കെ.സി.എൽ: തൃശൂർ ടൈറ്റൻസ് ഫൈനലിൽ
text_fieldsകാര്യവട്ടം : അവസാന ഓവർ ത്രില്ലറിൽ ട്രിവാൻഡ്രം റോയൽസിനെ ഒരുവിക്കറ്റിന് തോൽപിച്ച് തൃശൂർ ടൈറ്റൻസ് കെ.സി.എൽ ഫൈനലിൽ പ്രവേശിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ സെമി പോരാട്ടത്തിൽ അവസാന ഓവറിലെ ആനന്ദ് ജോസഫിന്റെ തകർപ്പൻ ബാറ്റിങ്ങാണ് തൃശൂരിന് അവിശ്വസനീയ ജയം സമ്മാനിച്ചത്. തുടരെയുള്ള മൂന്ന് പന്തുകളിൽ രണ്ട് സിക്സും ഒരു ഫോറും നേടിയാണ് ആനന്ദ് ടീമിന് ഫൈനലിലേക്കുള്ള വഴിയൊരുക്കിയത്. ആദ്യം ബാറ്റ് ചെയ്ത ട്രിവാൻഡ്രം 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ തൃശൂർ ഒരു പന്ത് ബാക്കിനിൽക്കെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ റോയൽസിന് മൂന്നാം ഓവറിൽ തന്നെ ഏഴ് റൺസെടുത്ത സ്റ്റാർ ബാറ്റർ വിഷ്ണു വിനോദിന്റെ വിക്കറ്റ് നഷ്ടമായി. അടുത്ത ഓവറിൽ കൃഷ്ണപ്രസാദിനെയും (4) ആനന്ദ് മടക്കി. 28 റൺസെടുത്ത അഭിഷേക് പി. നായർ ബിജു നാരായണന്റെ പന്തിൽ പുറത്തായി. ഫോമിലുള്ള ഗോവിന്ദ് ദേവ് പൈയെ എം. എസ്. അഖിലും മടക്കിയതോടെ നാല് വിക്കറ്റിന് 72 റൺസെന്ന നിലയിലായി റോയൽസ്. തുടർന്നെത്തിയ അക്ഷയ് മനോഹറുടെ ഇന്നിങ്സാണ് റോയൽസിനെ കരകയറ്റിയത്. സിജോമോൻ ജോസഫിനൊപ്പം 21 റൺസ് കൂട്ടിച്ചേർത്ത അക്ഷയ് തുടക്കം മുതൽ ആത്മവിശ്വാസത്തോടെ ഷോട്ടുകൾ പായിച്ചു. 20 റൺസെടുത്ത സിജോമോൻ ജോസഫ് ബിജു നാരായണന്റെ പന്തിൽ പുറത്തായെങ്കിലും പകരമെത്തിയ എം. നിഖിൽ അക്ഷക്ക് മികച്ച പിന്തുണയായി. ഇരുവരും ചേർന്ന് 34 പന്തുകളിൽ കൂട്ടിച്ചേർത്ത 70 റൺസാണ് റോയൽസിന്റെ സ്കോർ 163ൽ എത്തിച്ചത്. 26 പന്തുകളിൽ നാല് ഫോറും മൂന്ന് സിക്സറുമടക്കം 53 റൺസുമായി അക്ഷയ് പുറത്താകാതെ നിന്നു. എം. നിഖിൽ പുറത്താകാതെ 28 റൺസെടുത്തു. ടൈറ്റൻസിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ടൈറ്റൻസിന് രണ്ടാം ഓവറിൽ കെ. ആർ. രോഹിതിനെ (16) നഷ്ടമായി. അടുത്ത ഓവറിൽ ഏഴ് റൺസെടുത്ത വിഷ്ണുരാജും പുറത്തായി. തുടർന്നെത്തിയ അഹമ്മദ് ഇമ്രാനും ഷോൺ റോജറും ചേർന്ന് 45 റൺസ് കൂട്ടിച്ചേർത്തു. ഇമ്രാനും നിഖിൽ തോട്ടത്തും മികച്ച രീതിയിൽ ബാറ്റി വീശിയതോടെ നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ 43 റൺസ് പിറന്നു. ഇമ്രാന്റെ (43) മടക്കം കൂട്ടത്തകർച്ചയുടെ തുടക്കമായി. അഞ്ച് റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ നിഖിലും (24) പുറത്തായി. ഷാരോൺ സുരേഷ് മൂന്നും മുഹമ്മദ് ഇനാൻ ഒന്നും ബിജു നാരായണൻ പൂജ്യത്തിനും മടങ്ങി. മറുവശത്ത് മികച്ച രീതിയിൽ ബാറ്റ് വീശിയ ക്യാപ്റ്റൻ എം.എസ്. അഖിൽ 19ാം ഓവറിലെ അവസാന പന്തിൽ 27ന് പുറത്തായത് ആശങ്കയായി.
അവസാന ഓവറിൽ ഒരു വിക്കറ്റ് ശേഷിക്കെ തൃശൂരിന് 15 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. രണ്ടാം പന്തിൽ സിംഗിൾ നേടി അബ്ദുൾ റമീസ് ആനന്ദ് ജോസഫിന് സ്ട്രൈക്ക് നൽകി. പിന്നീട് തുടരെയുള്ള മൂന്ന് പന്തുകളിൽ രണ്ട് സിക്സും ഒരു ഫോറും നേടി ആനന്ദ് ടീമിനെ ഫൈനലിൽ എത്തിക്കുകയായിരുന്നു. മൂന്ന് പന്തുകളിൽ നിന്ന് 16 റൺസുമായി ആനന്ദ് പുറത്താകാതെ നിന്നു. റോയൽസിന് വേണ്ടി രാഹുൽ ചന്ദ്രൻ മൂന്നും എം. നിഖിൽ, സിജോമോൻ ജോസഫ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

