പുറത്തായത്.
അഹ്മദ് ഹുസൈൻ 72 പന്തിൽ 56 റൺസെടുത്ത് പുറത്തായി. മൂവരും മൂന്നാം വിക്കറ്റിൽ നേടിയ സെഞ്ച്വറി കൂട്ടുകെട്ടാണ് ടീമിന് കരുത്തായത്. 137 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഇരുവരും പിരിഞ്ഞത്. ഹംസ സഹൂർ (14 പന്തിൽ 18), ഉസ്മാൻ ഖാൻ (45 പന്തിൽ 35) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
13 പന്തിൽ ഒമ്പത് റൺസുമായി നായകൻ ഫർഹാൻ യൂസഫും റണ്ണൊന്നും എടുക്കാതെ ഹുസൈഫ അഹ്സനുമാണ് ക്രീസിൽ. ഇന്ത്യക്കായി ഖിലൻ പട്ടേൽ രണ്ടും ഹെനിൽ പട്ടേൽ, ദീപേഷ് ദേവേന്ദ്രൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. ഏകദിന ഫോർമാറ്റിൽ നടക്കുന്ന ടൂർണമെന്റിൽ അജയ്യരായാണ് ആയുഷ് മഹാത്രെയും സംഘവും ഫൈനലിലെത്തിയത്. പാകിസ്താനാവട്ടെ ഗ്രൂപ് റൗണ്ടിൽ ഇന്ത്യയോട് മാത്രം തോറ്റു.
മൂന്ന് മാസം മുമ്പ് നടന്ന സീനിയർ ഏഷ്യ കപ്പ് ഫൈനലിലും അയൽക്കാരുമായായിരുന്നു സൂര്യകുമാർ യാദവ് സംഘത്തിന്റെയും കിരീടപ്പോരാട്ടം. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം നടന്ന ആദ്യ ബഹുരാഷ്ട്ര ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായി. 14കാരൻ വെടിക്കെട്ട് ഓപണർ വൈഭവ് സൂര്യവംശിയിലാണ് ഇന്ത്യയുടെ പ്രതീക്ഷ. മലയാളി ബാറ്റർ ആരോൺ ജോർജും ഫോമിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

