‘ക്രിക്കറ്റിന്‍റെ ഈ യുഗം തീർത്തും നിരാശാജനകം, ക്രിക്കറ്ററെന്ന നിലയിൽ തല കുനിക്കേണ്ടി വരുന്നു’; മൈതാനത്ത് രാഷ്ട്രീയം പാടില്ലെന്നും കിർമാനി
text_fieldsമുംബൈ: ക്രിക്കറ്റ് താരങ്ങൾ മൈതാനത്ത് പ്രകടിപ്പിക്കുന്ന ‘പരുഷവും ധാർഷ്ട്യം നിറഞ്ഞതു’മായ പെരുമാറ്റത്തിൽ രൂക്ഷ വിമർശനവുമായി മുൻ താരം സയ്യിദ് കിർമാനി രംഗത്ത്. തങ്ങൾ കളിച്ചിരുന്ന കാലത്ത് മറ്റു രാജ്യങ്ങളിലെ കളിക്കാരോട് കാണിച്ച സൗഹാർദ സമീപനം ഇല്ലാത്തതാണ് നിലവിലെ ക്രിക്കറ്റ് യുഗമെന്നും ഇതിൽ വലിയ നിരാശയുണ്ടെന്നും കിർമാനി ദേശീയ വാർത്ത ഏജൻസിയോട് പറഞ്ഞു. ഏഷ്യ കപ്പിൽ ഇന്ത്യ, പാകിസ്താൻ താരങ്ങൾ സ്വീകരിച്ച സമീപനം ഉൾപ്പെടെ മുൻനിർത്തിയാണ് കിർമാനി ഇക്കാര്യം വ്യക്തമാക്കിയത്. ടൂർണമെന്‍റിൽ മൂന്ന് തവണ ഇന്ത്യയും പാകിസ്താനും പരസ്പരം ഏറ്റുമുട്ടിയപ്പോൾ, ഒരിക്കൽ പോലും സൗഹാർദ സമീപനത്തിന് താരങ്ങൾ തയാറായിരുന്നില്ല. എന്നാൽ ഏഷ്യ കപ്പിനപ്പുറവും ഇത്തരം സാഹചര്യം നിലനിൽക്കുന്നതായി കിർമാനി പറയുന്നു.
“ക്രിക്കറ്റ് മത്സരങ്ങളിൽ മാന്യത നിലനിർത്തുന്ന സമീപനം ഇന്ന് കുറവാണ്. ഏതെങ്കിലും ചില ടീമുകളുടെ പേര് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മൊത്തത്തിലുള്ള സ്ഥിതിവിശേഷമാണിത്. താരങ്ങൾ മൈതാനത്ത് പരുഷവും ധാർഷ്ട്യം നിറഞ്ഞതുമായ പെരുമാറ്റമാണ് കാണിക്കുന്നത്. ഏഷ്യ കപ്പിലെ കാര്യം മാത്രമല്ല ഞാൻ പറയുന്നത്. ഇന്ത്യൻ ടീമിന് എന്തുപറ്റിയെന്ന് ചോദിച്ച് ലോകത്ത് പലയിടത്തുമുള്ള സുഹൃത്തുക്കളിൽനിന്ന് സന്ദേശം ലഭിക്കുന്നുണ്ട്. മൈതാനത്ത് എന്തിന് രാഷ്ട്രീയം കളിക്കണമെന്നും അവർ ചോദിക്കുന്നു. സുഹൃത്തുക്കളുടെ വാക്കുകൾ കേൾക്കുമ്പോൾ എനിക്ക് നാണക്കേട് തോന്നും. നിങ്ങളുടെ സമയത്ത് മാന്യന്മാരായിരുന്നു കളിച്ചതെന്നും ഏഷ്യ കപ്പിനിടെ സംഭവിച്ചതെല്ലാം അങ്ങേയറ്റം മോശം കാര്യങ്ങളാണെന്നും അവർ പറയുന്നു.
കായിക ലോകത്ത്, പ്രത്യേകിച്ച ക്രിക്കറ്റിൽ നടക്കുന്ന കാര്യങ്ങളിൽ എന്‍റിക്ക് വലിയ നിരാശയുണ്ട്. ശരിയായ കാര്യങ്ങളല്ല നടക്കുന്നത്. കായിക മത്സരങ്ങളിൽ രാഷ്ട്രീയം കലർത്തരുത്. എന്തൊക്കെ സംഭവിച്ചാലും അത് അങ്ങനെയാകണം. ക്രിക്കറ്റിലെ ജയവും തോൽവിയും രാഷ്ട്രീയവൽക്കരിക്കരുത്. രാഷ്ട്രീയ കാരണങ്ങൾക്കു വേണ്ടി സമർപ്പിക്കരുത്. ഞങ്ങളുടെ കാലത്ത് ക്രിക്കറ്റിൽ അത്രയേറെ സൗഹൃദങ്ങളുണ്ടായിരുന്നു. പാകിസ്താൻ താരങ്ങൾ ഇന്ത്യയിലേക്കും ഇവിടെനിന്ന് അങ്ങോട്ടും പോയി കളിച്ചിട്ടുണ്ട്. ഞങ്ങൾക്കിടയിൽ നല്ല ആതിഥ്യ മര്യാദയും സ്നേഹവുമുണ്ടായിരുന്നു. എന്നാലിപ്പോൾ ക്രിക്കറ്ററെന്ന നിലയിൽ എനിക്ക് തലകുനിക്കേണ്ടിവരുന്നു” -കിർമാനി പറഞ്ഞു.
ഏഷ്യ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പാക് ക്യാപ്റ്റൻ സൽമാൻ ആഘക്ക് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് ഹസ്തദാനം നൽകാതിരുന്നതു മുതലാണ് വിവാദങ്ങൾക്ക് തുടക്കമായത്. പിന്നാലെ പ്രകോപനപരമായ ആംഗ്യങ്ങൾ പാകിസ്താൻ താരങ്ങളിൽനിന്ന് ഉണ്ടായി. ഫൈനലിനു ശേഷം എ.സി.സി ചെയർമാൻ മൊഹ്സിൻ നഖ്വിയിൽനിന്ന് ട്രോഫി ഏറ്റുവാങ്ങാനും ഇന്ത്യൻ താരങ്ങൾ തയാറായില്ല. ഇന്ത്യയുടെ ജയം പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് സമർപ്പിക്കുന്നതായും സൂര്യകുമാർ പറഞ്ഞിരുന്നു. കലുഷിതമായ സാഹര്യത്തിൽ സമാപിച്ച ടൂർണമെന്‍റിലെ വിവാദങ്ങൾ ഇനിയും കെട്ടടങ്ങിയിട്ടില്ല. ട്രോഫി ഇനിയും ഇന്ത്യയിലെത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

