Begin typing your search above and press return to search.
exit_to_app
exit_to_app
Indian Cricket Team
cancel
Homechevron_rightSportschevron_rightCricketchevron_rightനന്ദി രഹാനെ...ഈ...

നന്ദി രഹാനെ...ഈ സങ്കടക്കാലത്ത്​ ഇതുപോലെ അനുഗൃഹീതമായൊരു നിമിഷം ഞങ്ങൾക്ക്​ ആവശ്യമായിരുന്നു

text_fields
bookmark_border

നേരം ഇരുട്ടാണ്​. മരം കോച്ചുന്ന തണുപ്പും. ഡൽഹിയിൽ, ജനുവരിയിൽ പുലർച്ചെ 5.30ന്​ എഴുന്നേൽക്കേണ്ടി വരുന്നത്​ ക്രൂരമാണ്​. ചൂടുള്ള കമ്പിളിയിൽ പൊതിഞ്ഞ്​, പാതി തുറന്ന കണ്ണുകളുമായി, ഭാര്യ ഉണരാതിരിക്കാൻ ഒച്ചയുണ്ടാക്കാതെ മുറിക്ക്​ പുറത്തുകടക്കണം. ഞാൻ ക്രിക്കറ്റ്​ ഭ്രാന്തനാണെന്ന്​ അവൾക്ക്​ ഉറച്ച ബോധ്യമുണ്ട്​. മധുവിധുവിന്​ കസൗലിയിൽ പോയപ്പോൾ ഇന്ത്യ- പാക്കിസ്​ഥാൻ ക്രിക്കറ്റ്​ മത്സരം ഹിമാചലിലെ ആ ഹിൽ സ്​റ്റേഷനിലെ ഏക ടെലിവിഷനിൽ കാണുന്നതിനായി പ്രാദേശിക ക്ലബിൽ മെമ്പർഷിപ്പെടുത്ത നാൾ മുതൽ അവൾക്കതറിയാം.

കളിയോടുള്ള ഭ്രാന്ത്​​ കാരണങ്ങളില്ലാതെയുള്ളതല്ല. ഇന്ത്യയും ആസ്​ട്രേലിയയും തമ്മിൽ ബ്രിസ്​ബേനിൽ നടക്കുന്ന ടെസ്റ്റിലെ അവസാന നാൾ. പരമ്പര ജയിക്കാൻ ഇന്ത്യക്ക്​ വേണ്ടത്​ 328 റൺസ്​. അതിരാവിലെ അലാറം വെച്ച്​ എഴുന്നേൽക്കുന്ന തരത്തിൽ താൽപര്യം ജനിപ്പിക്കുന്ന മത്സരം. ആസ്​ട്രേലിയയിൽനിന്നുള്ള റേഡിയോ കമന്‍ററി കേൾക്കാൻ 1970കളിലെ കൗമാരക്കാലത്തും അങ്ങനെ ചെയ്​തിട്ടുണ്ട്​. അന്നാണ്​ ആ കളിയോട്​ ആദ്യം പ്രണയബദ്ധനായത്​. ചാപ്പലുമാർ, ലില്ലി, തോമോ...പിന്നെ ബ്രോഡ്​കാസ്റ്റിനിടയിലുള്ള ആ ബീജീസ്​ ഗാനങ്ങളും. ആസ്​ട്രേലിയയിലെ ക്രിക്കറ്റ്​ പതിയെ അഡിക്​ഷനായി മാറുകയായിരുന്നു.ഇപ്പോൾ ഏറെ മുതിർന്നെങ്കിലും കുട്ടിക്കാലത്തെ ആ പ്രണയാതുര സ്വപ്​നങ്ങളിലേക്ക്​ കളി ഇപ്പോഴും വലിച്ചുകൊണ്ടുപോവുകയാണ്​. റേഡിയോ യുഗം​ ടെലിവിഷന്‍റെ മായക്കാഴ്ചകൾക്ക്​ വഴിമാറിയിരിക്കുന്നു. നിശബ്​ദതക്കിടയിലൂടെ ഹർഷ ഭോഗ്​ലെയുടെ മധുര ശബ്​ദം പരന്നൊഴുകുന്നു. 'ആ ശബ്​ദമൊന്നു കുറക്ക്​..' ഭാര്യ തെല്ല്​ പരിഭവത്തോടെ പറയുന്നു. തുണയില്ലാത്ത ക്രിക്കറ്റ്​ ആരാധകൻ ആയിരിക്കുന്നത്​ ഒട്ടും എളുപ്പമല്ല.

കളി കണ്ടിരിക്കവേ, ആദ്യ കപ്പ്​ കാപ്പിയെടുത്ത്​ മൊത്തിക്കുടിച്ചുകൊണ്ടിരിക്കു​േമ്പാൾ രോഹിത്​ ശർമ പുറത്തായി. ഇന്ത്യയുടെ സാധ്യതകളെച്ചൊല്ലി ആധി ഉടലെടുക്കുകയാണ്​. തന്‍റെ ബാറ്റുകൊണ്ട്​ ഒരു മത്സരം ജയിക്കാനുള്ള രോഹിതിന്‍റെ കഴിവിൽ ബോധ്യമുള്ളതുകൊണ്ടാണത്​. 'ഇനി നമ്മൾ സമനിലക്കുവേണ്ടിയാണ്​ കളിക്കേണ്ടത്​..അങ്ങനെയെങ്കിൽ നമുക്ക്​ ബോർഡർ-ഗവാസ്​കർ ട്രോഫി നിലനിർത്താമല്ലോ' -മുംബൈയിലുള്ള പഴയ സുഹൃത്തിന്​ മെസേജയച്ചു. ബ്രിസ്​ബേനിലെ ഏറ്റവും പു​തിയ കാലാവസ്​ഥാ ​വിവരണങ്ങൾ ഗൂഗിളിൽ തെരഞ്ഞു. വരുമെന്നു പറഞ്ഞ ഇടിയും മിന്നലും മഴയോടൊപ്പം എത്താത്തതെന്തേ എന്ന്​ നിരാശപ്പെട്ടു. അപ്പോഴേക്കും മുംബൈയിൽനിന്ന്​ സുഹൃത്തിന്‍റെ ആത്​മവിശ്വാസം തുളുമ്പുന്ന മറുപടിയെത്തി. 'നിങ്ങൾ ആകുലപ്പെടാതെ മനുഷ്യാ..ശുഭ്​മാനും പന്തും വേണ്ടതു ചെയ്യും'.21 വയസ്സേയുള്ളൂ ശുഭ്​മാന്​. ആകെ മൂന്നു ടെസ്റ്റുകളുടെ പാകത. എന്നാൽ, ഇന്ത്യക്കുവേണ്ടി ബാറ്റു ചെയ്യാൻ നിയോഗിക്കപ്പെട്ടവനെപ്പോലെയായിരുന്നു അവ​െന്‍റ കളിയും ഭാവവും. ഓസീസിന്‍റെ പടുകോട്ടയായ ഗാബയിലെ ബൗൺസിനോട്​ പൊരുത്തപ്പെടാനാവി​െല്ലന്ന്​ ടിം പെയ്​നേ വിക്കറ്റിനുപിന്നിൽനിന്ന്​ പിറുപിറുത്തുകൊണ്ടിരുന്നു. 1988ലാണ്​ ഈ മണ്ണിൽ ആസ്​ട്രേലിയ അവസാനമായി തോറ്റത്​. ശുഭ്​മാൻ ഗിൽ ജനിച്ചത്​ 1999ലും. നിങ്ങൾ വളരെ ചെറുപ്പമാണെങ്കിൽ ചരിത്രം വിട്ടുകളയാനുള്ള സൗകര്യമുണ്ട്​. റിയർവ്യൂ മിററിൽ നോക്കേണ്ട ആവശ്യം അ​േപ്പാൾ നിങ്ങൾക്കില്ല. ഉദാത്തമായ ശൈലിയിൽ ഗിൽ ​േഷാട്ടുകളുതിർത്തുകൊണ്ടിരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞത്​ ശോഭനമായ കരിയറിൽ ഇനി പിറക്കാനിരിക്കുന്ന നൂറുകണക്കിന്​ ടെസ്​റ്റ്​ റണ്ണുകളാണ്​.

ക്രീസിന്‍റെ മറ്റേ അറ്റത്ത്​ അപ്പോഴുള്ള ബാറ്റ്​സ്​മാൻ ടെസ്റ്റിൽ 6000ലേറെ റൺസ്​ കുറിച്ചവനായിരുന്നു. മോഡേൺ ക്രിക്കറ്റിന്‍റെ കണക്കുകൂട്ടലുകൾക്കൊത്തയാളല്ല ഒരിക്കലും ചേതേശ്വർ പൂജാര. കളിയിൽ ഇക്കാലത്തൊരു മ്യൂസിയം പീസ്​ പോലെ തോന്നിപ്പിക്കുമയാൾ. എങ്ങനെയാണോ ടെസ്റ്റ്​ ക്രിക്കറ്റ്​ കളി​േക്കണ്ടത്,​ അതുപോലെയാണ്​ അയാൾ ബാറ്റേന്തുക. സുനിൽ ഗവാസ്​കർ യുഗത്തെ​ ക്രീസിൽ പൂജാര എ​േപ്പാഴും ഓർമിപ്പിച്ചുകൊണ്ടേയിരിക്കും. കറകളഞ്ഞ പ്രതിരോധ രീതികൾ കൊണ്ട്​ എതിരാളികളെ കുഴയ്​ക്കും. സ്​ട്രൈക്ക്​ റേറ്റിനെ മറന്നേക്കൂ...കരുത്തുറ്റ ഈ ഓസീ പേസ്​ അറ്റാക്കിനെ നേരിടാൻ കഴിയുന്ന ഒരു കളിക്കാരൻ ടീമിലുണ്ടായിരിക്കണം. മിക്ക കളിക്കാരും ഹെഡ്​ജ്​ ഫണ്ട്​ കണക്കെ ബാറ്റു ചെയ്യുന്ന കാലത്ത്​ നിങ്ങൾക്കൊരു ഫിക്​സഡ്​ ഡെ​േപാസിറ്റ്​ ആവശ്യമാണ്​. ഇന്ത്യക്കത്​ പുജാരയാണ്​.

ആസ്​ട്രേലിയ അയാളെ ഷോർട്ട്​ ബോളുകൾ കൊണ്ട്​ പൊതിഞ്ഞു. ഹെൽമറ്റിലും കൈയിലും വിരലിലുമെല്ലാം തുടരെത്തുടരെ ഏറുകൾ കൊണ്ടു. എന്നാൽ, സൗരാഷ്​ട്രയിൽനിന്നുള്ള ക്രിക്കറ്റ്​ പോരാളിയായ പൂജാര ഒട്ടും ചൂളിയില്ല. ഓസീസിന്‍റെ ദീർഘകായരായ രണ്ടു പേസർമാർ -പാറ്റ്​ കമ്മിൻസും ജോഷ്​ ഹേസൽവുഡും-യുദ്ധമു​ഖത്തെന്ന പോലെ അയാളെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു. പുജാരക്ക്​ പ​േക്ഷ, തരിമ്പും കൂസലുണ്ടായില്ല.അർഹിച്ച സെഞ്ച്വറിക്ക്​ അൽപമകലെ ഗിൽ വീണപ്പോൾ എത്തിയത്​ നായകൻ അജിൻക്യ രഹാനെ. പുജാരയെപ്പോലെ അസാധാരണത്വം അൽപമുള്ളയാളാണ്​ രഹാനെയും. രൺവീർ സിങ്ങിന്‍റെ കാലത്തെ​ നമ്മുടെ അമോൽ പലേക്കർ. അടുത്ത വീട്ടിലെ കുട്ടിയെന്നു തോന്നിക്കുന്നവനാണവൻ. നിശബ്​ദതയും നാണവും കൊണ്ട്​ ഒളിപ്പിച്ചുനിർത്തുന്ന ഉൾക്കരുത്തുണ്ട്​ രഹാനെക്ക്​. മെൽബണിലെ മാച്ച്​ വിന്നിങ്​ സെഞ്ച്വറിയും, അന്തസ്സും ആകർഷകത്വവുമുള്ള ക്യാപ്​റ്റൻസിയും അതാണ്​ ​െതളിയിക്കുന്നത്​. വിരാട്​ കോഹ്​ലിയെപ്പോലെ ഒരു ക്യാപ്​റ്റന്‍റെ റോളിലേക്ക്​ ഒരു പരമ്പരക്കിടയിൽ ഉയർന്നുനിൽക്കേണ്ട അവസരത്തിൽ അതവൻ ഗംഭീരമായിത്തന്നെ നിർവഹിച്ചു. മെൽബണിലെ സെഞ്ച്വറി നേട്ടത്തിൽ അഭിനന്ദിച്ച്​ മെസേജ്​ അയച്ച​േപ്പാൾ 'താങ്ക്​ യൂ സർ, ഹാപ്പി ന്യൂ ഇയർ' എന്ന്​ അത്രയും വിനയത്തോടെ ഉടൻ മറുപടി അയക്കുന്ന താരമാണവൻ.

22പന്തിൽ 24 റൺസെടുത്ത്​ നായകൻ മടങ്ങു​േമ്പാൾ മത്സരം ശരിക്കും തുലാസിലാടുകയായിരുന്നു. പുതുസഹസ്രാബ്​ദ തലുമറയിലെ മറ്റൊരു താരമായ ഋഷഭ്​ പന്തിന്‍റെ കടന്നുവരവായിരുന്നു പിന്നെ. ഐ.പി.എൽ നൽകിയ പ്രശസ്​തിയും കോടികളുടെ കരാറുകളും സിക്സറുകളുടെ മാലപ്പടക്കം തീർക്കാനുള്ള കരുത്തുമെല്ലാം പന്തിന്‍റെ പേരിനൊപ്പം ചേർന്നുകഴിഞ്ഞിട്ടുണ്ട്​. എടുത്തുചാട്ടക്കാരനും ക്ഷിപ്രകോപിയുമായി കരിയറിന്‍റെ തുടക്കത്തിലേ മുദ്ര ചാർത്തപ്പെട്ടിരുന്ന പന്തിന്​ വൈറ്റ്​ബാൾ ടീമിൽ സ്​ഥാനം നഷ്​ടമായിരുന്നു. അസ്​ഥിരമായ ബാറ്റിങ്ങിനു പുറമെ കീപ്പിങ്ങും നിരന്തര നിരീക്ഷണത്തിനുള്ളിലായിരുന്നു. തൊട്ടുമുമ്പ്​ സിഡ്​നിയിൽ നടന്ന ടെസ്റ്റിൽ 97 തകർപ്പൻ റണ്ണുകളടിച്ചാണ്​ പന്ത്​ ബ്രിസ്​ബേനിലേക്കെത്തിയത്​. അവിശ്വസനീയ ജയത്തിന്‍റെ പടിവാതിൽക്കൽ ആ ഇന്നിങ്​സ്​ ടീമിനെ കൊണ്ടെത്തിച്ചിരുന്നു. ആസ്​ട്രേലിയ അവനെ ഭയപ്പെട്ടിരുന്നുവെന്നത്​ സത്യമാണ്​. പന്ത്​ ഗാർഡെടുക്കു​​േമ്പാൾ ചിതറിത്തെറിക്കുന്ന ഫീൽഡിങ്​ വിന്യാസം തന്നെയാണ്​ അതിന്‍റെ തെളിവ്​. അതീവ പ്രതി​ഭാശേഷിയും ആരെയും കൂസാത്ത ചങ്കുറപ്പും...ഒരു 23കാരനുവേണ്ട മാരക ചേരുവകൾ വേണ്ടുവോളമുണ്ട്​ അവന്‍റെയുള്ളിൽ. ക്രീസിൽ നിലയുറപ്പിക്കാൻ അവൻ ത​േന്‍റതായ സമയമെടു​ത്തേക്ക​ും. കലഹപ്രിയനായ ഒരു സുമോ ഗുസ്​തിക്കാരൻ എതിരാളിയെ മലർത്തിയടിക്കുംമുമ്പ്​ മെരുക്കുന്നതുപോലുള്ള പ്രക്രിയയാണത്​. നതാൻ ലിയോണിന്‍റെ ഒരു ബാൾ ക്രീസിലെ പൊട്ടലിൽ വീണ് ഡിഫൻസീവ്​ നീക്കങ്ങൾക്ക്​ പിടികൊടുക്കാതെ വെട്ടിത്തിരിയുന്നു. അടു​ത്ത പന്തിൽ പക്ഷേ, സ്​റ്റെപ്​ ഒൗട്ട്​ ചെയ്​ത്​ ​േലാങ്​ ഓണിലൂടെ കൂറ്റൻ സിക്​സിന്​ പറത്തുന്നു. നൂറാം ടെസ്റ്റ്​ കളിക്കുന്ന ഓഫ്​സ്​പിന്നർ ല​ിയോൺ ​ആദരസമന്വിതമായ അദ്​ഭുതത്തോടെയും അവിശ്വസനീയ​തയോടെയും ആ യുവ ബാറ്റ്​സ്​മാനെ നോക്കുന്നു. അ​േപ്പാൾ കമന്‍ററി ബോക്​സിൽനിന്ന്​ ​ഷെയ്​ൻ വോൺ ഇങ്ങനെ പറയുന്നു -'പന്ത്​ ഒരു മണിക്കൂർ ക്രീസിൽനിന്നാൽ ഈ മത്സരം ആസ്​ട്രേലിയയുടെ വരുതിയിൽനിന്ന്​ പോവും'.ചായക്കു പിരിയു​േമ്പാൾ മഴയുടെ സൂചനകളൊന്നുമുണ്ടായിരുന്നില്ല. 37 ഓവറിൽ അപ്പോൾ ജയിക്കാൻ വേണ്ടത്​ 145 റൺസ്​. കൈയിലുള്ളത്​ ഏഴു വിക്കറ്റും. ഇന്ത്യ ചരിത്രം രചിക്കുമോ? നേരത്തേ നിശ്ചയിച്ചിരുന്ന ഒരു സൂം കാൾ കാൻസൽ ​െചയ്​തു. അവസാന​ സെഷനിലേക്ക്​ കണ്ണുനട്ട്​ ആ കസേരയിൽ അമർന്നിരുന്നു. ഓസീസിന്​ ന്യൂബാളെടുക്കാനുണ്ട്​. അവരുടെ അവസാന ആശ്രയം. പരമ്പരയിലുടനീളം ഒരു സിംഹത്തിന്‍റെ ഹൃദയവുമായാണ്​ പാറ്റ്​ കമ്മിൻസ്​ പന്തെറിഞ്ഞത്​. പൂജാരയെയും മായങ്ക്​ അഗർവാളിനെയും പുറത്താക്കി അയാൾ വർധിതവീര്യനുമാണ്​.

പന്ത്​ അപ്പോഴും ക്രീസിലുണ്ട്​. മോശം പന്തുകൾ മാത്രം തെരഞ്ഞെടുത്ത്​ ശിക്ഷിച്ചാണ്​ മുന്നോട്ടുപോകുന്നത്​. ജയിക്കാൻ 50ന്​ മുകളിൽ മാത്രം റൺസ്​ വേണ്ടിയിരിക്കേ, അവനൊപ്പം ഐ.പി.എല്ലിലെയും അണ്ടർ 19ലെയും മറ്റൊരു സ്റ്റാറായ വാഷിങ്​ടൺ സുന്ദർ ​ചേരുന്നു. വാഷിങ്​ടൺ തന്‍റെ ആദ്യ ടെസ്റ്റാണ്​ കളിക്കുന്നത്​. അവന്‍റെ ഭാവഹാവാദികളിൽനിന്ന്​ അത്​ നിങ്ങൾക്ക്​ മനസ്സിലാകി​െല്ലന്നുമാത്രം. ഇപ്പോഴത്തെ യുവകളിക്കാർ അസാമാന്യമായ ആത്​മവിശ്വാസവും ത​േന്‍റടവുമുള്ളവരാണ്​. ധീരരും കരുത്തരുമായ 'പുതിയ' ഇന്ത്യയാണ്​ ഇവരുടെ വരവോടെ ക്രീസിൽ ദൃശ്യമാകുന്നത്​. ആദ്യ ഇന്നിങ്​സിൽ അർധശതകം നേടിയ സുന്ദർ അതിന്‍റെ തുടർച്ചയെന്നോണം​ രണ്ടാമിന്നിങ്​സിലും ബാറ്റുവീശി​. കമ്മിൻസിനെ തീർത്തും ഭയരഹിതമായാണ്​ അവൻ സിക്​സിനു പറത്തിയത്.

സ്​കോർ 300 കടന്നുകഴിഞ്ഞു. ഇനി വേണ്ടത്​ 28 റൺസ്​. ലക്ഷ്യത്തിലേക്ക്​ മുന്നോട്ടുനീങ്ങവേ, റിവേഴ്​സ്​ സ്വീപിനുള്ള ശ്രമത്തിൽ സുന്ദർ പുറത്തായി. ആറോവറോളം ബാക്കിയു​ള്ളപ്പോൾ ഇനി പത്തു റൺസ്​ കൂടി മതി. ആസ്​ട്രേലിയ ഏറക്കുറെ കീഴടങ്ങിക്കഴിഞ്ഞു. അപാരമായ പോരാട്ടത്തിന്‍റെ അവിശ്വസനീയ ഫിനിഷിങ്ങിലേക്കുള്ള വഴിയിൽ പന്ത്​ വിറകൊള്ളാ​തെ നിലകൊണ്ടു. ഹേസൽവുഡിന്‍റെ ഷോർട്​ ബാളിനെ ഹുക്​ ചെയ്​ത്​ അതിർത്തി കടത്തിയതോടെ കാത്തിരുന്നതിനടുത്തേക്ക്​. പന്തിന്‍റെ മുഖത്ത്​ പുഞ്ചിരി വിരിഞ്ഞു. ഇന്ത്യൻ മാജിക്​ ഷോയാണ്​ ക്രീസിൽ വിടരുന്നത്​. തളർച്ചയോടെ ഹേസൽവുഡ്​ ഒന്നു ചുമൽ കുലുക്കി.


ആസ്​ട്രേലിയ ഏറക്കുറെ പ്രതീക്ഷകൾ ഉപേക്ഷിച്ചു കഴിഞ്ഞിരുന്നു. വിന്നിങ്​ ഷോട്ട്​ ഉതിർക്കാനുള്ള ശ്രമത്തിനിടെ, ഒന്നാമിന്നിങ്​സിലെ ടോപ്​സ്​കോറർ ശാർദുൽ താക്കൂറിനെ പിടികൂടിയിട്ടും അവരുടെ മുഖം തെളിഞ്ഞില്ല. മൂന്നു റൺസ്​ മാത്രം വേണ്ട​േപ്പാൾ മൂന്നു വിക്കറ്റുണ്ട്​ കൈയിൽ. പന്തിന്‍റെ ഓഫ്​ ഡ്രൈവിൽ ആ വീരചരിതം പൂർണമായി. ഗാബയെന്ന പടുകോട്ടയിൽ വിള്ളൽ സൃഷ്​ടിക്കുക മാത്രമായിരുന്നില്ല ഇന്ത്യ. അത്​ വളരെ മ​േനാഹരമായും ആധികാരികമായും കീഴടക്കുകയായിരുന്നു. ആ നിമിഷത്തിലെ ഹീറോയെ ആലിംഗനം ചെയ്യാൻ പന്തിന്‍റെ ടീമംഗങ്ങൾ കളത്തിലേക്ക്​ ഇരച്ചെത്തി. ബിഗ്​ സ്​റ്റേജിൽ പന്ത്​ തന്‍റെ പ്രതിഭയെ വിളംബരം ചെയ്യുകയായിരുന്നു. പ​േക്ഷ, അവൻ ഒറ്റക്കായിരുന്നി​ല്ലെന്ന്​ മാത്രം. ടീം എഫർട്ടിന്‍റെ മൂർത്തമായ പ്രകടനമായിരുന്നു ചരിത്രപ്പിറവിയിലേക്ക്​ വഴിതെളിച്ചത്​.

കോച്ച്​ രവിശാസ്​ത്രി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. 1983 ലെ ലോകകപ്പ്​ ചാമ്പ്യനും 1985ലെ ചാമ്പ്യൻ ഓഫ്​​ ചാമ്പ്യനുമാണ്​ അദ്ദേഹം. ഇപ്പോൾ പിന്നാമ്പുറത്തെ തന്ത്രങ്ങളിൽ ഉത്തുംഗതയിലെത്തിനിൽക്കുന്നു​ അദ്ദേഹം. ആദ്യ ടെസ്റ്റിൽ വെറും 36 റൺസിന്​ ഓൾഔട്ടാവുകയും വിദഗ്​ധരെല്ലാം എഴുതിത്തള്ളുകയും ചെയ്​ത ടീം ഈവിധം ചരിത്രമെഴുതണമെങ്കിൽ അതിനുപിന്നിൽ അനൽപമായ ആത്​മവിശ്വാസവും നിശ്ചയദാർഢ്യവും അനിവാര്യമാണ്​. തന്‍റെ ക്രിക്കറ്റിങ്​ കരിയർ വർധിത വീര്യമായ മനസ്സുറപ്പിൽ കെട്ടിപ്പടുത്ത ശാസ്​ത്രി, ആ പോരാട്ടവീര്യം അടുത്ത തലമുറയിലേക്കും പകർന്നുനൽകിയിരിക്കുന്നു. പരിക്ക്​, കാണികളിൽനിന്നുള്ള വംശീയ പരാമർ​ശങ്ങൾ, ബയോ-ബബ്​ൾ ആശങ്കകൾ....പ്രതിസന്ധികൾ ഒന്നിനുപിന്നാലെ ഒന്നായി വന്നപ്പോഴും ഈ ഇന്ത്യൻ ടീം തല കുനിച്ചില്ല.

അതുകൊണ്ടാണ്​ 2021ലെ ബ്രിസ്​ബേനും, ഈ പരമ്പരയും വിദേശത്തെ ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്നായി വാഴ്​ത്തപ്പെടുന്നത്​. ഇത്​ പിറവി കൊള്ളാൻ ഇതിലും നല്ലൊരു സമയമില്ല. ഈ മഹാമാരിയുടെ കാലത്ത്​, ലോകം അത്രയും ഭീതിയിലൂടെയും നിരാശയിലൂടെയും കടന്നു​പോകുന്ന സമയത്ത്​, ഹൈ ക്വാളിറ്റി സ്​പോർട്​സ്​ എന്നത്​ ഒരു ആഢംബരം തന്നെയായി തോന്നുന്നു. ഇത്തരമൊരു വീരഗാഥ ഇന്ത്യൻ ടീം തന്നെ രചിക്കു​േമ്പാഴാണ്​ അത്​ എക്​സ്​ട്രാ ​സ്​പെഷൽ ആയി മാറുന്നത്​. അതുകൊണ്ട്​ അജിൻക്യ രഹാനെ..ടീം ഇന്ത്യ...ഈ ചൊവ്വാഴ്ച അത്രയും സ്​മരണീയമാക്കിയതിൽ നിങ്ങളോട്​ ഒരുപാട്​ നന്ദിയുണ്ട്​. കളിയുടെ സ​ന്തോഷം ആഘോഷിക്കാൻ നിങ്ങൾ അത്ര നല്ല സന്ദർഭമാണ്​ പകർന്നുനൽകിയത്​. അഭിമാനവും സ്​നേഹവും നിറച്ചുവെച്ച്​ പുഞ്ചിരിക്കാൻ നിങ്ങൾ ഞങ്ങൾക്ക്​ അവസരമേകി..സന്തോഷം നിറഞ്ഞ ഒരു തുള്ളി കണ്ണീർ പൊഴിക്കാനും. ഈ സങ്കടക്കാലത്ത്​ ഇതുപോലെ അനുഗൃഹീതവും പരമാനന്ദകരവുമായ നിമിഷം ഞങ്ങൾക്ക്​ ആവശ്യമായിരുന്നു..താങ്ക്​ യൂ.


(കടപ്പാട്​: scroll.in മൊഴിമാറ്റം: എൻ.എസ്​. നിസാർ)

Show Full Article
TAGS:Ajinkya Rahane Indian Cricket Team Rajdeep Sardesai 
News Summary - Thank you Rahane and Co, in gloomy times
Next Story