ഗൾഫ് ക്രിക്കറ്റ് പോരിന് ക്രീസുണരുന്നു
text_fieldsഗൾഫ് ട്വന്റി20 ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്ന ഖത്തർ ടീം
ദോഹ: ഗൾഫ് മേഖലയിലെ ആറ് രാജ്യങ്ങൾ മാറ്റുരക്കുന്ന ട്വന്റി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് വെള്ളിയാഴ്ച ഖത്തറിന്റെ മണ്ണിൽ ക്രീസുണരുന്നു. ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇനിയുള്ള ഒരാഴ്ചക്കാലം വീറുറ്റ കളിയങ്കങ്ങളുടെ നാളുകൾ. ഫുട്ബാളിലെ പ്രഗല്ഭരായ ഗൾഫിലെ രാജ്യങ്ങളെല്ലാം പാഡുകെട്ടി, ക്രീസിലെത്തി സിക്സും ബൗണ്ടറിയുംകൊണ്ട് പുതിയ ആകാശങ്ങൾ കീഴടക്കാനുള്ള ഒരുക്കം കൂടിയാണ് ട്വൻറി20 ചാമ്പ്യൻഷിപ്.
വെള്ളിയാഴ്ച ഉദ്ഘാടന ദിനത്തിൽ വൈകീട്ട് നാലിന് കുവൈത്ത് സൗദി അറേബ്യയെയും, രാത്രി 8.30ന് ആതിഥേയരായ ഖത്തർ ബഹ്റൈനെയും നേരിടും. ഗൾഫ് ചാമ്പ്യൻഷിപ്പിനു പിന്നാലെ, ട്വൻറി20 ലോകകപ്പിനുള്ള ഏഷ്യ ക്വാളിഫയർ ‘എ’ മത്സരങ്ങൾക്കും ഖത്തർ വേദിയാകുന്നതിനാൽ രണ്ടു ലക്ഷ്യങ്ങളുമായാണ് ചില ടീമുകളെത്തുന്നത്.
ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ, യു.എ.ഇ, സൗദി അറേബ്യ എന്നീ ആറ് രാജ്യങ്ങളാണ് പ്രഥമ ഗൾഫ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നത്. റൗണ്ട് റോബിൻ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ. 20ാം തീയതി വരെ ഓരോ ദിവസവും രണ്ട് കളികൾ വീതമായാണ് ക്രമീകരിച്ചത്. റൗണ്ട് റോബിൻ ലീഗിൽ ഏറ്റവും കൂടുതൽ പോയൻറ് നേടുന്ന രണ്ട് ടീമുകളാവും സെപ്റ്റംബർ 23ന് നടക്കുന്ന ഫൈനലിൽ മാറ്റുരക്കുന്നത്.
ടീമുകളിൽ മലയാളിക്കരുത്ത്
ഗൾഫിലെമ്പാടും മലയാളികളാണെന്നത് പോലെ, ക്രിക്കറ്റ് പോരാട്ടത്തിനിറങ്ങുന്ന എല്ലാ ടീമുകളിലുമുണ്ട് മലയാളികൾ ഉൾപ്പെടെ ഇന്ത്യക്കാരുടെ സാന്നിധ്യം. ശ്രീലങ്ക, പാകിസ്താൻ, അഫ്ഗാൻ, ബംഗ്ലാദേശ് തുടങ്ങിയ പ്രബലരായ ക്രിക്കറ്റ് രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളാണ് ആറ് ടീമുകളുടെ കരുത്ത്. ആതിഥേയരായ ഖത്തറിന്റെ 14 അംഗ ടീമിൽ മൂന്ന് മലയാളികൾ ഇടം നേടിയിട്ടുണ്ട്.
ഓൾറൗണ്ടർമാരായ കാസർകോട് ഉളിയത്തടുക സ്വദേശി മുഹമ്മദ് ഇർഷാദ്, കണ്ണൂർ അഴീക്കോട് സ്വദേശി ബുഹാരി, തിരുവനന്തപുരം സ്വദേശി ബിപിൻകുമാർ എന്നിവരാണ് ആതിഥേയ ജഴ്സിയിൽ മലയാളികൾ. മിർസ അദ്നാൻ അലി, ഹിമാൻഷു റാത്തോഡ് എന്നീ ഇന്ത്യക്കാരുമുണ്ട്. കുവൈത്ത് ദേശീയ ടീമിലുമുണ്ട് മൂന്ന് മലയാളികൾ. കൊല്ലം പള്ളിമുക്ക് സ്വദേശി ഷിറാസ് ഖാൻ, മലപ്പുറം തിരൂർ സ്വദേശി മുഹമ്മദ് ഷഫീഖ്, തൃശൂർ സ്വദേശി ക്ലിന്റോ എന്നിവരാണ് ടീമിലുള്ളത്.
വർഷങ്ങളായി കുവൈത്ത് ടീമിന്റെ ഭാഗമായ ഷിറാസ് ഖാൻ ടീം വൈസ് ക്യാപ്റ്റൻ കൂടിയാണ്. ഒമാൻ ടീമിൽ ഗുജറാത്ത് സ്വദേശി ജയ് ഒഡേഡ്ര, കശ്യപ് പ്രജാപതി, പഞ്ചാബിൽ നിന്നുള്ള ജതിന്ദർ സിങ് എന്നിവരുമുണ്ട്. കോഴിക്കോട് പന്നിയങ്കര സ്വദേശി ബാസിൽ ഹമീദാണ് യു.എ.ഇ ടീമിലെ മലയാളി സാന്നിധ്യം. ന്യൂഡൽഹിക്കാരൻ അനൻഷ് ടാൻഡൻ ഉൾപ്പെടെ ഏതാനും ഇന്ത്യക്കാരും യു.എ.ഇ ടീമിനൊപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

