തകർത്തടിച്ച് വൈഭവ്, പ്രഭ്സിമ്രാനും ഋതുരാജിനും തിലകിനും അർധ സെഞ്ച്വറി; ത്രിരാഷ്ട്ര പരമ്പരയിൽ ഇന്ത്യ ‘എ’ക്ക് വമ്പൻ സ്കോർ
text_fieldsദംബുല്ല: ത്രിരാഷ്ട്ര ഏകദിന പരമ്പരയിൽ അഫ്ഗാനിസ്ഥാൻ ‘എ’ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീമിന് കൂറ്റൻ സ്കോർ. മൂന്നു അർധ സെഞ്ച്വറികളുടെ കരുത്തിൽ 49 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 349 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.
മഴയെ തുടർന്നാണ് മത്സരം 49 ഓവറാക്കി ചുരുക്കിയത്. ഓപ്പണർ പ്രഭ്സിമ്രാൻ (69 പന്തിൽ 84), ഋതുരാജ് ഗെയ്ക്വാദ് (80 പന്തിൽ 66), നായകൻ തിലക് വർമ (73 പന്തിൽ 66) എന്നിവരാണ് അർധ സെഞ്ച്വറി നേടിയത്. കൗമാര വിസ്മയം വൈഭവ് സൂര്യവംശി 22 പന്തിൽ ഒമ്പത് ഫോറടക്കം 44 റൺസെടുത്ത് പുറത്തായി.
വൈഭവും പ്രഭ്സിമ്രാനും നൽകിയ മികച്ച തുടക്കം പിന്നാലെ എത്തിയവർ ഏറ്റെടുക്കുകയായിരുന്നു. ഒന്നാം വിക്കറ്റിൽ ഓപ്പണർമാർ 7.1 ഓവറിൽ 74 റൺസാണ് അടിച്ചുകൂട്ടിയത്. ശ്രീലങ്കക്കെതിരായ ആദ്യ മത്സരത്തിൽ വൈഭവ് (14 റൺസ്) നിരാശപ്പെടുത്തിയിരുന്നു. രണ്ടാമതെത്തിയ പ്രിയാൻസ് ആര്യ ഒമ്പത് പന്തിൽ എട്ടു റൺസുമായി വേഗത്തിൽ മടങ്ങി.
പ്രഭ്സിമ്രാനൊപ്പം ഋതുരാജ് കൂടി നിലയുറപ്പിച്ചതോടെ ഇന്ത്യൻ സ്കോർ 150 കടന്നു. പ്രഭ്സിമ്രാൻ മടങ്ങുമ്പോൾ ഇന്ത്യ 21.6 ഓവറിൽ 167 റൺസെന്ന നിലയിലായിരുന്നു. ആയുഷ് ബദോനി ആദ്യ പന്തിൽതന്നെ മടങ്ങി. സൂര്യാൻശ് ഷെഡ്ഗെ (27 പന്തിൽ 40) തകർത്തടിച്ചു. അർഷാദ് ഖാൻ (രണ്ടു പന്തിൽ ഒന്ന്), വിപ്രാജ് നിഗം (മൂന്നു പന്തിൽ എട്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. അനുകുൽ റോയ് എട്ടു പന്തിൽ രണ്ടു ഫോറും ഒരു സിക്സും ഉൾപ്പെടെ 16 റൺസെടുത്ത് പുറത്താകാതെ നിന്നു.
അഫ്ഗാനുവേണ്ടി അബ്ദുല്ല അഹ്മദ്സായി ഒമ്പതു ഓവറിൽ 68 റൺസ് വഴങ്ങി അഞ്ചു വിക്കറ്റും ഫർമാനുല്ല 10 ഓവറിൽ 85 റൺസ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

