നിസ്സാരം: 13.2 ഓവറിൽ കളി തീർത്ത് ഓസീസ്; പരമ്പരയിൽ ഇന്ത്യ പിറകിൽ
text_fieldsമിച്ചൽ മാർഷും ്രടാവിസ് ഹെഡും റണ്ണിനായോടുന്നു
മെൽബൺ: ജോഷ് ഹെയ്സൽവുഡിന്റെ തീ പാറുന്ന പന്തുകൾക്ക് മുന്നിൽ പകച്ചുപോയ ഇന്ത്യക്ക് ആസ്ട്രേലിയക്കെതിരായ രണ്ടാം ട്വൻറി20 മത്സരത്തിൽ നാലു വിക്കറ്റ് തോൽവി. ആദ്യ കളി മഴയെടുത്ത അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇതോടെ ആതിഥേയർ മുന്നിലെത്തി. നാലോവറിൽ വെറും 13 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റെടുത്ത് കളിയിലെ കേമനായ ഹെയ്സൽവുഡിന് മുന്നിൽ മുൻനിര തകർന്നതോടെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.4 ഓവറിൽ 125 റൺസിലൊതുങ്ങി. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ആതിഥേയർ 40 പന്തുകൾ ബാക്കിയിരിക്കെ വിജയ റൺ കുറിച്ചു. തകർച്ചക്കിടയിലും തകർത്തടിച്ച ഓപണർ അഭിഷേക് ശർമയുടെ ചെറുത്തുനിൽപാണ് ഇന്ത്യൻ സ്കോറിന് അൽപമെങ്കിലും മാന്യത നൽകിയത്. 37 പന്തിൽ 68 റൺസെടുത്ത അഭിഷേകിനൊപ്പം ആറാം വിക്കറ്റിന് ഒത്തുചേർന്ന ഹർഷിത് റാണ മാത്രമാണ് ഇന്ത്യയുടെ ബാറ്റർമാരിൽ രണ്ടക്കം കടന്ന മറ്റൊരാൾ. ഹർഷിത് 33 പന്തിൽ 35 റൺസെടുത്തു.
ടോസ് നഷ്ടമായി ആദ്യം പാഡ് കെട്ടിയിറങ്ങിയ ഇന്ത്യയുടെ ഓപണർ ശുഭ്മാൻ ഗില്ലിനെ മടക്കിയാണ് ഹെയ്സൽ വുഡ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. ആദ്യ പന്ത് മുതൽ ക്രീസിൽ അതിജീവനത്തിന് പാടുപെട്ട ഗില്ലിന്റെ (5) പിഴച്ച ഷോട്ട് മാർഷിന്റെ കൈകളിലെത്തി. മറുവശത്ത് സ്ഥാനക്കയറ്റവുമായി വൺ ഡൗണായെത്തിയ മലയാളി താരം സഞ്ജു സാംസണിനും കിട്ടിയ അവസരം മുതലെടുക്കാനായില്ല. രണ്ട് റൺ മാത്രമെടുത്ത സഞ്ജുവിനെ എല്ലിസ് വിക്കറ്റിന് മുന്നിൽ കുടുക്കി. പിന്നാലെ ഹെയ്സൽവുഡ് ഇന്ത്യൻ ബാറ്റിങ്ങിെന്റ നട്ടെല്ലൊടിക്കുകയായിരുന്നു.
ഹെയ്സൽ വുഡ് എറിഞ്ഞ ഇന്നിങ്സിലെ അഞ്ചാമത്തെ ഓവറിൽ ജീവൻ വീണുകിട്ടിയ നായകൻ സൂര്യകുമാർ യാദവിന് അവസരം മുതലെടുക്കാനാവാതെ പോയി. സൂര്യകുമാർ യാദവിനെയും (ഒന്ന്) റണ്ണെടുക്കും മുമ്പേ തിലക് വർമയെയും വിക്കറ്റിന് പിന്നിൽ ഇൻഗ്ലീസിന്റെ കൈകളിലെത്തിച്ച ഹെയ്സൽവുഡ് ഇന്ത്യയെ പ്രതിരോധത്തിലാക്കുകയായിരുന്നു. പിന്നാലെ, അക്സർ പട്ടേൽ (7) ഇല്ലാത്ത റണ്ണിനോടി വിക്കറ്റ് കളഞ്ഞതോടെ ഇന്ത്യ എട്ടാമത്തെ ഓവറിൽ അഞ്ചിന് 47 എന്ന ദയനീയ നിലയിലായി. അഭിഷേകിന് അർഷിത് റാണ കൂട്ടിനെത്തിയതോടെയാണ് ഇന്ത്യ പതിയെ സ്കോർ മൂന്നക്കം കടത്തിയത്. 111 പന്തുകൾ എറിഞ്ഞുതീരും വരെ ക്രീസിലുണ്ടായിരുന്ന അഭിഷേകിന് അതുവരെ വെറും 37 പന്തുകൾ മാത്രമാണ് നേരിടാനായത്.
വിജയമുറപ്പിച്ച മട്ടിൽ മറുപടി ബാറ്റിങ്ങിനിറങ്ങിയ ആതിഥേയ ഓപണർമാരായ ക്യാപ്റ്റൻ മിച്ചൽ മാർഷും (46) ട്രാവിസ് ഹെഡും (28) ടീമിന് നല്ല തുടക്കം നൽകി. ജസ്പ്രീത് ബുംറയെ സൂക്ഷിച്ച് നേരിട്ട ഇരുവരും ഹർഷിതിനെയും കുൽദീപിനെയും നന്നായി കൈകാര്യം ചെയ്തു. ഇന്ത്യൻ ബൗളർമാരിൽ നാലോവറിൽ 23 റൺ മാത്രം വിട്ടുനൽകി രണ്ട് വിക്കറ്റെടുത്ത വരുൺ ചക്രവർത്തി മാത്രമാണ് മികച്ചുനിന്നത്. അവസാന ഘട്ടത്തിൽ ബുംറ തുടർച്ചയായ പന്തുകളിൽ രണ്ടു വിക്കറ്റെടുത്തെങ്കിലും അപ്പോഴേക്കും കളി ആസ്ട്രേലിയയുടെ കൈപ്പിടിയിലൊതുങ്ങിയിരുന്നു. പരമ്പരയിലെ മൂന്നാം മത്സരം ഞായറാഴ്ച ഹൊബാർട്ടിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

