ഓ സിക് സ് മാർകസ്
text_fieldsശ്രീലങ്കക്കെതിരെ ആസ്ട്രേലിയൻ താരം
മാർകസ് സ്റ്റോയ്നിസിന്റെ ബാറ്റിങ്
പെർത്ത്: ട്വന്റി20 ലോകകപ്പ് സൂപ്പർ 12ലെ രണ്ടാം മത്സരത്തിൽ ശ്രീലങ്ക കുറിച്ച 157 റൺസ് അനായാസം മറികടന്ന് ആദ്യ ജയം ആഘോഷിച്ച് ആതിഥേയരായ ആസ്ട്രേലിയ. 18 പന്തിൽ നാലു ബൗണ്ടറിയും ആറു സിക്സുമടക്കം 59 റൺസെടുത്ത് പുറത്താവാതെനിന്ന മാർകസ് സ്റ്റോയ്നിസിന്റെ വെടിക്കെട്ടാണ് ഏഴു വിക്കറ്റ് വിജയത്തിനു പിന്നിൽ.
ടോസ് നേടിയ ഓസീസ് ഫീൽഡിങ് തിരഞ്ഞെടുത്തു. ഓപണർ കുശാൽ മെൻഡിസിനെ നേരത്തേ നഷ്ടപ്പെട്ട ലങ്ക പിന്നീട് മത്സരത്തിലേക്ക് തിരിച്ചുവന്ന് മാന്യമായ സ്കോറിലെത്തുകയായിരുന്നു. ഓപണർ പാതും നിസൻകയും (45 പന്തിൽ 40) അവസാന ഓവറുകളിൽ ചരിത് അസലങ്കയും (25 പന്തിൽ 38 നോട്ടൗട്ട്) മികവുകാട്ടിയപ്പോൾ 20 ഓവറിൽ ആറു വിക്കറ്റിന് 157. 16.3 ഓവറിലാണ് കങ്കാരു നാട്ടുകാർ ലക്ഷ്യത്തിലെത്തിയത്.
നിസൻകക്കും അസലങ്കക്കും പുറമെ ധനഞ്ജയ ഡിസിൽവ (26) മാത്രമേ ലങ്കൻനിരയിൽ രണ്ടക്കം കടന്നുള്ളൂ. ഓപണർ ഡേവിഡ് വാർണർ (11), മിച്ചൽ മാർഷ് (18), ഗ്ലെൻ മാക്സ് വെൽ (23) എന്നിവരുടെ വിക്കറ്റുകൾ ഓസീസിന് നഷ്ടമായി. മറ്റൊരു ഓപണറും നായകനുമായ ആരോൺ ഫിഞ്ച് 42 പന്തിൽ 31 റൺസുമായി പുറത്താവാതെ നിന്നു.
കോവിഡ് ബാധിതനായ സ്പിന്നർ ആഡം സാംപയില്ലാതെയാണ് ആസ്ട്രേലിയ ഇറങ്ങിയത്. ആദ്യ കളിയിൽ ഫിഞ്ചും സംഘവും ന്യൂസിലൻഡിനോട് തോറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

