കുട്ടിക്രിക്കറ്റിൽ ഇനി പോരാട്ടത്തിന്‍റെ നാളുകൾ; ട്വന്റി20 ലോകകപ്പിന് ഇന്ന് തുടക്കം
text_fieldsന്യൂഡൽഹി: ട്വന്റി20 ലോകകപ്പിന്റെ പത്താമത് എഡിഷന് ഇന്ന് തുടക്കം. ഇന്ത്യയിലും ശ്രീലങ്കയിലുമായാണ് മത്സരങ്ങൾ. 20 ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഗ്രൂപ് ഘട്ടത്തിൽ ദിവസവും മൂന്ന് മത്സരങ്ങളുണ്ടാകും. ഇന്ന് കൊളംബോയിൽ ഇന്ത്യൻ സമയം രാവിലെ 11ന് പാകിസ്താൻ നെതർലൻഡ്സിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇന്ത്യക്ക് യു.എസ്.എ ആണ് എതിരാളികൾ. രാത്രി ഏഴിനാണ് മത്സരം. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ വൈകീട്ട് മൂന്നിന് സ്കോട്ട്‍ലൻഡും വെസ്റ്റിൻഡീസും ഏറ്റുമുട്ടും.
ഏറ്റവും കൂടുതൽ ടീമുകൾ പങ്കെടുക്കുന്നതിനൊപ്പം വൻ രാഷ്ട്രീയ വിവാദങ്ങൾക്കുമാണ് ഇത്തവണ കുട്ടിക്രിക്കറ്റ് ലോകകപ്പ് അരങ്ങേറുന്നത്. സുരക്ഷാ കാരണങ്ങളാൽ ഇന്ത്യയിൽ കളിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ബംഗ്ലാദേശിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കിയിരുന്നു. ബംഗ്ലാദേശിനെ പിന്തുണച്ച പാകിസ്താൻ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. ഫെബ്രുവരി 15ന് കൊളംബോയിലാണ് ഇന്ത്യ-പാക് പോരാട്ടം നിശ്ചയിച്ചത്. എതിരാളികൾ ഇല്ലാത്തതിനാൽ ഇന്ത്യക്ക് മുഴുവൻ പോയന്റും ലഭിക്കും. പാകിസ്താനെതിരെ ഐ.സി.സി നടപടിയും ഉറപ്പായി.
ബി.സി.സി.ഐ നിർദേശപ്രകാരം ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹ്മാനെ ഐ.പി.എൽ കരാറിൽനിന്ന് ഒഴിവാക്കിയതാണ് ബംഗ്ലാദേശിനെ പ്രകോപിപ്പിച്ചത്. പാകിസ്താൻ പ്രധാനമന്ത്രി ശെഹ്ബാസ് ശരീഫ് ബംഗ്ലാദേശിന്റെ തീരുമാനത്തെ ന്യായീകരിച്ചിരുന്നു.
കരുത്തരേറെ
ലോകകപ്പിൽ നിലവിലെ ജേതാക്കളായ ഇന്ത്യ സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലാണ് ഇറങ്ങുന്നത്. കരുത്തുറ്റ ബാറ്റിങ്, ബൗളിങ് നിര ടീമിനുണ്ട്. എല്ലാവരും മികച്ച ഫോമിലാണ്. വാംഅപ് മത്സരത്തിൽ മാറ്റിനിർത്തിയ സഞ്ജു സാംസണ് ഇന്ന് അവസരം കിട്ടുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
എല്ലാ സാഹചര്യങ്ങളിലും കരുത്തുറ്റ ആസ്‌ട്രേലിയക്കുവേണ്ടി പാറ്റ് കമ്മിൻസും ജോഷ് ഹേസൽവുഡും കളിക്കാത്തത് ചെറിയ തിരിച്ചടിയാകും. ബെൻ ഡ്വാർഷുയിസ്, സേവ്യർ ബാർട്ട്ലറ്റ്, നഥാൻ എല്ലിസ് എന്നിവരടങ്ങുന്ന ബൗളിങ് സംഘം അത്ര കരുത്തരല്ല. എന്നാൽ ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ക്യാപ്റ്റൻ മിച്ചൽ മാർഷ്, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, ടിം ഡേവിഡ് എന്നിവരടങ്ങുന്ന ബാറ്റിങ് നിര ശക്തമാണ്.
മാറ്റ് കുഹ്നെമാൻ, ആദം സാംപ എന്നീ സ്പിന്നർമാർക്കും ഉത്തരവാദിത്തമേറെയാണ്. ഇംഗ്ലണ്ടിന് ക്യാപ്റ്റൻ ഹാരി ബ്രൂക്ക്, ജോസ് ബട്ട്‌ലർ, ബെൻ ഡക്കറ്റ്, ഫിൽ സാൾട്ട് എന്നിവരുൾപ്പെടുന്ന ബാറ്റർമാർ പ്രതീക്ഷ വർധിപ്പിക്കുന്നു. എന്നാൽ വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, അക്സർ പട്ടേൽ തുടങ്ങിയ ഇന്ത്യൻ സ്പിന്നർമാരെ കൈകാര്യം ചെയ്യാൻ ഇംഗ്ലീഷ് ബാറ്റർമാർ വിയർക്കും.
സെമി ഫൈനൽ സാധ്യതയുള്ള ടീമാണ് ദക്ഷിണാഫ്രിക്ക. കാഗിസോ റബാഡ, ആൻറിച്ച് നോർജെ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ് എന്നിവരടങ്ങുന്ന ബൗളിങ് നിര ഏത് വലിയ ടീമിനെയും വെല്ലുവിളിക്കാൻ പ്രാപ്തമാണ്. ബാറ്റിങ്ങിൽ ക്വിന്റൺ ഡി കോക്കിന്റെ കഴിവും എയ്ഡൻ മാർക്രാമിന്റെ പ്രവചനാതീതതയും ഡേവിഡ് മില്ലറുടെ പരിചയസമ്പത്തും റയാൻ റിക്കിൾട്ടൺ, ട്രിസ്റ്റൻ സ്റ്റബ്സ് എന്നിവരുടെ ധൈര്യവും ദക്ഷിണാഫ്രിക്കക്ക് പോസിറ്റിവ് ഘടകങ്ങളാണ്.
കഴിഞ്ഞ മാസം ഇന്ത്യയിലുണ്ടായിരുന്ന ന്യൂസിലൻഡ് പരമ്പര തോറ്റെങ്കിലും സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടിട്ടുണ്ട്. ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ തന്ത്രങ്ങൾ ടീമിനെ വ്യത്യസ്തമാക്കുന്നു. ബിഗ് ബാഷ് ലീഗിലെയും ഇന്ത്യക്കെതിരായ അവസാന മത്സരത്തിലെയും ഫിൻ അലന്റെ പ്രകടനം ആത്മവിശ്വാസമേകുന്നുണ്ട്. ഗ്ലെൻ ഫിലിപ്‌സും ഡാരിൽ മിച്ചലും മികച്ച ബാറ്റർമാരാണ്. സ്വന്തം നാട്ടിൽ കളിക്കുന്ന ശ്രീലങ്കയിൽ സ്പിന്നർമാരായ വാനിന്ദു ഹസരംഗ, മഹീഷ് തീക്ഷണ, ദുനിത് വെല്ലലാഗെ, പേസർമാരായ മതീഷ പതിരണ, ദുഷ്മന്ത ചമീര തുടങ്ങിയ തകർപ്പൻ ബൗളർമാരുണ്ട്.
വെസ്റ്റിൻഡീസ് പഴയ പ്രതാപത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിലാണ്. അസോസിയറ്റ് ടീമുകളിൽ നേപ്പാളാണ് ശ്രദ്ധയാകർഷിക്കുന്ന പ്രധാന ടീം. ദിപേന്ദ്ര സിങ് ഐറിയെപ്പോലുള്ള വെടിക്കെട്ട് ബാറ്റർമാർ നേപ്പാളിനൊപ്പമുണ്ട്. ഫുട്ബാൾ മികവിന് പേരുകേട്ട ഇറ്റലിയും ഇത്തവണ ലോകകപ്പിനുണ്ട്. ജന്മനാടായ ദക്ഷിണാഫ്രിക്കയെ ഹോക്കിയിൽ പ്രതിനിധാനംചെയ്ത വെയ്ൻ മാഡ്‌സണാണ് ടീമിനെ നയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

