ആർ.സി.ബി വിജയാഘോഷത്തിനിടെ കർണാടകയിൽ രണ്ടു മരണം, വിക്ടറി പരേഡിനൊരുങ്ങി ബംഗളൂരു
text_fieldsബംഗളൂരു: റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ കന്നി ഐ.പി.എൽ കിരീട വിജയാഘോഷത്തിനിടെ കർണാടകയിൽ രണ്ടു മരണം. ശിവമൊഗ്ഗയിൽ ആരാധകരുടെ ആഘോഷത്തിനിടെ ബൈക്കുകൾ കൂട്ടിയിച്ച് യുവാവ് മരിച്ചു. വെങ്കടേഷ് നഗർ സ്വദേശിയായ അഭിനന്ദൻ (21) ആണ് മരിച്ചത്.
രവീന്ദ്രനഗറിലെ ഗണപതി ക്ഷേത്രത്തിനു മുന്നിലാണ് അപകടം. കിരീട നേട്ടത്തിനു പിന്നാലെ ആരാധകർ നടത്തിയ ബൈക്ക് റാലിയിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ അഭിനന്ദൻ സംഭവ സ്ഥലത്തുവെച്ചു തന്നെ മരണത്തിന് കീഴടങ്ങി. മറ്റൊരു ആരാധകന് സാരമായി പരിക്കേറ്റു. വിജയാഘോഷം രാത്രി വൈകിയും തുടർന്നതോടെ ആരാധകരെ പിരിച്ചുവിടാനായി പൊലീസ് ലാത്തി വീശി. ബെളഗാവി ജില്ലയിലെ മൂദലഗി താലൂക്കിൽ ആഘോഷത്തിനിടെ യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. അവരാദി ഗ്രാമത്തിലെ മഞ്ജുനാഥ് കമ്പാറാണ് (25) മരിച്ചത്.
വിരാട് കോഹ്ലിയുടെയും സംഘത്തിന്‍റെയും കിരീടം നേട്ടം സുഹൃത്തുക്കൾക്കൊപ്പം ആഘോഷിക്കുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടാകുന്നത്. 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആർ.സി.ബി നേടിയ കിരീട നേട്ടം ആരാധകർ മതിമറന്ന് ആഘോഷിക്കുകയാണ്. ബംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ അർധരാത്രിയിലും ആഘോഷം തുടർന്നു. വൈകീട്ട് ബംഗളൂരുവിൽ ടീമിന്‍റെ വിക്ടറി പരേഡ് നടക്കുന്നുണ്ട്.
ആർ.സി.ബി വിക്ടറി പരേഡ്, ഈ സാലെ കപ്പ് നംദു എന്നീ ഹാഷ് ടാഗുകൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അഹ്മദാബാദിൽ നടന്ന ആവേശ ഫൈനലിൽ പഞ്ചാബ് കിങ്സിനെ ആറു റൺസിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

