സൂപ്പർ 12 റൗണ്ടിൽ ശനിയാഴ്ച രണ്ടു കളികൾ; ഞായറാഴ്ച ഇന്ത്യ x പാകിസ്താൻ
text_fieldsസിഡ്നി/പെർത്ത്: കുട്ടിക്രിക്കറ്റിന്റെ ലോകമാമാങ്കത്തിൽ സൂപ്പർ പോരാട്ടങ്ങൾക്ക് ശനിയാഴ്ച തുടക്കം. നേരത്തേ തുടങ്ങിയ പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് വെള്ളിയാഴ്ച അവസാനമാകും. അതിനുപിറകെയാണ് 12 ടീമുകൾ രണ്ടു റൗണ്ടുകളിലായി അങ്കംവെട്ടുന്ന സൂപ്പർ 12 പോരാട്ടങ്ങൾക്ക് മൈതാനമുണരുക.
ഗ്രൂപ് ഒന്നിലേക്ക് ആസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യൂസിലൻഡ്, അഫ്ഗാനിസ്താൻ ടീമുകളാണ് നേരിട്ട് യോഗ്യത നേടിയത്. രണ്ടാം ഗ്രൂപ്പിൽ ഇന്ത്യ, പാകിസ്താൻ, ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് ടീമുകളും. പ്രാഥമിക റൗണ്ടിലെ രണ്ടു ഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാർ ഇവർക്കൊപ്പം ചേരും. ഗ്രൂപ് എ മത്സരങ്ങൾ പൂർത്തിയായപ്പോൾ ശ്രീലങ്കയും നെതർലൻഡ്സും സൂപ്പർ 12ലേക്ക് യോഗ്യത നേടിയിട്ടുണ്ട്. ബി ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ വെള്ളിയാഴ്ചയാണ്. വെസ്റ്റിൻഡീസ്, സിംബാബ്വെ, സ്കോട്ട്ലൻഡ്, അയർലൻഡ് ടീമുകൾക്കെല്ലാം രണ്ടു പോയന്റ് വീതമായതിനാൽ ജയിക്കുന്ന ടീമുകൾ മുന്നേറും. അയർലൻഡും വെസ്റ്റിൻഡീസും തമ്മിലും സ്കോട്ട്ലൻഡും സിംബാബ്വെയും തമ്മിലുമാണ് മത്സരം.
ശനിയാഴ്ച ആതിഥേയരായ ആസ്ട്രേലിയ അയൽക്കാരായ ന്യൂസിലൻഡിനെ നേരിടുന്നതോടെയാണ് സൂപ്പർ 12 റൗണ്ടിന് തുടക്കമാവുക. രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ട് അഫ്ഗാനിസ്താനുമായും ഏറ്റുമുട്ടും. ഞായറാഴ്ച പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യകളി.
ആറു ടീമുകൾ വീതമുള്ള ഇരുഗ്രൂപ്പുകളിലെയും ആദ്യ രണ്ടു സ്ഥാനക്കാർ സെമി ഫൈനലിലേക്ക് മുന്നേറും. നവംബർ 9,10 തീയതികളിലാണ് സെമി. ഫൈനൽ 13ന് നടക്കും.

