വിശ്വകിരീടം തേടി കൗമാരം ക്രീസിൽ;അണ്ടർ 19 ക്രിക്കറ്റ് ലോകകപ്പിന് ഇന്ന് ദക്ഷിണാഫ്രിക്കയിൽ തുടക്കം
text_fieldsഅണ്ടർ 19 ലോകകപ്പിനെത്തിയ വിവിധ ടീമുകളുടെ ക്യാപ്റ്റന്മാർ സംഗമിച്ചപ്പോൾ
ബ്ലൂംഫൊണ്ടെയ്ൻ(ദക്ഷിണാഫ്രിക്ക): കൗമാര ക്രിക്കറ്റിലെ വിശ്വജേതാക്കളെ നിശ്ചയിക്കുന്ന അണ്ടർ 19 ലോകകപ്പ് മത്സരങ്ങൾ വെള്ളിയാഴ്ചമുതൽ ദക്ഷിണാഫ്രിക്കയിൽ നടക്കും. അഞ്ച് തവണ ചാമ്പ്യന്മാരായ ഇന്ത്യയടക്കം 16 ടീമുകളാണ് ടൂർണമെന്റിൽ കളിക്കുന്നത്.
ഇന്ത്യതന്നെയാണ് നിലവിലെ ജേതാക്കൾ. 2022ലെ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിക്കുകയായിരുന്നു. ആദ്യദിനം രണ്ട് മത്സരങ്ങൾ നടക്കും. അയർലൻഡിനെ യു.എസും ദക്ഷിണാഫ്രിക്കയെ വെസ്റ്റിൻഡീസും നേരിടും. ശനിയാഴ്ച ബംഗ്ലാദേശുമായാണ് ഇന്ത്യയുടെ ആദ്യ കളി.
ഉദയ് സഹാറൻ നയിക്കുന്ന ഇന്ത്യൻ സംഘം ഉൾപ്പെടുന്ന ഗ്രൂപ് എയിൽ ബംഗ്ലാദേശിനെകൂടാതെ അയർലൻഡും യു.എസുമുണ്ട്.
നാല് ഗ്രൂപ്പുകളിലായി 16 ടീമുകൾ ഇറങ്ങുന്നു. ഗ്രൂപ് ബിയിൽ ഇംഗ്ലണ്ട്, സ്കോട്ട്ലൻഡ്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇൻഡീസ്, സിയിൽ ആസ്ട്രേലിയ, നമീബിയ, ശ്രീലങ്ക, സിംബാബ്വെ, ഡിയിൽ അഫ്ഗാനിസ്താൻ, നേപ്പാൾ, ന്യൂസിലൻഡ്, പാകിസ്താൻ എന്നിവരുണ്ട്. ഫെബ്രുവരി 11നാണ് ഫൈനൽ.
2000, 2008, 2012, 2018 വർഷങ്ങളിലും കിരീടം നേടിയ ഇന്ത്യയാണ് അണ്ടർ 19 ലോകകപ്പിൽ ഏറ്റവുമധികം ജേതാക്കളായ ടീം. യുവരാജ് സിങ്, മുഹമ്മദ് കൈഫ്, രോഹിത് ശർമ, വിരാട് കോഹ് ലി, രവീന്ദ്ര ജദേജ, ഋഷഭ് പന്ത്, ഇഷാൻ കിഷൻ, ശുഭ്മൻ ഗിൽ തുടങ്ങിയവരെ ഇന്ത്യൻ സീനിയർ ടീമിനും അന്താരാഷ്ട്ര ക്രിക്കറ്റിനും ലഭിച്ചത് വിവിധ ലോകകപ്പുകളിലൂടെയാണ്.

