‘രോഹിത്തിന് ടീമിൽ സ്ഥാനമില്ല’; ഷമ മുഹമ്മദിനെ പിന്തുണച്ച് തൃണമൂൽ കോൺഗ്രസ് എം.പി
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ രോഹിത് ശർമയെ കുറിച്ച് നടത്തിയ വിമർശനം വലിയ വിവാദമായിരിക്കെ, കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിന് പിന്തുണയുമായി തൃണമൂൽ കോൺഗ്രസ് നേതാവും എം.പിയുമായ സൗഗത റോയി രംഗത്ത്.
ഷമ തെറ്റായി ഒന്നും പറഞ്ഞിട്ടില്ലെന്നും രോഹിത് ടീമിൽ പോലും ഉണ്ടാകാൻ പാടില്ലെന്നും സൗഗത റോയി പ്രതികരിച്ചു. ‘രോഹിത് ശർമയുടെ പ്രകടനം വളരെ മോശമാണെന്ന് ഞാൻ കേട്ടു. ഒരു സെഞ്ച്വറിയും അതിനു ശേഷം രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിങ്ങനെയാണ് താരത്തിന്‍റെ സ്കോർ. അദ്ദേഹം ടീമിൽപ്പോലും ഉണ്ടാകാൻ പാടില്ല. മറ്റു താരങ്ങൾ നന്നായി കളിക്കുന്നതു കൊണ്ടു മാത്രമാണ് ഇന്ത്യ ജയിക്കുന്നത്, അല്ലാതെ ക്യാപ്റ്റന്‍റെ സംഭാവന കൊണ്ടല്ല. ഷമ മുഹമ്മദ് പറഞ്ഞത് ശരിയായ കാര്യമാണ്’ -മുതിർന്ന നേതാവ് സൗഗത റോയി പറഞ്ഞു.
തടികൂടിയ കായികതാരമാണ് രോഹിത്തെന്നും അദ്ദേഹം ഭാരം കുറക്കണമെന്നും ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റൻമാരിൽ ഒരാളാണെന്നുമാണ് ഷമ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നത്. വിമർശനം ശക്തമായതിനു പിന്നാലെ അവർ തന്നെ പോസ്റ്റ് പിൻവലിച്ചിരുന്നു.
ഷമയുടെ പരാമർശം ആയുധമാക്കി ബി.ജെ.പി രംഗത്തുവന്നതോടെ, അത് പാർട്ടി നിലപാടല്ലെന്ന് വ്യക്തമാക്കി കോൺഗ്രസിന് രംഗത്തുവരേണ്ടിവന്നു. കായിക മേഖലയിലെ ഇതിഹാസങ്ങൾ നൽകുന്ന സംഭാവനകളെ അങ്ങേയറ്റം ബഹുമാനത്തോടും ആദരവോടും കൂടിയാണ് കോൺഗ്രസ് കാണുന്നതെന്നും അവരെ ഇകഴ്ത്തിക്കാട്ടുന്ന ഒരു പ്രസ്താവനയും പാർട്ടിയുടേതല്ലന്നും കോൺഗ്രസ് നേതാവ് പവൻ ഖേര പറഞ്ഞു. ഐ.സി.സി ടൂർണമെന്‍റ് നടക്കുന്നതിനിടയിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ ടീമിന്‍റെയും കളിക്കാരന്‍റെയും മനോവീര്യം തകർക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) വ്യക്തമാക്കി.
ഒരു ഉത്തരവാദിത്വമുള്ളയാളുടെ വായിൽനിന്നു ഇത്തരത്തിലുള്ള വാക്കുകൾ വരുന്നത് നിർഭാഗ്യകരമാണ്. അതും ഒരു ഐ.സി.സി ടൂർണമെന്‍റിനിടയിൽ. ഇത് ചിലപ്പോൾ ടീമിനെയും കളിക്കാരനയും മോശമായി ബാധിച്ചേക്കാം. എല്ലാ താരങ്ങളും അവരുടെ കഴിവിന്‍റെ പരമാവധി നൽകിയാണ് കളിക്കുന്നത്. അതിന്‍റെ ഫലവും ലഭിക്കുന്നുണ്ട്. വ്യക്തിപരമായ പബ്ലിസിറ്റിക്ക് വേണ്ടി ഇത്തരം അവഹേളനപരമായ പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് വ്യക്തികൾ വിട്ടുനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു -ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

