‘ഞങ്ങൾ ചാമ്പ്യന്മാരാണ്’; ആശുപത്രി കിടക്കയിൽ സചിന് നന്ദി പറഞ്ഞ് വിനോദ് കാംബ്ലി -വിഡിയോ
text_fields"Thankful To Sachin Tendulkar...": Vinod Kambli's Big Message After Urgent Hospitalisation
മുംബൈ: ആരോഗ്യനില മോശമായതിനെ തുടർന്ന് ഏതാനും ദിവസമായി താനെയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇന്ത്യയുടെ മുൻ താരം വിനോദ് കാംബ്ലി. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് ഗുരുതരവാസ്ഥയിലായ താരത്തിന്റെ ആരോഗ്യനില, ഇപ്പോൾ മെച്ചപ്പെട്ടുവരുന്നതായാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. ഇതിനിടെ ബാല്യകാലം മുതൽ, തന്നെ ചേർത്തുപിടിച്ച ഇതിഹാസ താരം സചിൻ തെൻഡുൽക്കറോട് കാംബ്ലി ആശുപത്രി കിടക്കയിൽവച്ച് നന്ദി പറയുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
“എനിക്ക് ഇപ്പോൾ വലിയ ആശ്വാസം തോന്നുന്നുണ്ട്. ഞാൻ ക്രിക്കറ്റ് ഒരിക്കലും വിടില്ല, ഞാൻ അടിച്ച സെഞ്ച്വറികളും ഡബിൾ സെഞ്ചറികളും എപ്പോഴും ഓർത്തിരിക്കും. എന്റെ കുടുംബത്തിൽ മൂന്ന് ഇടംകൈയൻമാരാണുള്ളത്. സചിൻ തെൻഡുൽക്കറോട് ഞാൻ നന്ദി പറയുകയാണ്. അദ്ദേഹത്തിന്റെ അനുഗ്രഹം എപ്പോഴും എന്റെ കൂടെയുണ്ട്” -കാംബ്ലി പറഞ്ഞു. ‘വീ ആർ ദ് ചാമ്പ്യൻസ്’ എന്നു തുടങ്ങുന്ന ഗാനവും കാംബ്ലി പാടുന്നുണ്ട്.
കാംബ്ലിയും സചിന്‍ തെന്‍ഡുല്‍ക്കറും തമ്മിലുള്ള അപൂര്‍വ കൂടിക്കാഴ്ചയുടെ വിഡിയോ അടുത്തിടെ വൈറലായിരുന്നു. കുട്ടിക്കാലത്ത് ഇരുവരുടെയും പരിശീലകനായിരുന്ന രമാകാന്ത് അചരേക്കറുടെ സ്മാരക അനാച്ഛാദന ചടങ്ങിലാണ് കുട്ടിക്കാല ചങ്ങാതിമാര്‍ വീണ്ടും കണ്ടുമുട്ടിയത്. അന്ന് വിഡിയോയിലും 52കാരനായ കാംബ്ലി ഏറെ അവശനായാണ് കാണപ്പെട്ടത്. കഴിഞ്ഞമാസവും താരത്തെ മൂത്രാശയ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 2013ല്‍ രണ്ടു തവണ ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായിരുന്ന കാംബ്ലിക്ക് അന്ന് സചിനാണ് ചികിത്സക്കുള്ള സഹായം നല്‍കിയത്.
ഏതാനും വര്‍ഷങ്ങളായി കാംബ്ലിയുടെ മാനസികാരോഗ്യം ക്ഷയിക്കുകയും താരം മാനസികമായി ദുര്‍ബലനാകുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കാംബ്ലിയെ ഇങ്ങനെയൊരു അവസ്ഥയില്‍ സചിനൊപ്പം കണ്ടതിന്റെ നിരാശയും സങ്കടവും ആരാധകര്‍ അന്ന് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു. തൊട്ടുപിന്നാലെ മുന്‍ താരങ്ങളായ കപില്‍ ദേവും സുനില്‍ ഗവാസ്‌കറും കാംബ്ലിക്ക് സഹായവാഗ്ദാനം ഉറപ്പ് നല്‍കി രംഗത്തുവന്നു.
ഒരുമിച്ച് കളി തുടങ്ങിയിട്ടും സചിന്‍ ക്രിക്കറ്റിലെ ഇതിഹാസമായി വളര്‍ന്നപ്പോള്‍, മികച്ച അരങ്ങേറ്റം കുറിച്ചിട്ടും പതിയെ കാംബ്ലി ക്രിക്കറ്റിന്റെ വെള്ളിവെളിച്ചത്തില്‍നിന്ന് ഓര്‍മയിലേക്ക് പതിക്കുകയായിരുന്നു. ടെസ്റ്റില്‍ തുടര്‍ച്ചയായ രണ്ടു ഇരട്ട സെഞ്ച്വറികള്‍ നേടിയ താരത്തെ, ഒരുവേള സചിനേക്കാള്‍ കേമനായാണ് ക്രിക്കറ്റ് ലോകം വാഴ്ത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

