വൈഭവിന് 24 പന്തിൽ 50, മൽഹോത്രക്ക് സെഞ്ച്വറി (107 പന്തിൽ 109*); അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ
text_fieldsബുലവായോ (സിംബാബ്‌വെ): വൈഭവ് സൂര്യവംശിയുടെ വെടിക്കെട്ട് അർധ സെഞ്ച്വറിയുടെയും വിഹാൻ മാൽഹോത്രയുടെ അപരാജിത സെഞ്ച്വറിയുടെയും ബലത്തിൽ അണ്ടർ 19 ലോകകപ്പിൽ സിംബാബ്‌വെക്കെതിരെ ഇന്ത്യക്ക് കൂറ്റൻ സ്കോർ. സൂപ്പർ സിക്സ് പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 352 റൺസെടുത്തു.
ഐ.പി.എല്ലിൽ ബംഗളൂരു താരമായ മൽഹോത്ര 107 പന്തിൽ ഏഴു ബൗണ്ടറിയടക്കം 109 റൺസുമായി പുറത്താകാതെ നിന്നു. 30 പന്തിൽ നാലു വീതം സിക്സും ഫോറുമടക്കം 52 റൺസെടുത്താണ് വൈഭവ് പുറത്തായത്. ടൂർണമെന്‍റിലെ താരത്തിന്‍റെ രണ്ടാം അർധ സെഞ്ച്വറിയാണിത്. അഭിഗ്യാൻ കുണ്ടു 62 പന്തിൽ 61 റൺസെടുത്തു. ട്വന്‍റി20 ശൈലിയിൽ ബാറ്റുവീശിയ ഓപ്പണർമാരായ മലയാളി താരം ആരോൺ ജോർജും വൈഭവും വെടിക്കെട്ട് തുടക്കമാണ് ഇന്ത്യക്ക് നൽകിയത്. 4.1 ഓവറിൽ 44 റൺസാണ് ഇരുവരും അടിച്ചെടുത്തത്. 16 പന്തിൽ 23 റൺസെടുത്ത ആരോണിന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്.
നായകൻ ആയുഷ് മാത്രയെ കൂട്ടുപിടിച്ച് വൈഭവ് വെടിക്കെട്ട് തുടർന്നു. 24 പന്തിലാണ് താരം അർധ സെഞ്ച്വറി പൂർത്തിയാക്കിയത്. നാലു സിക്സും നാലു ഫോറും അടങ്ങുന്നതാണ് ഇന്നിങ്സ്. 61 പന്തിൽ ടീം സ്കോർ നൂറിലെത്തി. പിന്നാലെ 19 പന്തിൽ 21 റൺസെടുത്ത മാത്ര പുറത്തായി. അതേ ഓവറിൽ വൈഭവും മടങ്ങി. അധികം വൈകാതെ വൈദാന്ത് ത്രിവേദിയും (18 പന്തിൽ 15) പുറത്തായതോടെ ഇന്ത്യ പ്രതിരോധത്തിലായി.
നാലു വിക്കറ്റ് നഷ്ടത്തിൽ 130. അഞ്ചാം വിക്കറ്റിൽ മൽഹോത്രയും കുണ്ടുവും ചേർന്നാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയാണ് സഖ്യം പിരിഞ്ഞത്. അവസാന ഓവറുകളിൽ ഖിലാൻ പട്ടേലിന്‍റെ കാമിയോ കൂടി ആയതോടെ ഇന്ത്യൻ സ്കോർ 350 കടന്നു. കനിഷ്ക് ചൗഹാൻ (എട്ടു പന്തിൽ മൂന്ന്), ആർ.എസ്. അംബ്രീഷ് (28 പന്തിൽ 21) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. രണ്ടു റണ്ണുമായി ഹെനിൽ പട്ടേൽ പുറത്താകാതെ നിന്നു.
സിംബാബ്‌വെക്കായി ടറ്റെൻഡ ചിമുഗോറോ എട്ടു ഓവറിൽ 49 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. പനാഷെ മസായി, സിംബരാഷെ മുഡ്‌സെൻഗെരെരെ എന്നിവർ രണ്ടു വിക്കറ്റ് വീതവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

