ആഷസ്: ഓസീസ്മികച്ച നിലയിൽ
text_fieldsലണ്ടൻ: ലണ്ടൻ: രണ്ടാം ആഷസ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ആസ്ട്രേലിയ മികച്ച സ്കോറിലേക്ക്. ഒടുവിൽ വിവരം കിട്ടുമ്പോൾ 58 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 217 എന്ന നിലയിലാണ് ഓസീസ്. സ്റ്റീവ് സ്മിത്തും (45) ട്രാവിസ് ഹെഡും (16) ആണ് ക്രീസിൽ. ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപണർമാരായ ഡേവിഡ് വാർണറും (66) ഉസ്മാൻ ഖ്വാജയും (17) മൂന്നാം നമ്പർ മാർനസ് ലബുഷെയ്നും (45) ആണ് പുറത്തായത്. ജോഷ് ടങ് രണ്ടും ഒല്ലി റോബിൻസൺ ഒരു വിക്കറ്റും വീഴ്ത്തി.
പ്രതിഷേധക്കാർ ക്രീസിൽ
രണ്ടാം ആഷസ് ടെസ്റ്റിൽ ആസ്ട്രേലിയ ബാറ്റ് ചെയ്യുന്നതിനിടെ പരിസ്ഥിതി പ്രവർത്തകരുടെ പ്രതിഷേധം. ബ്രിട്ടീഷ് സർക്കാർ പുതിയ ഇന്ധന ലൈസൻസിങ്ങും ഉൽപാദനവും നിർത്തണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജസ്റ്റ് സ്റ്റോപ് ഓയിൽ ഗ്രൂപ്പിലെ രണ്ട് പ്രതിഷേധക്കാരാണ് ഗ്രൗണ്ടിലെത്തിയത്. അഞ്ച് മിനിറ്റോളം കളി തടസ്സപ്പെടുത്തു. പരിസ്ഥിതി പ്രവർത്തകർ കളത്തിൽ ഓറഞ്ച് പൊടി വിതറാൻ ശ്രമിച്ചെങ്കിലും ഇംഗ്ലണ്ട്, ആസ്ട്രേലിയ താരങ്ങൾ ഇടപെട്ടു. ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ജോണി ബെയർസ്റ്റോ ഒരാളെ തടഞ്ഞ്, തൂക്കിയെടുത്ത് സുരക്ഷാഭടന്മാരെ ഏൽപിച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ആസ്ട്രേലിയൻ ബാറ്റർ ഡേവിഡ് വാർണറും രണ്ടാമത്തെ പ്രതിഷേധക്കാരനെ തടഞ്ഞു.
ജസ്റ്റ് സ്റ്റോപ് ഓയിൽ പ്രതിഷേധക്കാർ ഈ വർഷം നിരവധി കായിക വേദികളിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ മാസം ലണ്ടനിൽ അയർലൻഡിനെതിരായ ടെസ്റ്റിനിടെ അവർ ഇംഗ്ലണ്ട് ടീം ബസിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.
പ്രീമിയർ ലീഗ് സോക്കർ മത്സരങ്ങൾ, ട്വിക്കൻഹാമിലെ പ്രീമിയർഷിപ് റഗ്ബി ഫൈനൽ, ഷെഫീൽഡിലെ ലോക സ്നൂക്കർ ചാമ്പ്യൻഷിപ് എന്നിവിടങ്ങളിലും പ്രതിഷേധമുയർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

