മേരേ പ്യാരേ; അയൽവാസിയോം
text_fieldsമെൽബൺ: ആസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് ഉൾപ്പെടുന്ന മേഖലയിൽ ഞായറാഴ്ച വൈകീട്ട് മഴ പെയ്യാനുള്ള സാധ്യത 80 ശതമാനമെന്നാണ് കാലാവസ്ഥ പ്രവചനം. ഇന്ത്യയും പാകിസ്താനും ലോക കുട്ടിക്രിക്കറ്റ് പോരാട്ടത്തിനിറങ്ങുന്ന നാളാണ്.
ഇന്ത്യ-പാക് മത്സരം ഇരുരാജ്യങ്ങളിലെ മാത്രമല്ല ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾക്ക് എക്കാലവും ആവേശം പകരാറുണ്ട്. ഇരു ടീമും മുഖാമുഖം വരുന്നതുതന്നെ വല്ലപ്പോഴുമാണ്. അത് ലോകകപ്പിലാവുമ്പോൾ ആരവം നൂറിരട്ടിയാവും. 2021ലെ ട്വന്റി20 ലോകകപ്പിൽ പാകിസ്താൻ ഇന്ത്യയെ തോൽപിച്ചു വിട്ടതാണ്. പകരം ചോദിക്കാൻ ഇതിൽപരമൊരു അവസരമില്ല.
പാകിസ്താനെ സംബന്ധിച്ച് ലോകകപ്പ് ഏകദിനമായാലും ട്വന്റി20 ആയാലും ഇന്ത്യയോട് തോറ്റിട്ടേ ശീലമുള്ളൂ. അത് മാറിക്കഴിഞ്ഞെന്ന് തെളിയിക്കാനുമുള്ള ശ്രമമാവും സൂപ്പർ 12ൽ ഗ്രൂപ് രണ്ടിലെ ഇന്നത്തെ മത്സരം.
ദീപാവലി കൊഴുപ്പിക്കാൻ ഇന്ത്യ
ദീപാവലി ആഘോഷങ്ങളുടെ പൊലിമയിലാണ് ഇന്ത്യ. ഇക്കൊല്ലം ആദ്യം തുടങ്ങിയതാണ് ലോകകപ്പ് ഒരുക്കം. മിക്ക പരമ്പരകളും ജയിച്ചു. അതിന്റെ ആത്മവിശ്വാസം രോഹിത് ശർമക്കും സംഘത്തിനുമുണ്ട്. മുൻനിര ബാറ്റർമാരെല്ലാം ഫോമിലാണ്. പക്ഷേ, നിർണായക സമയങ്ങളിൽ പരാജയമാവുന്ന വെല്ലുവിളിയുമുണ്ട്. ഓരോ മത്സരത്തിലും കോമ്പിനേഷൻ മാറ്റാനും തയാറാണെന്ന് രോഹിത് വ്യക്തമാക്കിയത് ഇതൊക്കെ മുന്നിൽക്കണ്ടാവണം.
രോഹിതും കെ.എൽ. രാഹുലും വിരാട് കോഹ്‍ലിയും സൂര്യകുമാർ യാദവുമടങ്ങുന്ന മുൻനിര മിന്നിയാൽ കളിയുടെ സ്വഭാവം മാറും. ഓൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും അക്സർ പട്ടേലും ദീപക് ഹൂഡയുമുണ്ടെങ്കിലും രവീന്ദ്ര ജദേജയുടെ കുറവ് വലിയ ശൂന്യത തന്നെ.
ബൗളർമാർ കടലാസിൽ കരുത്തരാണ്. പക്ഷേ, കൂറ്റൻ സ്കോറിനെപ്പോലും പ്രതിരോധിക്കാൻ കഴിയാതെ പരാജയപ്പെടുന്നത് സ്ഥിരം കാഴ്ച. സ്പെഷലിസ്റ്റ് സ്പിന്നർമാരായി ആർ. അശ്വിനും യുസ്‌വേന്ദ്ര ചാഹലും പേസർമാരായി ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ എന്നിവരും. ജസ്പ്രീത് ബുംറയുടെ അഭാവവും ഇന്ത്യയെ അലട്ടുന്ന പ്രധാനഘടകമാണ്. വിക്കറ്റിന് പിറകിൽ നിൽക്കാൻ ഋഷഭ് പന്തുമുണ്ടെങ്കിലും ആദ്യ ചോയ്സ് ദിനേശ് കാർത്തിക്കിന് തന്നെ.
പാകിസ്താൻ ജയത്തുടർച്ചക്ക്
ട്വന്റി20 ബാറ്റർമാരുടെ റാങ്ക് എടുത്തുനോക്കിയാൽ ഒന്നും മൂന്നും സ്ഥാനക്കാർ പാകിസ്താനികളാണ്, മുഹമ്മദ് റിസ്‍വാനും ക്യാപ്റ്റൻ ബാബർ അഅ്സമും. ഹാരിസ് റഊഫ്, ഷദബ് ഖാൻ തുടങ്ങിയ ബൗളിങ് കേമന്മാരുടെ കൂട്ടത്തിലേക്ക് ഷാഹിൻ അഫ്രീദി തിരിച്ചെത്തിയിട്ടുണ്ട്.
കവിഞ്ഞ ലോകകപ്പിൽ ഇന്ത്യയെ തകർത്തതിൽ പ്രധാനി ജൂനിയർ അഫ്രീദിയായിരുന്നു. ഈയിടെ നടന്ന ഏഷ്യ കപ്പിന്റെ ഗ്രൂപ്പ് റൗണ്ടിലും സൂപ്പർ ഫോറിലും ഇരു ടീമും ഏറ്റുമുട്ടിയിരുന്നു. ആദ്യ മത്സരത്തിൽ ജയിച്ച ഇന്ത്യയോട് പിന്നീട് പാകിസ്താൻ കണക്കുതീർത്തപ്പോൾ അത് രോഹിതിന്റെയും കൂട്ടരുടെയും പുറത്താവലിലേക്കുവരെ നയിച്ചു.
ടീം ഇവരിൽനിന്ന്
ഇന്ത്യ: രോഹിത് ശർമ (ക്യാപ്റ്റൻ), കെ.എൽ. രാഹുൽ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്, യുസ്‌വേന്ദ്ര ചാഹൽ, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ദീപക് ഹൂഡ.
പാകിസ്താൻ: ബാബർ അഅ്സം (ക്യാപ്റ്റൻ), ഷദബ് ഖാൻ, ആസിഫ് അലി, ഫഖർ സമാൻ, ഹൈദർ അലി, ഹാരിസ് റഊഫ്, ഇഫ്തിഖാർ അഹമ്മദ്, ഖുഷ്ദിൽ ഷാ, മുഹമ്മദ് ഹസ്‌നൈൻ, മുഹമ്മദ് നവാസ്, മുഹമ്മദ് റിസ്‍വാൻ, മുഹമ്മദ് വസീം, നസീം ഷാ, ഷഹീൻ ഷാ അഫ്രീദി, ഷാൻ മസൂദ്.
അയർലൻഡ് ഇന്ന് ശ്രീലങ്കക്കെതിരെ
ഹൊബാർട്ട്: വെസ്റ്റിൻഡീസിനെ ലോകകപ്പിൽ നിന്നുതന്നെ പറഞ്ഞുവിട്ട് യോഗ്യത നേടിയെത്തിയ അയർലൻഡിന് ഞായറാഴ്ച സൂപ്പർ 12 ഗ്രൂപ് രണ്ടിൽ ആദ്യ പരീക്ഷ. ശ്രീലങ്കയാണ് എതിരാളികൾ. ഐറിഷ് സംഘത്തെ സംബന്ധിച്ച് കിട്ടുന്നതെന്തും ബോണസാണ്. പരിക്കുകൾ വേട്ടയാടുന്ന ശ്രീലങ്കക്ക് പക്ഷേ, ഇവരുയർത്തുന്ന വെല്ലുവിളി മറികടക്കാനായില്ലെങ്കിൽ വലിയ നാണക്കേടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

