കോഹ്‍ലിയുടെ മുറിയിൽ കയറി ദൃശ്യങ്ങൾ പകർത്തിയ സംഭവം: പരാതി നൽകണമെന്ന് ടീം അധികൃതർ; അമ്പരപ്പിച്ച് താരത്തിന്റെ മറുപടി
text_fieldsപെർത്ത്: ട്വന്റി 20 ലോകകപ്പിനായി ആസ്ട്രേലിയയിലുള്ള ഇന്ത്യൻ താരം വിരാട് കോഹ്‍ലിയുടെ മുറിയിൽ കയറി ദൃശ്യങ്ങൾ പകർത്തുകയും അത് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിക്കുകയും ചെയ്തയാൾക്കെതിരെ പരാതി നൽകാൻ താരത്തോട് ആവശ്യപ്പെട്ട് ഇന്ത്യൻ ടീം അധികൃതർ. ടീം താമസിക്കുന്ന പെർത്തിലെ ക്രൗൺ ഹോട്ടലിലെ ജീവനക്കാരനാണ് വിഡിയോ പകർത്തിയിരുന്നത്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച ഹോട്ടൽ അധികൃതർ, ജീവനക്കാരനെ ജോലിയിൽനിന്ന് പുറത്താക്കിയതായി അറിയിച്ചിരുന്നു. പകർത്തിയ ദൃശ്യങ്ങൾ തിങ്കളാഴ്ച രാവിലെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് കോഹ്‍ലി ഇതിനെ കുറിച്ച് പ്രതികരിച്ചിരുന്നു.
''തങ്ങളുടെ പ്രിയപ്പെട്ട കളിക്കാരെ കാണുമ്പോൾ ആരാധകർക്ക് വളരെ സന്തോഷവും ആവേശവും ഉണ്ടാകും. അത് ഞാൻ മനസ്സിലാക്കുന്നു. അതിൽ ആനന്ദവും തോന്നുന്നു. എന്നാൽ, ഇപ്പോൾ പ്രചരിച്ച വിഡിയോ എന്റെ സ്വകാര്യതയെ കുറിച്ച് വളരെ പരിഭ്രാന്തിയുണ്ടാക്കി. സ്വന്തം ഹോട്ടൽ മുറിയിൽ പോലും സ്വകാര്യതയില്ലെങ്കിൽ, പിന്നെ എവിടെയാണ് വ്യക്തിപരമായി ഒരു ഇടം എനിക്ക് ലഭിക്കുക? ഇത്തരം ഭ്രാന്തുകൾ എനിക്ക് സഹിക്കാൻ കഴിയില്ല. ദയവായി ആളുകളുടെ സ്വകാര്യത മാനിക്കുക. അവരെ വിനോദത്തിനായുള്ള കേവലം ഉൽപന്നമായി കാണാതിരിക്കുക''- എന്നായിരുന്നു കോഹ്‍ലിയുടെ കുറിപ്പ്.
താരം മുറിയിൽ ഇല്ലാത്ത സമയത്താണ് ഹോട്ടൽ ജീവനക്കാരൻ ദൃശ്യങ്ങൾ പകർത്തിയതെന്ന് വിഡിയോയിൽനിന്ന് വ്യക്തമാണ്. എന്നാൽ, ആരാണ് അനുമതിയില്ലാതെ മുറിയിൽ അതിക്രമിച്ചു കടന്നതെന്ന് കോഹ്‍ലി വെളിപ്പെടുത്തിയിരുന്നില്ല. കോഹ്‍ലിയെ പിന്തുണച്ച് ഭാര്യ അനുഷ്ക ശർമ രംഗത്തെത്തിയിരുന്നു. തനിക്കും മുമ്പ് ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഇത് വളരെ മോശമാണെന്നും അനുഷ്ക ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആസ്ട്രേലിയൻ ക്രിക്കറ്റ് താരം ഡേവിഡ് വാർണറും താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഒരിക്കലും അംഗീകരിക്കാനാകാത്ത കാര്യമാണിതെന്നായിരുന്നു വാർണറുടെ പ്രതികരണം. ഈ പശ്ചാത്തലത്തിലാണ് പരാതി നൽകാൻ ഇന്ത്യൻ ടീം മാനേജ്‌മെന്റ് ആവശ്യപ്പെട്ടത്. എന്നാൽ, വിഷയം കൂടുതൽ വഷളാക്കേണ്ടതില്ലെന്നായിരുന്നു കോഹ്‍ലിയുടെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

