ഇന്ത്യക്ക് തിരിച്ചടി; തിലക് വർമക്ക് ശസ്ത്രക്രിയ, ന്യൂസിലൻഡിനെതിരെ കളിക്കില്ല, ട്വന്‍റി20 ലോകകപ്പും സംശയത്തിൽ
text_fieldsതിലക് വർമ
ഹൈദരാബാദ്: ട്വന്‍റി20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ, ഇന്ത്യക്ക് ആശങ്കയായി ടോപ് ഓർഡർ ബാറ്റർ തിലക് വർമയുടെ പരിക്ക്. വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദ് ടീമിനുവേണ്ടി കളിക്കാനായി രാജ്കോട്ടിൽ എത്തിയ താരത്തെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
സ്കാനിങ്ങിൽ ടെസ്റ്റികുലാർ ടോർഷൻ (പെട്ടെന്നുള്ള, കഠിനമായ വേദന) കണ്ടെത്തിയതിനെ തുടർന്ന് 23കാരനായ ഇടങ്കൈയൻ ബാറ്ററെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും എത്രനാൾ വിശ്രമം വേണമെന്നുള്ള കാര്യങ്ങളിലടക്കം ഡോക്ടർമാരുടെ നിർദേശപ്രകാരം തീരുമാനമെടുക്കുമെന്നും ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു. നാല് ആഴ്ചയെങ്കിലും താരത്തിന് വിട്ടുനിൽക്കേണ്ടിവരുമെന്നാണ് റിപ്പോർട്ട്.
ന്യൂസിലൻഡിനെതിരായ ട്വന്‍റി20 പരമ്പര താരത്തിന് നഷ്ടമാകും. ഈമാസം 21നാണ് പരമ്പര ആരംഭിക്കുന്നത്. തിലകിന് പകരം പരമ്പരയിൽ ആരെ ഉൾപ്പെടുത്തുമെന്ന് വ്യക്തമായിട്ടില്ല. ഏകദിന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ട്വന്‍റി20 ടീമിലേക്കുള്ള മടങ്ങിവരവിന് ഇത് വഴിയൊരുക്കിയേക്കും. ട്വന്റി20 ടീമിൽനിന്നു പുറത്തായ ശുഭ്മൻ ഗില്ലിനു സാധ്യതയില്ലെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന. ഗില്ലിനെ ടീമിലെടുത്താൽ കളിപ്പിക്കാതിരിക്കാനാകില്ല. ട്വന്‍റി മോശം ഫോമിനെ തുടർന്നാണ് താരത്തെ ടീമിൽനിന്ന് ഒഴിവാക്കിയത്.
ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഗില്ലാണ് ടീമിനെ നയിക്കുന്നത്. ശ്രേയസിന്‍റെ പരിക്ക് പൂർണമായും ഭേദമായെന്നും കളിക്കാൻ ഫിറ്റാണെന്നും മെഡിക്കൽ ടീം അറിയിച്ചിട്ടുണ്ട്. വിജയ് ഹസാരെ ട്രോഫിയിൽ മുംബൈക്കുവേണ്ടി കഴിഞ്ഞ രണ്ടു കളികളിലും ശ്രേയസ് കളിക്കാനിറങ്ങിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

