ഏഷ്യ കപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് ആശംസകളുമായി സിനിമാലോകം; സന്ദേശങ്ങളുമായി അമിതാഭ് ബച്ചൻ മുതൽ മമ്മൂട്ടി വരെയുള്ള താരങ്ങൾ
text_fieldsഏഷ്യ കപ്പ് വിജയിച്ച ഇന്ത്യൻ ടീം
മുംബൈ: ഏഷ്യ കപ്പ് വിജയിച്ച ഇന്ത്യൻ ടീമിന് ആശംസകളുമായി സിനിമാലോകവും മലയാളി താരം മമ്മൂട്ടി മുതൽ അമിതാഭ് ബച്ചൻ വരെ ടീമിന് ആശംസകളുമായി രംഗത്തെത്തി. ഏഷ്യ കപ്പിൽ ജയിക്കുക മാത്രമല്ല അത് സമ്പൂർണമായി സ്വന്തമാക്കുകയാണ് ഇന്ത്യ ചെയ്തതെന്ന് മമ്മൂട്ടി ആശംസാ സന്ദേശത്തിൽ കുറിച്ചു. ഒരു തോൽവി പോലും അറിയാതെയാണ് ടീം കിരീടം നേടിയതെന്നും മമ്മൂട്ടി പറഞ്ഞു.
ബോളിവുഡ് താരം അനിൽ കപൂർ ആശംസാ സന്ദേശം ഒറ്റവാക്കിൽ ഒതുക്കി. ഇന്ത്യ സിന്ദാബാദ് എന്ന വാക്യം കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ആശംസ. ഇൻസ്റ്റഗ്രാം വിഡിയോയിലൂടെയായിരുന്നു അനുപം ഖേറിന്റെ ആശംസ. മികച്ച കളിയാണ് ഇന്ത്യ പുറത്തെടുത്തതെന്നും രാജ്യത്തേയും ക്രിക്കറ്റ് ടീമിനേയും ഓർത്ത് അഭിമാനമുണ്ടെന്നും അദ്ദേഹം വിഡിയോയിൽ പറഞ്ഞു.
ഏഷ്യ കപ്പിൽ വിജയിച്ച ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച പ്രീതി സിന്റ, തിലക് വർമക്കും ശിവം ദുബെക്കും കുൽദീപ് യാദവിനും നന്ദി അറിയിക്കുകയും ചെയ്തു. മുൻ പാക് താരം ശുഐബ് അക്തർ അഭിഷേക് ശർമയെ അഭിഷേക് ബച്ചൻ എന്ന് അബദ്ധത്തിൽ വിളിച്ചതിനെ കളിയാക്കിയായിരുന്നു അമിതാഭ് ബച്ചന്റെ ആശംസ. അഭിഷേക് ബച്ചൻ നന്നായി കളിച്ചുവെന്ന് തമാശരൂപേണ കുറിച്ചായിരുന്നു അദ്ദേഹം ടീമിന് ആശംസകൾ അറിയിച്ചത്.
ത്രില്ലർ പോരിനൊടുവിൽ ഏഷ്യകപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യ നിലനിർത്തിയിരുന്നു. കലാശപ്പോരിൽ പാകിസ്താനെ അഞ്ചു വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യ ചാമ്പ്യന്മാരായത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 19.1 ഓവറിൽ 146 റൺസിന് ഓൾഔട്ടായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19.4 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.
146 റൺസ് പിന്തുടർന്ന ഇന്ത്യ തുടക്കത്തിൽ വൻ തകർച്ച നേരിട്ടെങ്കിലും തിലക് വർമയുടെ ഗംഭീര ചെറുത്ത് നിൽപ്പിൽ വിജയം തിരിച്ചുപിടിക്കുകയായിരുന്നു. 53 പന്തിൽ പന്തിൽ 69 റൺസെടുത്ത തിലക് വർമ പുറത്താകാതെ നിന്നു.താരതമ്യേന ചെറിയ വിജയലക്ഷ്യം തേടി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മിന്നുംഫോമിലുള്ള അഭിഷേക് ശർമയെയാണ് (5) ആദ്യം നഷ്ടമായത്.
ഫഹീം അഷ്റഫിന്റെ പന്തിൽ ഹാരിസ് റൗഫ് പിടിച്ച് പുറത്താകുകയായിരുന്നു. തുടർന്നെത്തിയ നായകൻ സൂര്യകുമാർ യാദവ് (1) നിലയുറപ്പിക്കും മുൻപേ മടങ്ങി. ഷഹീൻ അഫ്രീദിയുടെ പന്തിൽ സൽമാൻ ആഗ പിടിച്ചാണ് പുറത്തായത്. സ്കോർ 20 റൺസിൽ നിൽക്കെ ഇന്ത്യക്ക് മൂന്നാമത്തെ വിക്കറ്റും നഷ്ടമായി. ഓപണർ ശുഭ്മാൻ ഗില്ല് (12) ഫഹീം അഷ്റഫിന് വിക്കറ്റ് നൽകി.
ഇതോടെ പരുങ്ങിലിലായ ഇന്ത്യയെ തിലക് വർമയും സഞ്ജു സാംസണും ചേർന്ന് കരകയറ്റുകയായിരുന്നു. 21 പന്തിൽ 24 റൺസെടുത്ത സഞ്ജു, അബ്രാറിനെ കൂറ്റൻ അടിക്കുള്ള ശ്രമത്തിൽ ഫർഹാന് ക്യാച്ച് നൽകി മടങ്ങി. തുടർന്നെത്തിയ ശിവം ദുബെ, തിലക് വർമക്ക് മികച്ച പിന്തുണയേകിയതോടെ ഇന്ത്യ കൈവിട്ട കളി തിരിച്ചുപിടിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

