അഭിജ്ഞാൻ കുണ്ടുവിന് ഇരട്ട സെഞ്ച്വറി, റെക്കോഡ്; അണ്ടർ-19 ഏഷ്യകപ്പിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ
text_fieldsഇരട്ട സെഞ്ച്വറി നേടിയ അഭിജ്ഞാൻ കുണ്ടു
ദുബൈ: അണ്ടർ-19 ഏഷ്യകപ്പിൽ മലേഷ്യക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. അപരാജിത ഇരട്ട സെഞ്ച്വറി നേടിയ അഭിജ്ഞാൻ കുണ്ടുവിന്‍റെ (209*) മികവിൽ 408 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്. അണ്ടർ-19 ഏകദിന ക്രിക്കറ്റിൽ ഒരു ഇന്ത്യൻ താരത്തിനെ ഏറ്റവുമുയർന്ന സ്കോറാണ് കുണ്ടു ദുബൈയിൽ കുറിച്ചത്. 177 റൺസ് നേടിയ അമ്പാട്ടി റായിഡുവിനെയാണ് താരം പിന്നിലാക്കിയത്. നേരത്തെ ഇതേ ടൂർണമെന്‍റിൽ 171 റൺസടിച്ച വൈഭവ് സൂര്യവംശിയേയും കുണ്ടു പിന്തള്ളി. മത്സരത്തിൽ വൈഭവും വേദാന്ത് ത്രിവേദിയും ഇന്ത്യക്കായി അർധ സെഞ്ച്വറി നേടി. നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 408 റൺസടിച്ചത്.
മത്സരത്തിൽ ടോസ് നേടിയ മലേഷ്യ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രണ്ടാം ഓവറിൽ ക്യാപ്റ്റൻ ആയുഷ് മാത്രെയെ (14) പുറത്താക്കി മലേഷ്യ ഞെട്ടിച്ചു. അഞ്ചാം ഓവറിൽ ഏഴ് റൺസ് നേടിയ വിഹാൻ മൽഹോത്രയും പുറത്താകുമ്പോൾ സ്കോർ രണ്ടിന് 47. പതിവു ശൈലിയിൽ ബാറ്റുവീശിയ വൈഭവ് (50) അർധ സെഞ്ച്വറി പൂർത്തിയാക്കിയതിനു പിന്നാലെ വിക്കറ്റ് നഷ്ടപ്പെടുത്തി. പിന്നീടൊന്നിച്ച വേദാന്ത് ത്രിവേദിയും അഭിജ്ഞാൻ കുണ്ടുവും ചേർന്ന് ഇരട്ട സെഞ്ച്വറി കൂട്ടുകെട്ട് ഒരുക്കി. 11-ാം ഓവറിൽ ഒന്നിച്ച സഖ്യം അടുത്ത 30 ഓവർ മലേഷ്യൻ ബൗളർമാരെ വെള്ളംകുടിപ്പിച്ചു.
നാലാം വിക്കറ്റിൽ ത്രിവേദിയും കുണ്ടുവും ചേർന്ന് 209 റൺസാണ് കൂട്ടിച്ചേർത്തത്. ഇന്നിങ്സ് അവസാനിക്കുമ്പോൾ ഇത്രതന്നെ റൺസുമായി പുറത്താകാതെ നിന്നുവെന്നത് കൗതുകമായി. 90 റൺസെടുത്ത ത്രിവേദിയെ കൃഷ്ണമൂർത്തി പുറത്താക്കുമ്പോൾ സ്കോർ ബോർഡിൽ 296 റൺസ് പിറന്നിരുന്നു. പിന്നീടെത്തിയവരെ കാഴ്ചക്കാരാക്കി കുണ്ടു വെടിക്കെട്ട് തുടർന്നു. ഹർവാൻഷ് പംഗാലിയ (5). കനിഷ്ക് ചൗഹാൻ (14), ഖിലൻ പട്ടേൽ (2) എന്നിവർക്ക് കാര്യമായൊന്നും ചെയ്യാനായില്ല. കുണ്ടുവിനൊപ്പം ദീപേഷ് ദേവേന്ദ്രൻ (4*) പുറത്താകാതെ നിന്നു. 125 പന്തിൽ 17 ഫോറും ഒമ്പത് സിക്സുമടക്കമാണ് കുണ്ടു 209 റൺസ് അടിച്ചെടുത്തത്. മലേഷ്യക്കായി മുഹമ്മദ് അക്രം അഞ്ച് വിക്കറ്റ് നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

