മൂത്തമകനും ഇളയവനും നേർക്കുനേർ; അമ്മയുടെ വിഷമാവസ്ഥ വിശദീകരിച്ച് സാം കറൻ
text_fieldsന്യൂഡൽഹി: ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിലെ സഹോദര സാന്നിധ്യമാണ് ടോം കറനും സാം കറനും. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ സുപ്രധാന താരമാണ് സാം കറൻ. ടോം കറനാകട്ടെ ഇക്കുറി സീസണിലെ രണ്ടാമത്തെ മത്സരത്തിൽ ഡൽഹി കാപിറ്റൽസിനായി അരങ്ങേറ്റം കുറിച്ചു. ചേട്ടനെതിരെ അനിയൻ കളിക്കുന്ന വേളയിൽ അമ്മയുടെ പ്രതികരണം എന്താവുമെന്ന് പറയുകയാണ് സാം കറൻ.
'ചേട്ടനെതിരെ കളിക്കുന്നതിനാൽ തന്നെ അമ്മ ഇന്ന് നല്ല പേടിയിലായിരിക്കും. ഇന്ത്യയിൽ കഴിഞ്ഞ തവണ കളിച്ചതിനേക്കാൾ വ്യത്യസ്ഥമാണ് ഇക്കുറി കാര്യങ്ങൾ'-സാം കറൻ സംപ്രേക്ഷകരായ ഹോട്സ്റ്റാറിനോട് പറഞ്ഞു.
ഇതുവരെ രണ്ട് സീസണിൽ മാത്രമാണ് ടോം കറൻ ഐ.പി.എൽ കളിച്ചത്. ഇക്കഴിഞ്ഞ ലേലത്തിൽ ടോം കറനെ രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്യുകയായിരുന്നു. രാജസ്ഥാൻ റോയൽസിനെ കൂടാതെ കൊൽക്കത്തയാണ് ടോം കളിച്ച മറ്റൊരു ടീം.
റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരമായിരുന്ന മറ്റൊരു ഇംഗ്ലീഷ് താരം ക്രിസ് വോക്സും ഡൽഹിക്കായി അരങ്ങേറി. ശ്രേയസ് അയ്യരുടെ പകരക്കാരനായി ഋഷഭ് പന്താണ് ഡൽഹിയുടെ നായകൻ. ടോസ് നേടിയ ഡൽഹി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.

