‘ഒന്നല്ല, രണ്ടു കിരീടങ്ങൾ കാത്തിരിപ്പുണ്ട്’- രോഹിത് സംഘത്തിന് വലിയ മുന്നറിയിപ്പുമായി ഗവാസ്കർ
text_fieldsഏറ്റവും മികച്ച പ്രകടനവുമായി സ്വന്തം മണ്ണിൽ ഓസീസിനെതിരെ കളി തുടരുന്ന ഇന്ത്യൻ ടീമിന് വലിയ മുന്നറിയിപ്പുമായി ഇതിഹാസ താരം സുനിൽ ഗവാസ്കർ. ആസ്ട്രേലിയക്കെതിരെ ഒരു ടെസ്റ്റ് കൂടി ജയിച്ചാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത ഉറപ്പാണ്. എന്നാൽ, ഇന്ത്യ തന്നെ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പിൽ ഏറെയായി കിരീടമൊഴിഞ്ഞുനിൽക്കുകയാണെന്ന വസ്തുത മറന്നുപോകരുതെന്നും ഗവാസ്കർ ഓർമിപ്പിക്കുന്നു.
‘‘ഒരു ചാമ്പ്യന് അനുമോദനം നൽകുന്നത് കാണുമ്പോൾ, അവരെപ്പോലെയാകാൻ മോഹമുണ്ടാകുക സ്വാഭാവികം. സ്വന്തം ടീമംഗങ്ങൾ പ്രകടന മികവു കാട്ടുമ്പോഴാണ് നാം ശരിയായ വഴിയിലെത്തിയെന്ന തിരിച്ചറിവ് ലഭിക്കുക. ഇന്ത്യൻ ടീം എത്തിപ്പിടിക്കണമെന്ന് ഞാൻ കൊതിക്കുന്ന രണ്ട് കിരീടങ്ങളുണ്ട്- ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഏകദിന ലോകകപ്പും. അത് രണ്ടിനുമിടയിൽ ഏഷ്യ കപ്പും വരുന്നുണ്ട്. അതും കൂടി ഇന്ത്യയിലെത്തുമെങ്കിൽ അതുപോലൊന്ന് മറ്റൊന്നില്ല’’- ഗവാസ്കറുടെ വാക്കുകൾ.
ഇന്ത്യൻ താരങ്ങൾക്കു നേരെ വിമർശനവുമായി മുൻ പാക് താരങ്ങൾ എത്തുന്നതിനെയും ഗവാസ്കർ വിമർശിച്ചു. സമൂഹ മാധ്യമങ്ങളിൽ ആളെ കൂട്ടാനും ഇന്ത്യയിൽ ശ്രദ്ധിക്കപ്പെടാനുമാണ് ഇത് നടത്തുന്നതെന്നും മുൻ ഇന്ത്യൻ താരങ്ങൾ ഇത്തരം വേലകൾക്ക് നിൽക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.