രണ്ടാം ടെസ്റ്റ് സമനിലയിൽ; വെസ്റ്റിൻഡീസിനെതിരെ ഇന്ത്യക്ക് പരമ്പര (1-0)
text_fieldsപോർട്ട് ഓഫ് സ്പെയിൻ: വെസ്റ്റിൻഡീസിനെതിരായ രണ്ടു ടെസ്റ്റുകളും ജയിച്ച് പരമ്പര തൂത്തുവാരാമെന്ന ഇന്ത്യയുടെ മോഹം മഴയിൽ കുതിർന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് 2023-25 സൈക്കിളിലെ ആദ്യ പരമ്പര 1-0ത്തിന് ഇന്ത്യക്ക് സ്വന്തമാക്കാനായെങ്കിലും പോയന്റ് പട്ടികയിൽ നഷ്ടമുണ്ടാക്കി.
രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം പൂർണമായും മഴയെടുത്തതാണ് മത്സരത്തെ വിരസമായ സമനിലയിലെത്തിച്ചത്. എട്ടു വിക്കറ്റ് കൈയിലിരിക്കെ ജയത്തിലേക്ക് 289 റൺസിന്റെ ദൂരമുണ്ടായിരുന്നു വിൻഡീസിന്. ഇന്ത്യക്ക് ഏറിയ പ്രതീക്ഷ നൽകിയെങ്കിലും അഞ്ചാം നാളായ തിങ്കളാഴ്ച ഒരു പന്തുപോലും എറിയാനാവാതെ പിൻവാങ്ങേണ്ടിവന്നു.
സ്കോർ: ഇന്ത്യ-438 & 181/2 ഡിക്ല., വെസ്റ്റിൻഡീസ്- 255 & 76/2. ഒന്നാം ഇന്നിങ്സിൽ അഞ്ചു വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ പേസർ മുഹമ്മദ് സിറാജാണ് പ്ലെയർ ഓഫ് ദ മാച്ച്. ഇന്ത്യ കുറിച്ച 365 റൺസ് ലക്ഷ്യം പിന്തുടർന്ന വിൻഡീസ് നാലാം ദിനം കളി നിർത്തുമ്പോൾ രണ്ടു വിക്കറ്റിന് 72ലായിരുന്നു. മത്സരം സമനിലയിലായതോടെ ആദ്യ ടെസ്റ്റിൽ ഇന്നിങ്സ് ജയം നേടിയ ഇന്ത്യക്ക് പരമ്പരയും കിട്ടി.
ലോക ചാമ്പ്യൻഷിപ്: ഇന്ത്യ രണ്ടാമത്
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ പരമ്പര 1-0ത്തിന് ജയിച്ച ഇന്ത്യ പാകിസ്താന് പിന്നിൽ രണ്ടാം സ്ഥാനത്താണിപ്പോൾ. വെസ്റ്റിൻഡീസിനെതിരായ പരമ്പരയോടെയാണ് ഇന്ത്യ ലോക ചാമ്പ്യൻഷിപ് 2023-25ൽ അങ്കം കുറിച്ചത്.
രണ്ടാം മത്സരം സമനിലയിലായപ്പോൾ ഇന്ത്യയുടെ ജയ-പരാജയ ശതമാനം 66.67 ആണ്. ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റ് ജയിച്ച പാകിസ്താൻ നൂറുശതമാനത്തോടെ ഒന്നാമതുണ്ട്. ആഷസ് പരമ്പരയിൽ കളിക്കുന്ന ആസ്ട്രേലിയയും (54.17) ഇംഗ്ലണ്ടുമാണ് (29.17) മൂന്നും നാലും സ്ഥാനങ്ങളിൽ. കഴിഞ്ഞ രണ്ടു ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പുകളിലും ഇന്ത്യ ഫൈനലിൽ തോൽക്കുകയായിരുന്നു.
ഏകദിന പരമ്പര വ്യാഴാഴ്ച മുതൽ; ഹെറ്റ്മെയർ വിൻഡീസ് ടീമിൽ
കരീബിയൻ പര്യടനത്തിൽ ഇന്ത്യക്ക് ഇനി ബാക്കിയുള്ളത് മൂന്ന് ഏകദിനങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളുമാണ്. ഏകദിന പരമ്പരയിൽ രോഹിത് ശർമ തന്നെ നയിക്കും.
ട്വന്റി20യിൽ ഹാർദിക് പാണ്ഡ്യയാണ് നായകൻ. ഒന്നാം ഏകദിനം വ്യാഴാഴ്ച ബ്രിഡ്ജ്ടൗണിൽ നടക്കും. യുവ ബാറ്റർ ഷിമ്രോൺ ഹെറ്റ്മെയറിനെയും പേസർ ഓശാനെ തോമസിനെയും വെസ്റ്റിൻഡീസ് ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

