സചിന്റെ ആദ്യ സെഞ്ച്വറിക്ക് 36 വയസ്സ്; 17-ാമത്തെ വയസ്സിൽ ഇംഗ്ലണ്ടിനെ വിറപ്പിച്ച മാസ്റ്റർ ക്ലാസ്
text_fieldsമാഞ്ചസ്റ്റർ: ക്രിക്കറ്റ് ചരിത്രത്തിൽ സുവർണശോഭയുള്ള ദിനമാണ് ഓഗസ്റ്റ് 14. 36 വർഷങ്ങൾക്ക് മുമ്പ് ഇതേ ദിവസമാണ് സാക്ഷാൽ സചിൻ ടെണ്ടുൽക്കർ തന്റെ കന്നി അന്താരാഷ്ട്ര സെഞ്ച്വറി നേടി ലോകക്രിക്കറ്റിന് തന്റെ വരവറിയിച്ചത്. 1990 ഓഗസ്റ്റ് 14-ന് മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോർഡിൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലായിരുന്നു 17 വയസ്സും 112 ദിവസവും മാത്രം പ്രായമുള്ള സച്ചിന്റെ ഈ ചരിത്രനേട്ടം.
മത്സരത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 408 റൺസ് എന്ന കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യ 183ന് ആറ് വിക്കറ്റ് എന്ന നിലയിൽ തകർച്ച നേരിടുമ്പോഴായിരുന്നു സചിൻ ക്രീസിലെത്തുന്നത്. തോൽവി മുഖാമുഖം കണ്ട നിമിഷത്തിൽ സചിൻ ഇന്ത്യയുടെ രക്ഷകനായി മാറുകയായിരുന്നു. പുറത്താകാതെ 119 റൺസെടുത്ത സച്ചിൻ, മനോജ് പ്രഭാകറിനൊപ്പം (67*) ചേർന്ന് അപരാജിതമായ 160 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ തോൽവിയിൽ നിന്നും കരകയറ്റി സമനിലയിലെത്തിച്ചു. ഈ ഇന്നിംഗ്‌സോടെയാണ് സചിൻ ഒരു മികച്ച യുവതാരം എന്നതിൽ നിന്നും ലോകമറിയപ്പെടുന്ന ബാറ്റ്സ്മാനായി ഉയർന്നത്.
മാഞ്ചസ്റ്ററിലെ സ്വിങ് ചെയ്യുന്ന പിച്ചിൽ ഇംഗ്ലീഷ് ബൗളർമാരെ സധൈര്യം നേരിട്ട സച്ചിൻ തന്റെ പ്രതിരോധവും ക്ലാസിക് ഷോട്ടുകളും സമന്വയിപ്പിച്ചാണ് ഈ ചരിത്ര ഇന്നിങ്സ് പടുത്തുയർത്തിയത്. 189 പന്തുകൾ നേരിട്ട അദ്ദേഹം 17 മനോഹരമായ ബൗണ്ടറികളാണ് അന്ന് അടിച്ചുകൂട്ടിയത്. ഒരു വശത്ത് വിക്കറ്റുകൾ കൊഴിയുമ്പോഴും യാതൊരു പതർച്ചയുമില്ലാതെ പിടിച്ചുനിന്ന ആ പതിനേഴുകാരന്റെ പക്വത കണ്ട് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഗ്രഹാം ഗൂച്ചും സഹതാരങ്ങളും വരെ കയ്യടിച്ചുപോയി. ഫ്രണ്ട് ഫൂട്ടിലും ബാക്ക് ഫൂട്ടിലുമായി സച്ചിൻ പായിച്ച ഷോട്ടുകൾക്ക് വലിയ കയ്യടിയാണ് ലഭിച്ചത്.
ഏകദിനത്തിൽ സചിൻ തന്റെ ആദ്യ സെഞ്ച്വറി നേടുന്നത് നാല് വർഷങ്ങൾക്ക് ശേഷം 1994 സെപ്റ്റംബർ 9-നാണ്. സിംഗർ വേൾഡ് സീരീസിൽ ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ആ സെഞ്ച്വറി (110). ടെസ്റ്റിൽ 51-ഉം ഏകദിനത്തിൽ 49-ഉം ഉൾപ്പടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 100 സെഞ്ച്വറികൾ തികയ്ക്കുന്ന ആദ്യ ബാറ്റർ എന്ന ലോകറെക്കോർഡ് സ്വന്തമാക്കിയാണ് 24 വർഷം നീണ്ട തന്റെ കരിയർ അദ്ദേഹം അവസാനിപ്പിച്ചത്. ഏറ്റവും കൂടുതൽ റൺസ്, കൂടുതൽ മത്സരങ്ങൾ, ഏകദിനത്തിലെ ആദ്യ ഇരട്ടസെഞ്ച്വറി തുടങ്ങി നിരവധി റെക്കോർഡുകൾ ഈ മാസ്റ്റർ ബ്ലാസ്റ്ററുടെ പേരിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

